ഓസീസ് മണ്ണിൽ 1000 റൺസ്; സച്ചിനും ലക്ഷ്മണിനും ദ്രാവിഡിനുമൊപ്പം കോഹ്‍ലി

അഡ്‌ലെയ്ഡ്∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പുതിയ നാഴികക്കല്ലു താണ്ടി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. അഡ്‌ലെയ്ഡിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം 34 റൺസുമായി പുറത്തായെങ്കിലും, ഓസ്ട്രേലിയൻ മണ്ണിൽ ഓസീസിനെതിരെ ടെസ്റ്റിൽ 1,000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായി കോഹ്‍ലി മാറി. വെറും ഒൻപതു ടെസ്റ്റുകളിൽനിന്നാണ് കോഹ്‍ലിയുടെ ഓസീസ് മണ്ണിലെ ടെസ്റ്റ് റൺ സമ്പാദ്യം 1000 കടന്നത്. 

20 ടെസ്റ്റുകളിൽനിന്നും 53.20 റൺസ് ശരാശരിയിൽ 1809 റൺസ് നേടിയിട്ടുള്ള സച്ചിനാണ് ഇന്ത്യൻ താരങ്ങളിൽ മുന്നിലുള്ളത്. 15 ടെസ്റ്റുകളിൽനിന്ന് 1236 റൺസുമായി വി.വി.എസ്. ലക്ഷ്മൺ രണ്ടാമതും 15 ടെസ്റ്റുകളിൽനിന്നു തന്നെ 1143 റൺസുമായി വൻമതിൽ രാഹുൽ ദ്രാവിഡ് മൂന്നാം സ്ഥാനത്തുമാണ്. വീരേന്ദർ സേവാഗും ഓസീസ് മണ്ണിൽ ടെസ്റ്റിൽ 1000 റൺസ് പിന്നിട്ടിട്ടുണ്ടെങ്കിൽ അതിൽ 83 റൺസ് ഐസിസി ലോക ഇലവനു വേണ്ടി കളിക്കുമ്പോൾ നേടിയതാണ്. ഇതു മാറ്റിനിർത്തിയാൽ 10 ടെസ്റ്റുകളിൽനിന്ന് 948 റണ്‍സാണ് സേവാഗ് ഓസീസ് മണ്ണിൽ നേടിയിട്ടുള്ളത്.

ലോക ക്രിക്കറ്റിലെ മുഴുവൻ താരങ്ങളെയും പരിഗണിച്ചാൽ ഓസീസ് മണ്ണിൽ 1000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന 28–ാമത്തെ സന്ദർശക ടീം അംഗമാണ് കോഹ്‍ലി. ഇതിനു പുറമെ, ക്യാപ്റ്റനെന്ന നിലയിൽ വിദേശ മണ്ണിൽ 2000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായും കോഹ്‍ലി മാറി.

2014–15 സീസണിൽ ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനത്തിനെത്തിയപ്പോൾ ടെസ്റ്റ് പരമ്പരയിൽ കാഴ്ചവച്ച മിന്നുന്ന പ്രകടനമാണ് കോഹ്‍ലിക്ക് അതിവേഗം 1000 റൺസ് പിന്നിടാൻ കരുത്തായത്. അന്ന് നാലു ടെസ്റ്റുകളിൽനിന്ന് നാലു സെഞ്ചുറികൾ സഹിതം 86.25 റൺ ശരാശരിയിൽ കോഹ്‍ലി 692 റൺസ് നേടിയിരുന്നു.