പിച്ചുകാട്ടി പേടിപ്പിക്കേണ്ടെന്ന് കോഹ്‍ലി; ഇതിലും വലുത് ദക്ഷിണാഫ്രിക്കയിൽ കണ്ടിട്ടുണ്ട്!

അഡ്‌ലെയ്ഡ് ടെസ്റ്റിനിടെ വിരാട് കോഹ്‍ലി.

പെർത്ത്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു വേദിയാകുന്ന പെർത്തിലെ പച്ചപ്പേറിയ പുല്ലു കാണുമ്പോൾ ഇന്ത്യൻ ടീമിനു യാതൊരു ഭയവുമില്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ഇവിടെ കളിക്കുന്നതിനെക്കുറിച്ചുള്ള ആകാംക്ഷ മാത്രമാണ് ടീമിനുള്ളതെന്നും കോഹ്‍ലി വ്യക്തമാക്കി. പച്ചപ്പേറിയ പിച്ചുകളിൽ പേസ് ബോളിങ്ങിനു മുന്നിൽ തകർന്നടിയുന്ന ഇന്ത്യൻ രീതി ചർച്ചകളിൽ നിറയുമ്പോഴാണ് ഇവിടെ കാര്യങ്ങൾ തീർത്തും വ്യത്യസ്തമായിരിക്കുമെന്ന മുന്നറിയിപ്പുമായി കോഹ്‍ലിയുടെ രംഗപ്രവേശം. മുൻപും ഇത്തരം പിച്ചുകൾ കണ്ടിട്ടുണ്ടെന്ന് പറഞ്ഞ കോഹ്‍ലി, ഈ വർഷം ആദ്യം ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ കളിച്ച ജൊഹാനസ്ബർഗിലെ പിച്ചിന്റെ അത്ര വരില്ല പെർത്തിലെ പിച്ചെന്നും അവകാശപ്പെട്ടു. നാലു പേസർമാരുമായി കളിച്ച ഇന്ത്യ ഈ മൽസരം ജയിച്ചിരുന്നു.

‘പെർത്തിലെ പച്ചപ്പുള്ള പിച്ചു കാണുമ്പോൾ ഭയത്തേക്കാളേറെ ആകാംക്ഷയാണുള്ളത്. ഏത് എതിരാളികളെയും എറിഞ്ഞിടാൻ സാധിക്കുന്ന ബോളിങ് ആക്രമണം സ്വന്തമായുണ്ട് എന്ന ആത്മവിശ്വാസം ടീമിനുണ്ട്. നിലവിവുള്ള പുല്ലു ചെത്തിക്കളയില്ലെന്നാണ് വിശ്വാസം. ഈ പിച്ചിൽ ടീമെന്ന നിലയിൽ വളരെ സന്തോഷമുണ്ടെന്നും കോഹ്‍ലി വ്യക്തമാക്കി.

‘ബാറ്റിങ് യൂണിറ്റെന്ന നിലയിൽ സ്വയം വെല്ലുവിളി ഉയർത്തി തീർത്തും പോസിറ്റീവായ രീതിയിൽ കളിക്കാനാണ് ശ്രമം. അഡ്‌ലെയ്ഡിൽ മികച്ച പ്രകടനം പുറത്തെടുത്ത ബോളർമാര്‍ ഇവിടെയും മികച്ച രീതിയിൽ പന്തെറിയുമ്പോൾ അതിനുതകുന്ന പിന്തുണ നൽകാനാണ് ബാറ്റ്സ്മാൻമാരുടെ ശ്രമം. അഡ്‌ലെയ്ഡിൽ ലഭിച്ചതിലുമധികം സഹായം പെർത്തിലെ പിച്ചിൽനിന്നു ലഭിക്കുമെന്നാണ് പൂർണ വിശ്വാസം’– കോഹ്‍ലി പറഞ്ഞു.

മൽസരത്തിനു മുന്നോടിയായി 13 അംഗ സാധ്യതാ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. പരുക്കുമൂലം രോഹിത് ശർമയും രവിചന്ദ്രൻ അശ്വിനും പുറത്തായപ്പോൾ, രവീന്ദ്ര ജഡേജയും ഹനുമ വിഹാരിയും പകരക്കാരായി ടീമിലെത്തിയിട്ടുണ്ട്. ഇവർക്കു പുറമെ ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ് എന്നിവരും ടീമിലുള്ളതിനാൽ ആകെ പേസ് ബോളർമാരുടെ എണ്ണം അഞ്ചായിട്ടുണ്ട്. ഇക്കുറി നാലു പേസ് ബോളർമാരുമായി കളിക്കാൻ തീരുമാനിച്ചാൽ അത് ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിൽ മൂന്നാമത്തെ മാത്രം സംഭവമായി മാറും. ഈ വർഷം ആദ്യം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൊഹാനസ്ബർഗിലും 2012ൽ പെർത്തിലെ തന്നെ വാക്ക സ്റ്റേഡിയത്തിലും മാത്രമാണ് ഇന്ത്യ നാലു പേസ് ബോളർമാരുമായി കളിച്ചിട്ടുള്ളത്.

‘കഴിഞ്ഞ 10 വർഷത്തിനിടെ ഞാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കളിച്ചിട്ടുണ്ട്. സത്യസന്ധമായി പറഞ്ഞാൽ ജൊഹാനസ്ബർഗിലേതു പോലൊരു പിച്ച് മറ്റൊരിടത്തും കണ്ടിട്ടില്ല. 2012ൽ പെർത്തിലും ഞാൻ കളിച്ചിട്ടുണ്ട്. എങ്കിലും ജൊഹാനസ്ബർഗിലെ പിച്ചുവച്ചു നോക്കുമ്പോൾ അത് ഒന്നുമായിരുന്നില്ല. ഇത്തരം പിച്ചുകൾ ഞങ്ങൾക്ക് പുതിയ സംഭവമല്ല. ഇത്തരം പിച്ചുകളിൽനിന്ന് പ്രതീക്ഷിക്കേണ്ടത് എന്താണെന്ന വ്യക്തമായ ധാരണ ടീമിനുണ്ട്. പുല്ലു വളർന്നുനിൽക്കുന്ന ഇത്തരം കഠിനമായ പിച്ചുകളിൽ എതിരാളികളെപ്പോലെ തന്നെ സാധ്യത നമുക്കുമുണ്ട്’ – കോഹ്‍ലി പറഞ്ഞു.

‘ഇപ്പോഴത്തേതു പോലുള്ളൊരു പേസ് നിരയെ കിട്ടിയ ഞാൻ ക്യാപ്റ്റനെന്ന നിലയിൽ അതീവ ഭാഗ്യവാനാണ്. നമ്മുടെ പേസർമാരെല്ലാം അവരുടെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്ന സമയമാണിത്. സ്വന്തം അധ്വാനം കൊണ്ട് ടീമിലെത്തിയവരാണ് ഈ അഞ്ചു പേരും. അതുകൊണ്ടുതന്നെ ഇവരെ കണ്ടെത്തിയെന്ന അവകാശവാദം ഉന്നയിക്കാനൊന്നും ഞാനില്ല’ – കോഹ്‍ലി പറഞ്ഞു.

‘മൽസരത്തിൽ അറുന്നൂറോ എഴുന്നൂറോ എണ്ണൂറോ റൺസ് നേടിയാലും എതിരാളികളുടെ 20 വിക്കറ്റും നേടാനാകുന്നില്ലെങ്കിൽ ടെസ്റ്റ് മൽസരം ജയിക്കാനാകില്ല. അതു വളരെ പ്രധാനപ്പെട്ടതാണ്. ബാറ്റ്സ്മാൻമാർക്കു 300 റൺസ് നേടാനാകുകയും ബോളർമാർ 20 വിക്കറ്റും വീഴ്ത്തുകയും ചെയ്താൽ നിങ്ങൾ നല്ലൊരു ടീമാണ്. കഴിഞ്ഞ മൂന്നു പരമ്പരകളിൽ ഇവർ ബോൾ ചെയ്ത രീതി തീർത്തും ആശ്ചര്യകരമാണ്. വിക്കറ്റിനായുള്ള ദാഹവും റൺസ് വിട്ടുകൊടുക്കുന്നതിലെ പിശുക്കും ഇവരെ വ്യത്യസ്തരാക്കുന്നു. ഈ മൽസരം തീർച്ചയായും എല്ലാവർക്കും ആവേശം പകരുന്നൊരു കാഴ്ചയായിരിക്കും’ – കോഹ്‍ലി പറഞ്ഞു.

ഒരു ടെസ്റ്റ് ജയിച്ചതുകൊണ്ടു മാത്രം പോരാട്ടം നിർത്താനാകില്ലെന്നും കോഹ്‍ലി ചൂണ്ടിക്കാട്ടി. ആദ്യ മൽസരത്തിൽ നമുക്കു പുറത്തെടുക്കാനായ നല്ല വശങ്ങളെല്ലാം അടുത്ത മൽസരത്തിലും ആവർത്തിക്കണം. എതിരാളികളുടെ തട്ടകത്തിൽ കളിക്കുന്നത് എല്ലായ്പ്പോഴും വെല്ലുവിളി നിറഞ്ഞ ഒന്നാണ്. നാട്ടിലാണെങ്കിൽപ്പോലും സ്ഥിരത പുലർത്തിയാൽ മാത്രമേ നമുക്കു വിജയം നേടാനാകൂ’ – കോഹ്‍ലി ചൂണ്ടിക്കാട്ടി.

അംപയർമാരുടെ പിഴവുകൾ ഓരോ കളിയുെടയും ഭാഗമാണെന്നും കോഹ്‍ലി പറഞ്ഞു. ചില സമയത്ത് അവരുടെ തീരുമാനം നമുക്ക് അനുകൂലമായിരിക്കും. ചിലപ്പോൾ പ്രതികൂലവും. ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയിൽ പോലും പിശകുകളുണ്ടാകാം. തെറ്റുകൾ മാനുഷികമാണ്. അഡ്‌ലെയ്ഡിൽ പലപ്പോഴും നോബോളുകൾ എറിഞ്ഞ ഇഷാന്ത് ശർമ അതു തിരുത്തിയിട്ടുണ്ടെന്നും കോഹ്‍ലി പറഞ്ഞു.