പെർത്ത് ടെസ്റ്റ്: തിരിച്ചടിച്ച് ഇന്ത്യ; രണ്ടാം ദിനം അവസാനിക്കുമ്പോൾ 69 ഓവറിൽ 172/3

വിരാട് കോഹ്‌ലി ബാറ്റിങ്ങിനിടെ.

പെർത്ത് ∙ പേസും ബൗൺസും കൊണ്ട് ബാറ്റ്സ്മാരെ വെള്ളം കുടിപ്പിക്കുമെന്ന ആമുഖത്തോടെ തയാറാക്കിയ പെർത്തിലെ വിക്കറ്റിൽ തൽക്കാലം വെള്ളം കുടിക്കുന്നതു ബോളർമാർ. ആദ്യ ഇന്നിങ്സിൽ ഓസീസ് ഇവിടെ നേടിയത് 326 റൺസ്; 3 വിക്കറ്റിന് 172 റൺസാണ് രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇന്ത്യയുടെ സ്കോർ. ഉജ്വല പ്രകടനത്തോടെ ബാറ്റിങ് തുടരുന്ന വിരാട് കോഹ്‌ലിയാണ് (82 ) ഇന്ത്യൻ ഇന്നിങ്സിന്റെ കപ്പിത്താൻ. വൈസ് ക്യാപ്റ്റന്റെ നിലയ്ക്കൊത്ത പ്രകടനത്തോടെ അജിൻക്യ രഹാനെയും (51 ബാറ്റിങ്) ക്യാപ്റ്റനൊപ്പം ഉറച്ചുനിന്നതാണ് ഇന്ത്യയ്ക്കു രക്ഷയായത്. 8 റൺസ് നേടുന്നതിനിടെ 2 ഓപ്പണർമാരെയും നഷ്ടമായ ഇന്ത്യയല്ല കളി നിർത്തുമ്പോൾ ക്രീസിലുള്ളത്. നേരത്തെ, 4 വിക്കറ്റെടുത്ത ഇഷാന്ത് ശർമ ഇന്ത്യൻ ബോളർമാരിൽ തിളങ്ങി. 

തുണച്ചതു പ്രതിരോധം

പേസർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്ന വിക്കറ്റിൽ മനസ്സാന്നിധ്യം കൈവിടാതിരുന്ന ഇന്നിങ്സായിരുന്നു കോഹ്‌ലിയുടേത്. 82 റൺ‌സ് നേടാൻ 181 പന്ത് നേരിട്ട കോഹ്‌ലി പെർത്തിൽ ആയുധമാക്കിയത് ക്ഷമയെ. രാഹുലിനെയും (2) വിജയെയും (12 പന്തിൽ 0) ഓസീസ് പേസർമാർ ബോൾഡാക്കിയതോടെ തുടക്കത്തിലേ അപകടം മണത്ത ഇന്ത്യ പിന്നീടു പൂർണമായും പ്രതിരോധത്തിലേക്കു ചുവടുമാറ്റി. 

ന്യൂബോളിന്റെ തിളക്കം മാറും മുൻപു തന്നെ ഒത്തുചേർന്ന പൂജാര– കോഹ്‌ലി സഖ്യത്തിന്റെ പ്രതിരോധം ആവോളം പണിപ്പെട്ടതിനു ശേഷമാണ് ഓസീസ് പൊളിച്ചത്. ഇന്ത്യൻ സ്കോർ 82 ൽ നിൽക്കെ പൂജാരയെ (103 പന്തിൽ 24) പെയ്‌നിന്റെ കൈകളിലെത്തിച്ച സ്റ്റാർക് ഓസീസിനു ബ്രേക്ക് നൽകി. 

എന്നാൽ പിന്നാലെ എത്തിയ രഹാനെ ഓസീസ് ബോളർമാരുടെ മോശം പന്തുകളെ അതിർത്തി കടത്തിത്തുടങ്ങിയതോടെ ആണ് ഇന്ത്യയുടെ സ്കോർ മുന്നോട്ടു നീങ്ങിയത്. നാലാം വിക്കറ്റിൽ രഹാനെ– കോഹ്‌ലി സഖ്യം ഇതിനോടകം 90 റൺസ് ചേർത്തിട്ടുണ്ട്. 7 വിക്കറ്റ് കൈയിലിരിക്കെ ഓസീസ് സ്കോറിനു 154 റൺസ് പിന്നിലാണ് ഇന്ത്യ. 

സ്കോർബോർഡ്

ഓസീസ് ഒന്നാം ഇന്നിങ്സ് 

ഹാരിസ് സി രഹാനെ ബി വിഹാരി–70, ഫിഞ്ച് എൽബി ബി ബുമ്ര–50, ഖവാജ സി പന്ത് ബി ഉമേഷ്–5, മാർഷ് സി രഹാനെ ബി വിഹാരി–45, ഹാൻഡ്സ്കോംബ് സി കോഹ്‌ലി ബി ഇഷാന്ത്–7, ഹെഡ് സി ഷമി ബി ഇഷാന്ത്–58, പെയ്ൻ എൽബി ബി ബുമ്ര 38, കമ്മിൻസ് ബി ഉമേഷ്–19, സ്റ്റാർക്ക് സി പന്ത് ബി ഇഷാന്ത്–6, ലയൺ നോട്ടൗട്ട്–9, ഹെയ്സൽവുഡ് സി പന്ത് ബി ഇഷാന്ത്–0 എക്സ്ട്രാസ്–19. ആകെ 112.5 ഓവറിൽ 326. 

വിക്കറ്റ് വീഴ്ച: 1–112, 2–130, 3–134, 4–148, 5–232, 6–251, 7–310, 8–310, 9–326, 10–326. 

ബോളിങ്: ഇഷാന്ത് 20.3–7–41–4, ബുമ്ര 26–8–53–2, ഉമേഷ് 23–3–78–2, ഷമി 24–3–80–0, വിഹാരി 14–1–53–2, വിജയ് 1–0–10–0. 

ഇന്ത്യ ഒന്നാം ഇന്നിങ്സ്: 

രാഹുൽ ബി ഹെയ്സൽവുഡ്– 2, വിജയ് ബി സ്റ്റാർക്ക്– 0, പൂജാര സി പെയ്ൻ ബി സ്റ്റാർക്ക്– 24, കോഹ്‌ലി– ബാറ്റിങ് 82, രഹാനെ– ബാറ്റിങ് 51, എക്സാട്രാസ്– 13, ആകെ 69 ഓവറിൽ 3 വിക്കറ്റിന് 172. വിക്കറ്റ് വീഴ്ച: 1-6, 2-8, 82-3. 

ബോളിങ്: സ്റ്റാർക്ക്– 14-4-42-2 , ഹെയ്സൽവുഡ്– 16-7-50-1, കമ്മിൻസ്– 17-3-40-0, ലയൺ– 22-4-34-0.