Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രേലിയക്കാർ എന്നെ ‘തല്ലിച്ചതയ്ക്കുമ്പോൾ’ ഹാർദിക് ചിരിച്ചുമറിഞ്ഞു: ക്രുനാൽ

hardik-krunal ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ

സിഡ്നി∙ ബ്രിസ്ബേനിൽ നടന്ന ഒന്നാം ട്വന്റി20 മൽസരത്തിൽ ഓസ്ട്രേലിയൻ താരങ്ങൾ ഗ്ലെൻ മാക്സ്‍വെല്ലിന്റെ നേതൃത്വത്തിൽ തന്നെ അടിച്ചൊതുക്കുമ്പോൾ, ഇന്ത്യൻ താരം കൂടിയായ സഹോദരൻ ഹാർദിക് പാണ്ഡ്യ കളിയാക്കി ചിരിക്കുകയായിരുന്നുവെന്ന് ക്രുനാൽ പാണ്ഡ്യ. നാല് ഓവറിൽ 55 റൺസ് വഴങ്ങിയ എന്റെ ‘പ്രകടനം’ കണ്ട് അവൻ ചിരിച്ചുമറിഞ്ഞു. തിരിച്ച് അവനിട്ടാണ് ഇങ്ങനെ ‘അടി’ കിട്ടുന്നതെങ്കിൽ താനും അതു തന്നെ ചെയ്തേനെയന്നും ക്രുനാൽ പറഞ്ഞു. സിഡ്നി ട്വന്റി20യിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ പ്രകടനത്തിനുശേഷം സംസാരിക്കുകായിരുന്നു ക്രുനാൽ.

ക്രുനാൽ ഇന്ത്യൻ ടീമിൽ പുതുമുഖമാണെങ്കിലും ഇളയ സഹോദരനായ ഹാർദിക് പാണ്ഡ്യ ടീമിലെ സ്ഥിരം സാന്നിധ്യമാണ്. നിലവിൽ പരുക്കുമൂലം വിശ്രമിക്കുന്ന ഹാർദിക്, ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുൻപ് കായികക്ഷമത വീണ്ടെടുത്ത് ടീമിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ഹാർദിക്കിന്റെ അഭാവത്തിൽ ടീമിലെത്തിയ ക്രുനാലാകട്ടെ, ആറാമത്തെ മാത്രം ട്വന്റി20 മൽസരത്തിലാണ് കളിയിലെ കേമൻ പട്ടം നേടിയത്. നാല് ഓവറിൽ 36 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് ക്രുനാലിന് പുരസ്കാരം നേടിക്കൊടുത്തത്.

‘ക്രിക്കറ്റിനെക്കുറിച്ച് ഞാനും ഹാർദിക്കും കാര്യമായി സംസാരിക്കാറില്ല. ഇത്തവണ ഞങ്ങൾ സംസാരിച്ചിരുന്നു. അതുപക്ഷേ, നാല് ഓവറിൽ 50ൽ അധികം റൺസ് വഴങ്ങിയതിന് എന്നെ കളിയാക്കാനായിരുന്നു. അവന്റെ പ്രകടനം മോശമാകുമ്പോൾ ഇതിലും ക്രൂരമായി ഞാനും കളിയാക്കാറുള്ളതാണ്’ – ക്രുനാൽ പറഞ്ഞു.

‘ബ്രിസ്ബേനിൽ നാല് ഓവറിൽ 55 റൺസ് വിട്ടുകൊടുത്തത് എനിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. ആ മൽസരത്തിനുശേഷം അടുത്ത 24 മണിക്കൂർ എങ്ങനെയാണ് തള്ളിനീക്കിയതെന്ന് എനിക്ക് ഓർക്കാൻ പോലും പറ്റുന്നില്ല. മികച്ച പ്രകടനം നടത്താൻ എനിക്കു സാധിക്കുമെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നു’ – ക്രുനാൽ പറഞ്ഞു.

‘രാജ്യാന്തര തലത്തിൽ അവസരം കിട്ടി ടീമിൽ ഇടം നേടാൻ ശ്രമിക്കുമ്പോൾ നാല് ഓവറിൽ അൻപതിൽ അധികം റൺസ് വിട്ടുകൊടുക്കുന്നത് എത്ര വേദനാജനകമാണ്. എനിക്കു വളരെ നിരാശ തോന്നിയിരുന്നു. എന്തായാലും ഈ നിരാശയിൽനിന്ന് മികച്ച പ്രകടനത്തിലൂടെ തിരിച്ചുവരാനായതിൽ സന്തോഷമുണ്ട്. അടുത്ത രണ്ടു മൽസരങ്ങളിലും പുറത്തെടുക്കാനായ പ്രകടനം എന്റെ ആത്മവിശ്വാസം ഉയർത്തി. ആത്യന്തികമായി ട്വന്റി20 ഇങ്ങനെയാണ്. ഒരു ദിവസം നിങ്ങൾക്ക് നല്ല പ്രഹരം കിട്ടും. മറ്റൊരു ദിവസം വിക്കറ്റുകളും’ – ക്രുനാൽ പറഞ്ഞു.

തീർത്തും മോശമായ പ്രകടനത്തിനുശേഷം ഇതുപൊലുള്ളൊരു പ്രകടനവുമായി നടത്തുന്ന തിരിച്ചുവരവ് എക്കാലവും വളരെ സംതൃപ്തി നൽകുന്നതാണ്. ഒരു ദിവസം നമ്മൾ തീർത്തും മോശമായിപ്പോവുകയും മറ്റൊരു ദിവസം അതേ എതിരാളികൾക്കെതിരെ ടീമിന് വിജയം സമ്മാനിക്കുകയും ചെയ്യുന്നത് ചെറിയ കാര്യമാണോ? എന്തായാലും രാജ്യാന്തര ക്രിക്കറ്റിന് അനുയോജ്യനാണ് ഞാനെന്ന് സ്വയം ബോധ്യപ്പെടുത്താൻ പറ്റി. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള പ്രയാണത്തിന് എനിക്ക് ഏറ്റവും ആത്മവിശ്വാസം നൽകുന്ന പ്രകടനമാണ് ഇത്’ – ക്രുനാൽ വ്യക്തമാക്കി.

ഒരുവശത്ത് ഓസീസ് ബാറ്റ്സ്മാൻമാരെ സമ്മർദ്ദിലാക്കി കുൽദീപ് യാദവ് നടത്തിയ ബോളിങ് പ്രകടനമാണ് വിക്കറ്റെടുക്കാൻ തന്നെ സഹായിച്ചതെന്നും ക്രുനാൽ പറഞ്ഞു. ‘നമ്മുടെ സ്പിൻ പങ്കാളി മികച്ച രീതിയിൽ ബോൾ ചെയ്യുമ്പോൾ അതിന്റെ ഗുണം കിട്ടുന്നത് നമുക്കു കൂടിയാണ്. പരസ്പരം ആശയങ്ങൾ പങ്കുവച്ചാണ് ഞങ്ങൾ ബോൾ ചെയ്തത്. ഓരോ മൽസരങ്ങൾക്കുശേഷവും ബോളിങ് മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചില ടിപ്പുകൾ കുൽദീപ് എനിക്കു നൽകാറുണ്ട്. സാഹചര്യങ്ങൾക്ക് അനുസരിച്ച് ബോൾ ചെയ്യാൻ എന്നെ സഹായിക്കുന്നതു കുൽദീപാണ്. ഒരുവശത്ത് അദ്ദേഹം എതിരാളികളെ സമ്മർദ്ദിലാക്കിയതോടെയാണ് മറുവശത്ത് എനിക്കു വിക്കറ്റുകൾ നേടാനായത്. എന്റെ പ്രകടനം നന്നായിട്ടുണ്ടെങ്കിൽ അതിൽ കുൽദീപിനും വലിയ പങ്കുണ്ട്’ – ക്രുനാൽ പറഞ്ഞു.

related stories