ക്യാച്ചുകളിൽ റെക്കോർഡ് പന്തിനു മാത്രമല്ല, ഈ മൽസരത്തിനു കൂടിയാണ്!

അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിലെ വിജയനിമിഷം.

അഡ്‌ലെയ്ഡ്∙ ടെസ്റ്റ് ക്രിക്കറ്റിൽ ഒരുപിടി റെക്കോർഡുകൾക്ക് ജന്മം നൽകിയാണ് അഡ്‌ലെയ്ഡിലെ ഇന്ത്യ–ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു തിരശീല വീഴുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ താരങ്ങൾ ക്യാച്ചിലൂടെ പുറത്തായ മൽസരമേതെന്നു ചോദിച്ചാൽ ഇനി ഉത്തരം ഒന്നുമാത്രം – ഇന്ത്യ–ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്, അഡ്‌ലെയ്ഡ്. ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ വിക്കറ്റ് കീപ്പറെന്ന നേട്ടം ഋഷഭ് പന്ത് സ്വന്തമാക്കുന്നതും ഈ മൽസരത്തിൽ കണ്ടു.

മൽസരത്തിൽ പിറന്ന ചില റെക്കോർഡുകളിലൂടെ: 

∙ ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റിൽ ഇന്ത്യയുടെ ആറാമത്തെ മാത്രം ജയമാണിത്. കഴിഞ്ഞ 35 വർഷത്തിനിടെ ഓസീസ് മണ്ണിൽ നേടുന്ന മൂന്നാമത്തെ ജയവും. ഇതിൽ ആദ്യത്തേത് 2003ൽ അഡ്‌ലെയ്ഡിലായിരുന്നു. രണ്ടാമത്തേത് 2008ൽ പെർത്തിലും. 1977–78 വർഷത്തിൽ ഒരു പരമ്പരയിലെ രണ്ടു ടെസ്റ്റുകൾ ജയിച്ചതാണ് ഓസീസ് മണ്ണിലെ ആദ്യ നേട്ടം. അന്ന് 3–2ന് പരമ്പര അടിയറവു വച്ചു. പിന്നീട് 1980–81 സീസണിലും ഒരു ടെസ്റ്റിൽ വിജയിച്ചു.

∙ 2000നുശേഷം അഡ്‌ലെയ്ഡിൽ രണ്ടു ടെസ്റ്റ് ജയിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ.

∙ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഇന്ത്യ ജയിക്കുന്നത് ഇതാദ്യമാണ്. ഇതിനു മുൻപ് 11 തവണ നടത്തിയ പര്യടനങ്ങളിൽ രണ്ടു തവണ ആദ്യ ടെസ്റ്റ് സമനിലയിലായി. ഒൻപതു ടെസ്റ്റുകൾ ഓസ്ട്രേലിയ ജയിച്ചു.

∙ വിദേശ പര്യടനങ്ങളിൽ ഇന്ത്യ ആദ്യ ടെസ്റ്റ് ജയിക്കുന്നത് അപൂർവമായി സംഭവിക്കുന്ന കാര്യമാണ്. ഇംഗ്ലണ്ടിൽ ഒരു തവണ (1986, ലോർഡ്സ്), ദക്ഷിണാഫ്രിക്കയിൽ ഒരു തവണ (2006, ജൊഹാനസ്ബർഗ്), ന്യൂസീലൻഡിൽ മൂന്നു തവണ, വെസ്റ്റ് ഇൻഡീസിൽ രണ്ടു തവണ എന്നിങ്ങനെ ആദ്യ ടെസ്റ്റ് ഇന്ത്യ ജയിച്ചിട്ടുണ്ട്.

∙ കഴിഞ്ഞ 100 വർഷത്തിനിടെ ഒരു ഓസ്ട്രേലിയൻ ടീം പോലും അഡ്‌ലെയ്ഡിൽ 200നു മുകളിലുള്ള വിജയലക്ഷ്യം മറികടന്നിട്ടില്ല. 15 ടെസ്റ്റുകൾ കളിച്ചതിൽ എട്ടെണ്ണം സമനിലയിൽ അവസാനിച്ചപ്പോൾ ഏഴെണ്ണം അവർ തോറ്റു.

∙ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയ്ക്കെതിരെ 200നു റൺസിനു മുകളിലുള്ള വിജയലക്ഷ്യം മറികടക്കാൻ ഒരു ടീമിനും സാധിച്ചിട്ടില്ല. 2006–07 സീസണിൽ കേപ് ടൗണിൽ ഇന്ത്യയ്ക്കെതിരെ വിജയിച്ച ദക്ഷിണാഫ്രിക്കയാണ് ഈ നേട്ടം ഒടുവിൽ കൈവരിച്ചത്. അതിനുശേഷം, ഇത്തരം ടെസ്റ്റുകളിൽ 23 എണ്ണം ഇന്ത്യ വിജയിച്ചു. 11 എണ്ണം സമനിലയിൽ അവസാനിച്ചു.

∙ കഴിഞ്ഞ മൂന്നു സീസണിനിടെ രണ്ടു തവണ ഓസ്ട്രേലിയ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പരയിൽ തോൽവിയോടെ തുടങ്ങി. ഇതിനു മുൻപ് 2016–17 സീസണില്‍‌ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും അവർ തോൽവിയോടെ പരമ്പരയ്ക്കു തുടക്കമിട്ടിരുന്നു. അതിനും മുൻപ് ഓസ്ട്രേലിയ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര തോൽവിയോടെ തുടങ്ങിയത് മൂന്നു പതിറ്റാണ്ടു മുൻപാണ്, വെസ്റ്റ് ഇൻഡീസിനെതിരെ.

∙ ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങളിൽ റൺ അടിസ്ഥാനത്തിൽ ഏറ്റവും ചെറിയ മൂന്നാമത്തെ വിജയമാണ് ഓസീസിനെതിരെ അഡ്‌ലെയ്ഡിൽ നേടിയ 31 റണ്‍സ് വിജയം. 2004–05ൽ ഓസ്ട്രേലിയയ്ക്കെതിരെ മുംബൈയിൽ നേടിയ 13 റൺസ് വിജയമാണ് ഏറ്റവും ചെറുത്. 1972–73ൽ കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 28 റൺസ് ജയമാണ് രണ്ടാമത്.

∙ ആദ്യം ബാറ്റു ചെയ്യുമ്പോൾ 50 റൺസിനു മുൻപ് നാലു വിക്കറ്റ് നഷ്ടമാക്കിയശേഷം ഇന്ത്യ ജയിച്ചു കയറുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. വിദേശത്ത് ഈ നേട്ടം കൈവരിക്കുന്നത് ആദ്യവും. 1974–75ൽ ചെന്നൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെയും 2004–05ൽ ഓസ്ട്രേലിയയ്ക്കെതിരെ മുംബൈയിലുമാണ് മുൻപ് ഇങ്ങനെ ജയിച്ചിട്ടുള്ളത്.

∙ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ടെസ്റ്റ് വിജയിക്കുന്ന ഏഷ്യക്കാരനായ ആദ്യ ക്യാപ്റ്റനാണ് വിരാട് കോഹ്‍ലി. ഒരു കലണ്ടർ വർഷത്തിൽ ഈ രാജ്യങ്ങൾക്കെതിരെ ടെസ്റ്റ് ജയിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ. ഇതിനു മുൻപ് ഉപഭൂഖണ്ഡത്തിനു പുറത്ത് ഇന്ത്യ ഒരു കലണ്ടർ വർഷത്തിൽ മൂന്നു ടെസ്റ്റ് ജയിച്ചത് 1968ൽ ആണ്. അന്ന് ന്യൂസീലൻഡിനെതിരെ അവരുടെ നാട്ടിൽ മൂന്നു ടെസ്റ്റും ഇന്ത്യ ജയിച്ചു.

∙ ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടുന്ന വിക്കറ്റ് കീപ്പറെന്ന ലോക റെക്കോർഡിൽ ഇനി ഇന്ത്യയുടെ ഋഷഭ് പന്തിന്റെ പേരും. ഓസ്ട്രേലിയയ്ക്കെതിരെ അഡ്‍ലെയ്ഡിൽ 11 ക്യാച്ചുകളാണ് പന്തു നേടിയത്. ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സ്, ഇംഗ്ലണ്ടിന്റെ ജാക്ക് റസ്സൽ എന്നിവരും ഇതേ നേട്ടം കൈവരിച്ചിട്ടുണ്ട്. 

∙  ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ ക്യാച്ച് പിറക്കുന്ന മൽസരമായും ഇന്ത്യ–ഓസ്ട്രേലിയ ഒന്നാം ടെസ്റ്റ് മാറി. ഈ വർഷം കേപ്ടൗണിൽ നടന്ന ഓസ്ട്രേലിയ–ദക്ഷിണാഫ്രിക്ക ടെസ്റ്റിൽ പിറന്ന 34 ക്യാച്ചുകളാണ് 35 ആക്കി ഈ മൽസരത്തിൽ പരിഷ്കരിച്ചത്. ഇരു ടീമുകളുടെയും രണ്ടാം ഇന്നിങ്സിൽ 20 താരങ്ങളും ക്യാച്ച് നൽകിയാണ് പുറത്തായത്.