മിതാലിക്ക് ഇന്ത്യ രണ്ടാമതു മാത്രം: പൊവാർ, ഇത് ജീവിതത്തിലെ ഇരുണ്ട ദിനം: മിതാലി

മിതാലി രാജ്, രമേഷ് പൊവാർ

മുംബൈ∙ ട്വന്റി20 ലോകകപ്പിനു പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ ഉടലെടുത്ത പ്രതിസന്ധി കടുക്കുന്നു. പരിശീലകൻ രമേഷ് പൊവാർ, ഇടക്കാല ഭരണസമിതി അംഗം ഡയാന എഡുൽജി എന്നിവർക്കെതിരെ മിതാലി രാജ് ബിസിസിഐയ്ക്ക് ഇ മെയിൽ സന്ദേശം അയച്ചതോടെ വഷളായ പ്രതിസന്ധി, മിതാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പൊവാർ ബിസിസിഐയ്ക്കു റിപ്പോർട്ടു നൽകിയതോടെ കൂടുതൽ ഗുരുതരമായി. ഇന്ത്യൻ ടീമിനേക്കാളും വ്യക്തിഗത നേട്ടങ്ങൾക്കും സ്വന്തം താൽപര്യങ്ങൾക്കും മാത്രം പ്രാധാന്യം നൽകുന്ന വ്യക്തിയാണ് മിതാലിയെന്ന് പൊവാർ റിപ്പോർട്ടിൽ വ്യക്തമാക്കി.

ഇതിനു പിന്നാലെ, തന്റെ ജീവിതത്തിലെ ഇരുണ്ട ദിനമാണ് ഇത് എന്ന് വ്യക്തമാക്കി മിതാലി രാജും രംഗത്തെത്തി. ട്വിറ്റിലൂടെയാണ് പരിശീലകന്റെ ആരോപണങ്ങളോട് മിതാലി പ്രതികരിച്ചത്. ‘എന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ വളരെയധികം സങ്കടവും വേദനയും ഉളവാക്കുന്നു. ഈ കളിയോടും 20 വർഷത്തെ കരിയറിൽ രാജ്യത്തോടും പുലർത്തിയ പ്രതിജ്ഞാബദ്ധതയും കഠിനാധ്വാനവും വിയർപ്പുമെല്ലാം വെറുതെയായി. ഇന്ന് എന്റെ ദേശസ്നേഹവും സംശയിക്കപ്പെട്ടിരിക്കുന്നു. എന്റെ കഴിവുകൾ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. എന്റെ ജീവിതത്തിലെ ഇരുണ്ട ദിനമാണിത്. സഹിക്കാൻ ദൈവം ശക്തി തരട്ടെ’ – മിതാലി ട്വിറ്റിൽ കുറിച്ചു.

നേരത്തെ, വെസ്റ്റ് ഇൻഡീസിൽ സമാപിച്ച ട്വന്റി20 ലോകകപ്പിൽ ടീമിന്റെ പ്രകടനം വിശകലനം ചെയ്ത് പരിശീലകനെന്ന നിലയിൽ ബിസിസിഐയ്ക്കു സമർപ്പിച്ച റിപ്പോർട്ടിലാണ് മിതാലിക്കെതിരെ തനിക്കു പറയാനുള്ള ന്യായങ്ങൾ പൊവാർ അക്കമിട്ടു നിരത്തിയത്. ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ മിതാലിയെ പുറത്തിരുത്തിയതോടയാണ് വിവാദത്തിന്റെ തുടക്കം. മൽസരം ഇന്ത്യ തോറ്റതോടെ മിതാലിയെ പുറത്തിരുത്തിയത് വലിയ വിമർശനം വരുത്തിവച്ചിരുന്നു. പരിശീലകരെ തുടർച്ചയായി ഭീഷണിപ്പെടുത്തുകയും സമ്മർദ്ദിലാക്കുകയും ചെയ്യുന്ന പതിവ് മിതാലിക്കുണ്ടെന്നും പൊവാർ ആരോപിച്ചു. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യാൻ സമ്മതിച്ചില്ലെങ്കിൽ വിരമിക്കുമെന്നു വരെ മിതാലി ഭീഷണിപ്പെടുത്തിയതായും പൊവാർ വ്യക്തമാക്കി.

പൊവാറിന്റെ റിപ്പോർട്ടിൽനിന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്ത ചില പരാമർശങ്ങൾ ഇങ്ങനെ:

∙ സീനിയർ അംഗവും മുൻ ക്യാപ്റ്റനുമായിരുന്നിട്ടും ടീം മീറ്റിങ്ങുകളിൽ മിതാലി കാര്യമായ അഭിപ്രായങ്ങളൊന്നും പറയില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയിട്ടും പ്രശംസിച്ചൊരു വാക്കുപോലും മിണ്ടിയില്ല.

∙ സാഹചര്യങ്ങൾ മനസ്സിലാക്കാനും ടീമുമായി താദാത്മ്യപ്പെടാനും മിതാലിക്കു സാധിക്കുന്നില്ല. ടീം പ്രതീക്ഷിക്കുന്നതെന്താണെന്ന് നോക്കാതെ വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി മാത്രം കളിച്ചു.

∙ ബാറ്റു ചെയ്യുമ്പോൾ ആവശ്യമായ വേഗം കണ്ടെത്താൻ ശ്രമിക്കാതെ മറ്റു താരങ്ങളെക്കൂടി അനാവശ്യമായി സമ്മർദ്ദിലാക്കി. പരിശീലകനെന്ന നിലയിൽ വലിയ ഷോട്ടുകൾ കളിക്കുന്ന കാര്യത്തിൽ മിതാലിയെ സഹായിക്കാൻ പരമാവധി ശ്രമിച്ചു. ഇതിനു പുറമെ ബാറ്റിങ് കൂടുതൽ മെച്ചപ്പെടുത്താനും വിക്കറ്റുകൾക്കിടയിലൂടെയുള്ള ഓട്ടത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാനും ഓരോ പരിശീലന സെഷനിലും സഹായിച്ചിട്ടുണ്ട്.

∙ പരിശീലന മൽസരങ്ങളിൽ വേഗത്തിൽ സ്കോർ ചെയ്യാനാകാതെ മിതാലി വിഷമിക്കുന്നുണ്ടായിരുന്നു. വിക്കറ്റ് തീർത്തും വേഗത കുറഞ്ഞതും ബൗണ്‍സില്ലാത്തതുമായിരുന്നു. ഇതും മിതാലിയുടെ ബാറ്റിങ്ങിനെ ബാധിച്ചു. ആവശ്യത്തിന് അനുസരിച്ച് ക്രമപ്പെടാനുള്ള താൽപര്യം അവർ കാട്ടിയില്ല. കായികക്ഷമതയുടെയും പ്രതിഭയുടെയും കുറവുകൊണ്ട് കുനിയാനോ മികച്ച ഷോട്ടുകൾ കളിക്കാനോ സാധിച്ചിരുന്നില്ല.

ഇതിനു പുറമെ, സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു മാത്രമായി മിതാലി കോച്ചിങ് സ്റ്റാഫിനെ സ്വാധീനിച്ചതായും പൊവാർ ആരോപിച്ചു. ഇതിന് ടീമിന്റെ താൽപര്യങ്ങൾ ബലികഴിച്ചു. പരിശീലകരെ ഭീഷണിപ്പെടുത്തുകയും സമ്മർദ്ദിലാക്കുകയും ടീമിനു മുകളിൽ വ്യക്തിതാൽപര്യങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്തു. കുറച്ചുകൂടി വിപുലമായ രീതിയിൽ കാര്യങ്ങൾ കാണാനും വനിതാ ക്രിക്കറ്റിന്റെ വളർച്ചയ്ക്കായി പ്രയത്നിക്കാനും മിതാലി ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും പൊവാർ കുറിച്ചു.

ലോകകപ്പിലെ രണ്ടാം മൽസരത്തിനു തലേന്ന് പാക്കിസ്ഥാനെ നേരിടും മുൻപ്, ഓപ്പൺ ചെയ്യാൻ സമ്മതിച്ചില്ലെങ്കിൽ ഉടൻ വിരമിക്കുമെന്നും നാട്ടിലേക്കു മടങ്ങുമെന്നും മിതാലി ഭീഷണിപ്പെടുത്തി. ന്യൂസീലൻഡിനെതിരായ ആദ്യ മൽസരത്തിൽ മിതാലി ബാറ്റു ചെയ്തിരുന്നില്ല. ഈ മൽസരത്തിലാണ് ട്വന്റി20 ലോകകപ്പിലെ റെക്കോർഡ് സ്കോർ ഇന്ത്യ കുറിച്ചത്. മധ്യനിരയിലാണ് മിതാലി ബാറ്റു ചെയ്യേണ്ടതെന്ന് നേരത്തേ തന്നെ അവരോടു പറഞ്ഞിരുന്നു.

പരിശീലന സമയത്ത് വേഗത്തിൽ റൺസെടുക്കാൻ മിതാലി ബുദ്ധിമുട്ടിയതിനാലാണ് മധ്യനിരയിലേക്കു മാറ്റിയത്. പിച്ചിൽ വേഗം കുറവായിരുന്നതിനാലും സ്പിന്നിനെതിരെ കളിക്കാൻ ബുദ്ധിമുട്ടായിരുന്നതിനാലും പവർപ്ലേ ഓവറുകളിൽ പരമാവധി റൺസ് കണ്ടെത്താനാണ് താരങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. ഈ സമയത്ത് മിതാലിയേക്കാൾ ഉചിതം വമ്പനടികൾക്കു കെൽപ്പുള്ള മറ്റു താരങ്ങളാണെന്ന് തോന്നിയതിനാലാണ് അവരെ മധ്യനിരയിലേക്കു മാറ്റിയത്.

ഈ പദ്ധതി മിതാലിയും അംഗീകരിച്ചിരുന്നു. മിതാലിക്കു വേഗം കുറവായതിനാലാണ് ഓപ്പണിങ് സ്ഥാനത്ത് ടാനിയ ഭാട്യയെ കൊണ്ടുവന്നത്. വമ്പനടികൾക്കു സാധിക്കുന്ന ഭാട്യ, വേഗത്തിൽ റൺസ് കണ്ടെത്താനും മിടുക്കിയാണ്. ന്യൂസീലൻഡിനെതിരായ മൽസരത്തിൽ ടാനിയയെയും ഹേമലതയെയും നമ്മൾ പവർപ്ലേ സമയത്ത് ഉപയോഗിച്ചിരുന്നു. 13 പന്തിൽ ഇരുവരും 24 റൺസ് നേടുകയും ചെയ്തു. എപ്പോഴും വ്യക്തിഗത നേട്ടങ്ങൾ മാത്രം നോക്കിയാൽ പോരാ, ടീമിന്റെ താൽപര്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും പൊവാർ ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാനെതിരായ മൽസരത്തിനു തലേന്ന്, മിതാലി വിരമിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത തന്നെ ഞെട്ടിച്ചതായും പരിശീലകൻ വെളിപ്പെടുത്തി. പാക്കിസ്ഥാനെതിരായ മൽസരത്തിൽ ഓപ്പൺ ചെയ്യാൻ അവസരം നൽകാത്തതിൽ മിതാലി പ്രതിഷേധത്തിലാണെന്ന് ഫീൽഡിങ് പരിശീലകൻ ബിജു ജോർജ് അറിയിച്ചുവെന്ന വാർത്തയുമായി വിഡിയോ അനലിസ്റ്റ് പുഷ്കർ സാവന്താണ് എന്റെ റൂമിലെത്തിയത്. ബാഗും സാധനങ്ങളും എല്ലാം എടുത്തുവച്ച മിതാലി, വിരമിക്കൽ പ്രഖ്യാപിച്ച് തിരിച്ചുപോകാനുള്ള തയാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞാണ് അറിഞ്ഞത്.

ഇതുകേട്ട് ഞാൻ ഞെട്ടിപ്പോയി. കരുത്തരായ എതിരാളികൾക്കെതിരെ ടീം വിജയിച്ചിട്ടും മിതാലിയെപ്പോലൊരു താരം അവരുടെ ബാറ്റിങ് പൊസിഷനെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടിരിക്കുന്നു. മാത്രമല്ല, വിരമിക്കാനും തയാറെടുക്കുന്നു. സീനിയർ താരങ്ങളുടെ ഇത്തരം മനോഭാവം എന്നെ സങ്കടത്തിലാഴ്ത്തി. മിതാലിയെ സംബന്ധിച്ച് അവരാണ് എല്ലായ്പ്പോലും ആദ്യം. അതുകഴിഞ്ഞേ ഇന്ത്യയ്ക്ക് സ്ഥാനമുള്ളൂ.

ഇതോടെ എല്ലാ പ്രശ്നങ്ങളും ഒഴിവാക്കാൻ പാക്കിസ്ഥാനെതിരെ മിതാലി തന്നെ ഓപ്പൺ ചെയ്യട്ടെയെന്ന് ഞാൻ ക്യാപ്റ്റൻ ഹർമൻപ്രീതിനെയും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയെയും അറിയിച്ചു. ഇക്കാര്യം മിതാലിയെയും അറിയിച്ചു. ടീമിനൊപ്പമുള്ള സിലക്ടറുടെ സമ്മർദ്ദത്തെ തുടർന്നും വിരമിക്കുമെന്ന മിതാലിയുടെ ഭീഷണിയെത്തുടർന്നുമാണ് അന്ന് അവർക്ക് ഓപ്പൺ ചെയ്യാൻ അവസരം നൽകിയത്.

പാക്കിസ്ഥാനെതിരെ 134 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, അവസാന ഓവറുകളിലാണ് വിജയത്തിലെത്തിയത്. ഈ മൽസരം നേരത്തേതന്നെ തീർക്കേണ്ടതായിരുന്നു. മിതാലി അർധസെഞ്ചുറി നേടിയെങ്കിലും ഇതുപോലുള്ള പ്രധാന മൽസരങ്ങളിൽ നെറ്റ് റൺറേറ്റ് പ്രധാനപ്പെട്ടതാണെന്നുകൂടി ഓർക്കണം.

മിതാലി 47 പന്തിൽ 56 റൺസ് നേടിയെങ്കിലും അതിനിടെ റണ്ണെടുക്കാതെ പാഴാക്കിയത് 17 പന്തുകളാണ്. എന്നിട്ടും മൂന്നാമത്തെ മൽസരത്തിൽ അയർലൻഡിനെതിരെയും മിതാലിക്ക് ഓപ്പണിങ്ങിൽ അവസരം നൽകി. ഈ മൽസരത്തിലും മിതാലി അർധസെഞ്ചുറി നേടുകയും പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടുകയും ചെയ്തു. ആ മൽസരത്തിലും മിതാലി 51 പന്തിൽ 56 റൺസ് നേടുന്നതിനിടെ 25 പന്തുകൾ റണ്ണെടുക്കാതെ വിട്ടു. മിതാലിയുടെ അയഞ്ഞ കളി സ്മൃതി മന്ഥന, ജെമീമ റോഡ്രിഗസ് എന്നിവർ അനാവശ്യ സമ്മർദ്ദം സൃഷ്ടിക്കുകയും അവരുട വിക്കറ്റുകൾ നഷ്ടമാക്കുകയും ചെയ്തു. മാത്രമല്ല, നെറ്റ് റൺറേറ്റിനെയും ഇതു ബാധിച്ചു.

എല്ലാ മൽസരങ്ങളിലും അടിച്ചുകളിക്കണമെന്ന എന്റെ നിർദ്ദേശത്തെ മിതാലി ചോദ്യം ചെയ്തു. ഇതോടെ സെമിഫൈനലിനു തലേന്ന് ഞങ്ങൾക്കിടയിൽ അസ്വാരസ്യങ്ങളുണ്ടായി. ഇതോടെ വനിതാ ക്രിക്കറ്റിലെ പ്രധാന താരമായിട്ടും പരിശീലകൻ ആവശ്യത്തിനു ശ്രദ്ധ നൽകുന്നില്ലെന്ന പരാതിയുമായി അവർ ടീം മാനേജർ തൃപ്തി ഭട്ടാചാര്യയുടെ അടുത്തെത്തി. മനോഭാവത്തിലുള്ള അവരുടെ ഇത്തരം പ്രശ്നങ്ങൾക്ക് വേറെയും ഉദാഹരണങ്ങളുണ്ട്. പരിശീലനത്തിൽ പങ്കെടുക്കുന്നതിലുള്ള താൽപര്യക്കുറവും പലപ്പോഴും പ്രകടമായിരുന്നു. ഒടുവിൽ ടെലഫോണിലൂടെ ബിസിസിഐയെ സമീപിപ്പിച്ചപ്പോൾ, പ്രശ്നം കൂടുതൽ രൂക്ഷമാകാതെ പരിഹരിക്കാനാണ് ക്രിക്കറ്റ് ഓപ്പറേഷൻസ് ജനറൽ മാനേജർ സാബാ കരിം നിർദ്ദേശിച്ചതെന്നും പൊവാർ വെളിപ്പെടുത്തി.