അസ്ഹറിന്റെ വിലക്ക് പിൻവലിച്ചു, എന്റേതോ?: ശ്രീശാന്ത് സുപ്രീംകോടതിയിൽ

ന്യൂഡൽഹി∙ ഐപിഎൽ വാതുവയ്പു കേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടും ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കു പിൻവലിക്കാത്തതിനെതിരെ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് സുപ്രീംകോടതിയിൽ. മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനെതിരായ വിലക്കു പിൻവലിക്കപ്പെട്ടെങ്കിലും തന്റെ കാര്യത്തിൽ അതുണ്ടായില്ലെന്ന് ശ്രീശാന്ത് കോടതിയെ ബോധിപ്പിച്ചു. ഇപ്പോഴും തനിക്കെതിരായ വിലക്കു തുടരുന്നത് ‘അതി കഠിന’മാണെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടി.

2013ലെ ഐപിഎൽ വാതുവയ്പുകേസിൽ ഡൽഹി കോടതി ശ്രീശാന്തിനെ 2015ൽ കുറ്റവിമുക്തനാക്കിയിരുന്നു. വാതുവയ്പുമായി ബന്ധപ്പെട്ട് മുഹമ്മദ് അസ്ഹറുദ്ദീന് ബിസിസിഐ 2000ൽ ഏർപ്പെടുത്തിയ വിലക്ക് നിയമവിരുദ്ധമാണെന്ന് 2012ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതു കൂടി ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദാണ് കേസിൽ ശ്രീശാന്തിനായി സുപ്രീംകോടതിയിൽ ഹാജരായത്.

അതേസമയം, 2015ലെ വിചാരക്കോടതി വിധിക്കെതിരായ ഹർജി ‍ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, ജനുവരി രണ്ടാമത്തെ ആഴ്ച വാദം കേൾക്കാമെന്ന് ശ്രീശാന്തിനെ അറിയിച്ചു. അശോക് ഭൂഷൺ, അജയ് റാസ്തോഗി എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നിർദ്ദേശം.

തന്റെ കക്ഷിക്ക് ഇപ്പോൾത്തന്നെ 35 വയസ്സായെന്നു ചൂണ്ടിക്കാട്ടിയ സൽമാൻ ഖുർഷിദ്, ഇനിയും കളത്തിലേക്ക് മടങ്ങാൻ അദ്ദേഹത്തെ അനുവദിക്കാത്തത് കടുത്ത നീതിനിഷേധമാകുമെന്ന് ചൂണ്ടിക്കാട്ടി. ബ്രിട്ടനിലെ ക്ലബ് ക്രിക്കറ്റിൽ കളിക്കാനുള്ള ക്ഷണം ശ്രീശാന്തിനു മുന്നിലുണ്ടെന്നും വിലക്കു നീക്കിയാൽ അദ്ദേഹത്തിന് അതു സ്വീകരിക്കാനാകുമെന്നും ഖുർഷിദ് കോടതിയെ അറിയിച്ചു.

ശ്രീശാന്തിനു പുറമെ വാതുവയ്പു വിവാദത്തിൽ ഉൾപ്പെട്ട ആർക്കും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും ഖുർഷിദ് ചൂണ്ടിക്കാട്ടി. അതേസമയം, വാതുവയ്പു സംഭവത്തിൽ ശ്രീശാന്തിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഈ സാഹചര്യത്തിലാണ് വിലക്ക് നീക്കാത്തതെന്നും ബിസിസിഐയ്ക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ പരാഗ് ത്രിപാഠി അറിയിച്ചു.

നേരത്തെ, കൗണ്ടി ക്രിക്കറ്റിൽ കളിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ശ്രീശാന്ത് ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധിക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ തീർപ്പാക്കാൻ ഡൽഹി ഹൈക്കോടതിയോടു നിർദ്ദേശിക്കുകയാണ് അന്ന് സുപ്രീംകോടതി ചെയ്തത്. കളത്തിലേക്കു മടങ്ങാനുള്ള ശ്രീശാന്തിന്റെ ‘ആവേശം’ മനസ്സിലാക്കുന്നുവെങ്കിലും അപ്പീലിൻമേൽ തീരുമാനമാകുന്നതുവരെ കാത്തിരിക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം. നേരത്തെ, വിലക്കു നീക്കണമെന്ന ശ്രീശാന്തിന്റെ ഹർജി കേരള ഹൈക്കോടതിയിൽ സിംഗിൾ ബെഞ്ച് അംഗീകരിച്ചെങ്കിലും, ബിസിസിഐയുടെ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് വിലക്ക് നിലനിർത്തി ഉത്തരവിട്ടിരുന്നു.