ഓസീസിന് ജയിക്കാൻ 219 റൺസ്കൂടി, ഇന്ത്യയ്ക്ക് 6 വിക്കറ്റും; അവസാനദിനം കസറും!

ഓസീസിനെതിരായ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. (ചിത്രം: ഐസിസി)

അഡ്‍ലെയ്ഡ്∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മോഹിപ്പിക്കുന്നൊരു വിജയത്തിന് അരികെ ഇന്ത്യ. രണ്ടാം ഇന്നിങ്സിൽ 307 റൺസിനു പുറത്തായ ഇന്ത്യ അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഓസീസിനു മുന്നിൽ ഉയർത്തിയത് 323 റൺസ് വിജയലക്ഷ്യം. നാലാം ദിനം കളി നിർത്തുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് എന്ന നിലയിലാണ് ആതിഥേയർ. അവസാന ദിനം ഓസീസിനു വിജയത്തിലേക്കു വേണ്ടത് 219 റൺസാണ്. ഇന്ത്യയ്ക്ക് വീഴ്ത്തേണ്ടത് ആറു വിക്കറ്റും.

ഇന്ത്യയുടെ പേസ്–സ്പിൻ ആക്രമണത്തെ ചെറുത്തു ക്രീസിൽ തുടരുന്ന ഷോൺ മാർഷിലാണ് ആതിഥേയരുടെ പ്രതീക്ഷ. ഇതുവരെ 92 പന്തുകൾ നേരിട്ട മാർഷ് മൂന്നു ബൗണ്ടറി സഹിതം 31 റൺസോടെയാണ് ക്രീസിൽ തുടരുന്നത്. ആദ്യ ഇന്നിങ്സിൽ ഓസീസിന്റെ ടോപ് സ്കോററായ ട്രാവിസ് ഹെഡ് 11 റൺസോടെയും ക്രീസിലുണ്ട്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ആരോൺ ഫിഞ്ച് (35 പന്തിൽ 11), മാർക്കസ് ഹാരിസ് (49 പന്തിൽ 26), ഉസ്മാൻ ഖവാജ (42 പന്തിൽ എട്ട്), പീറ്റർ ഹാൻഡ്സ്കോംബ് (14) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായത്. ഹാരിസിനെയും ഹാൻഡ്സ്കോംബിനെയും ഷാമിയും മറ്റു രണ്ടുപേരെ അശ്വിനുമാണ് പുറത്താക്കിയത്. സ്പിന്നിനെയും പേസിനെയും ഒരുപോലെ പിന്തുണയ്ക്കുന്ന പിച്ചിൽ അവസാന ദിനം ഓസീസിന്റെ പ്രതിരോധം എത്രനേരം നീണ്ടുനിൽക്കും എന്നതാണ് ചോദ്യം. നങ്കൂരമിട്ടു കളിക്കുന്നതിൽ മിടുക്കനായ ഖവാജ പുറത്തായത് അവർക്കു ക്ഷീണമാകും.

∙ അർധസെഞ്ചുറിയമായി പൂജാര, രഹാനെ

മൂന്നിന് 151 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയുടെ തുടക്കം തകർപ്പനായിരുന്നു. നാലാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ചേതേശ്വർ പൂജാര–അജിങ്ക്യ രഹാനെ സഖ്യം ഇന്ത്യയെ അനായാസം 200 കടത്തി. എന്നാൽ സ്കോർ 234ൽ നിൽക്കെ പൂജാരയെ നഥാൻ ലിയോൺ മടക്കിയത് വഴിത്തിരിവായി. പിന്നീട് മികച്ച കൂട്ടുകെട്ടുകൾക്കു സാധിക്കാതെ ഇന്ത്യ തകർന്നു. നാലാം വിക്കറ്റിൽ പൂജാര–രഹാനെ സഖ്യം കൂട്ടിച്ചേർത്തത് 87 റൺസ്. രോഹിത് ശർമ വെറും ഒരു റണ്ണുമായി തുടർച്ചയായ രണ്ടാം ഇന്നിങ്സിലും ലിയോണിനു വിക്കറ്റ് സമ്മാനിച്ചു.

എന്നാൽ, ആറാം വിക്കറ്റിൽ 34 റണ്‍സ് കൂട്ടിച്ചേർത്ത് രഹാനെ–പന്ത് സഖ്യം ഇന്ത്യൻ സ്കോർ 280 കടത്തി. ഏകദിന ശൈസിലിയൽ തകർത്തടിച്ച പന്തിനെയും വീഴ്ത്തിയത് ലിയോമ്‍. 16 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 28 റൺസായിരുന്നു പന്തിന്റെ സമ്പാദ്യം. 18 പന്തിൽ അഞ്ചു റൺസുമായി അശ്വിൻ പുറത്തായതിനു പിന്നാലെ രഹാനെയുടെ പ്രതിരോധവും തകർന്നു. 147 പന്തിൽ ഏഴു ബൗണ്ടറികളോടെ 70 റൺസെടുത്ത രഹാനെയെ ലിയോൺ സ്റ്റാർക്കിന്റെ കൈകളിലെത്തിച്ചു. അശ്വിനെയും ഇഷാന്തിനെയും പുറത്താക്കി സ്റ്റാർക്ക് മൂന്നു വിക്കറ്റ് നേടിയപ്പോൾ ഷമിയെ പുറത്താക്കി ലിയോൺ ആറു വിക്കറ്റ് തികച്ചു.

മുരളി വിജയ് (18), കെ.എൽ. രാഹുൽ (44), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (34) എന്നിവരുടെ വിക്കറ്റുകൾ മൂന്നാം ദിനം തന്നെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.

∙ മഴ, ലയൺ, വിക്കറ്റ്

ആദ്യ 2 ദിനങ്ങൾ തൊട്ടു പിന്നാലെ ഓടിയ ഓസ്ട്രേലിയയെ മൂന്നാം ദിനം ഇന്ത്യ ശരിക്കും പിന്നിലാക്കി. ഇടയ്ക്കു പെയ്ത മഴ 3 തവണയാണ് കളി തടസ്സപ്പെടുത്തിയത്. ഏഴിന് 191 എന്ന നിലയിൽ കളി തുടർന്ന ഓസ്ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 200 കടന്നെങ്കിലും പിന്നാലെ ഇന്ത്യ ആഞ്ഞടിച്ചു. ബുമ്രയുടെ പന്തിൽ സ്റ്റാർക് (15) ഋഷഭ് പന്തിന്റെ കയ്യിലേക്കു പോയി. ഷമിയാണ് കളി തീർത്തത്.

ഓസ്ട്രേലിയൻ ഇന്നിങ്സിനു നങ്കൂരമിട്ട ട്രാവിസ് ഹെഡ് (72) എ‍ഡ്ജ് ചെയ്ത പന്ത് ഋഷഭിന്റെ കയ്യിൽ. അടുത്ത പന്തിൽ ഹെയ്സൽവുഡും (0) അതേ പോലെ മടങ്ങി. ലയൺ 24 റൺസുമായി പുറത്താകാതെ നിന്നു.

∙ കോഹ്‌ലിക്കു കൂവൽ

ഫീൽഡിൽ ഓരോ ഓസ്ട്രേലിയൻ വിക്കറ്റുകളും ആവേശത്തോടെ ആഘോഷിച്ച കോഹ്‌ലിയെ കൂവലോടെയാണ് ഓസീസ് കാണികൾ വരവേറ്റത്. എന്നാൽ കോഹ്‌ലി ഒട്ടും പ്രകോപിതനായില്ല. ഒട്ടും തിടുക്കമില്ലാത്ത കളി. പൂജാരയും ശ്രദ്ധിച്ചു കളിച്ചതോടെ ഇന്ത്യയുടെ റൺറേറ്റ് താഴ്ന്നു. 149 പന്തിലാണ് ഇരുവരും 50 റൺസ് കൂട്ടുകെട്ട് കടന്നത്.

ഒരിക്കൽകൂടി ലയണിന്റെ പന്തിൽ ഡിആർഎസ് വഴി പൂജാര എൽബിയിൽ നിന്നു രക്ഷപ്പെടുകയും ചെയ്തു. ഇത്തവണ പന്തിനു ബൗൺ‍സ് കൂടുതലായിരുന്നു. ഇന്ത്യ കളിയിൽ കാലൂന്നി എന്ന് ഉറപ്പിച്ചു നിൽക്കെ ലയൺ ആഞ്ഞടിച്ചു. മുന്നോട്ടു കയറി ഡിഫൻഡ് ചെയ്ത കോഹ്‌ലിക്കു പിഴച്ചു. ഷോർട്ട് ലെഗിൽ ഫിഞ്ചിനു അനായാസ ക്യാച്ച്. ഓസ്ട്രേലിയയ്ക്കു സമാധാനം!

ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റിൽ 1000 റൺസ് കടക്കുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി വിരാട് കോഹ്‌ലി. സച്ചിൻ തെൻഡുൽക്കർ(1809), വിവിഎസ് ലക്ഷ്മൺ(1236), രാഹുൽ ദ്രാവിഡ്(1143) എന്നിവരാണു മുന്നിൽ.

∙ ധോണിക്കൊപ്പം പന്ത്

ഒരു ഇന്നിങ്സിൽ ഏറ്റവും ക്യാച്ചെടുക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡിൽ ഇനി ധോണിക്കൊപ്പം ഋഷഭ് പന്തും. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സിൽ 6 പേരെയാണ് വിക്കറ്റിനു പിന്നിൽ പന്ത് പിടികൂടിയത്. 2009ൽ ന്യൂസീലൻഡിനെതിരെ ആയിരുന്നു ധോണിയുടെ നേട്ടം.