31, 41, 31, 41, 31; ഈ കൂട്ടുകെട്ടുകൾക്ക് ഒടുവിൽ ഓസീസ് തോറ്റത് 31 റൺസിന്!

അഡ്‌ലെയ്ഡ്∙ ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 31 റൺസിനു തോറ്റെങ്കിലും, ഓസ്ട്രേലിയയ്ക്ക് അഭിമാനിക്കാൻ വക നൽകുന്ന പ്രകടനമായിരുന്നു ഓസീസ് വാലറ്റത്തിന്റേത്. പ്രത്യേകിച്ചും രണ്ടാം ഇന്നിങ്സിൽ. അവസാന മൂന്നു വിക്കറ്റിൽ മാത്രം 104  റൺസ് കൂട്ടിച്ചേർത്ത ഓസീസ് വാലറ്റം, ഒരു ഘട്ടത്തിൽ ഇന്ത്യയെ ശരിക്കു വിറപ്പിക്കുകയും ചെയ്തു.

എന്നാൽ, രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിൽ തകർന്ന ഓസീസ് പിന്നീടു പടുത്തുയർത്തിയ കൂട്ടുകെട്ടുകളിലുമുണ്ട്, കൗതുകം. അഞ്ചു മുതൽ ഒൻപതു വിക്കറ്റുകൾ വരെയുള്ള സമയത്ത് 31, 41, 31, 41, 31 എന്നിങ്ങനെയായിരുന്നു ഓസീസ് പടുത്തുയർത്തിയ കൂട്ടുകെട്ടുകൾ. 10–ാം വിക്കറ്റിൽ മാത്രം ഇതു 32 റണ്‍സായി!

മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ ഉൾപ്പെടെയുള്ളവർ ട്വിറ്ററിലൂടെ ഈ കൗതകക്കണക്കു ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. അഞ്ചു മുതൽ വിക്കറ്റുകളിലെ ഓസീസ് പ്രകടനം ഇങ്ങനെ:

5-ാം വിക്കറ്റ്: 31 (ഷോണ്‍ മാർഷ് – ട്രാവിസ് ഹെഡ്)

6-ാം വിക്കറ്റ്: 41 (ഷോൺ മാർഷ് – ടിം പെയൻ)

7-ാം വിക്കറ്റ്: 31 (ടിം പെയ്ൻ – പാറ്റ് കമ്മിൻസ്)

8-ാം വിക്കറ്റ്: 41 (പാറ്റ് കമ്മിൻസ് – മിച്ചൽ സ്റ്റാർക്ക്)

9-ാം വിക്കറ്റ്: 31 (പാറ്റ് കമ്മിൻസ് – നഥാൻ ലിയോൺ)

10–ാം വിക്കറ്റ്: 32 (നഥാൻ ലിയോൺ – ജോഷ് ഹെയ്സൽവുഡ്)