Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലാം ദിനവും തമ്മിൽ ‘കോർത്ത്’ കോഹ്‍ലിയും പെയ്നും; ശാസനയുമായി അംപയർ

paine-kohli ഓസീസ് ക്യാപ്റ്റൻ ടിം പെയ്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും മൽസരത്തിനിടെ കോർത്തപ്പോൾ. അംപയർ ക്രിസ് ജെഫാനി സമീപം.

പെർത്ത്∙ ഇന്ത്യ–ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തുടർച്ചയായ രണ്ടാം ദിനവും ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ തമ്മിൽ വാക്കേറ്റം. നാലാം ദിനത്തിലേക്കു കടന്ന മൽസരത്തിൽ പോരാട്ടം മുറുകുന്നതിനിടെയാണ് ക്യാപ്റ്റൻമാർ വീണ്ടും കളത്തിൽ ഉരസിയത്. അംപയറായ ക്രിസ് ജെഫാനിക്കു തൊട്ടുമുന്നിലായിരുന്നു സംഭവം. ക്യാപ്റ്റൻമാർ അതിരുവിട്ടതോടെ ഇരുവരെയും ശാസിച്ച ജെഫാനി, നിങ്ങൾ ക്യാപ്റ്റൻമാരാണെന്ന് ഓർമിക്കണമെന്നും മുന്നറിയിപ്പു നൽകി.

മൽസരത്തിന്റെ മൂന്നാം ദിനത്തിലും ക്യാപ്റ്റൻമാർ തമ്മിൽ ഉരസിയിരുന്നു. ഇക്കുറി കുറച്ചുകൂടി അതിരുവിട്ട രീതിയിലായിരുന്നു ഇരുവരുടെയും പെരുമാറ്റം. ഉസ്മാൻ ഖവാജയ്ക്കൊപ്പം ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ലായി മാറിയ ടിം പെയ്ൻ, റൺ പൂർത്തിയാക്കാൻ ഓടുന്നതിനിടെയാണ് കോഹ്‍ലി പ്രകോപനവുമായി എത്തിയത്.

സംഭവം ശ്രദ്ധയിൽപ്പെട്ട അംപയർ ഇരുവരെയും ശാസിച്ചു:

‘ഇതു മതി. ഇനി കളിക്കാൻ നോക്കൂ’ എന്നായിരുന്നു അംപയറിന്റെ നിർദ്ദേശം. പെയ്ൻ തന്നെത്തന്നെ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും ‘നിങ്ങൾ ടീമിന്റെ ക്യാപ്റ്റനാണ് ടിം’ എന്ന് അംപയർ ജെഫാനി ഓർമിപ്പിച്ചു. ഇതിനു പിന്നാലെ ‘ശാന്തനാകൂ, വിരാട്’ എന്ന് പെയ്ൻ പറയുന്നതും വിഡിയോയിൽ വ്യക്തമാണ്. ഇതിനിടെ സ്ക്വയർ ലെഗ് അംപയറായ കുമാർ ധർമസേനയോട് കോഹ്‍ലി പരാതി പറയുന്നതും കാണാമായിരുന്നു.

‘ഇന്ത്യ മൽസരം തോൽക്കാൻ ആരംഭിക്കുന്നതിന്റെ ആദ്യ സൂചനയാണ് ഇത്’ എന്നായിരുന്നു സെൻ റേഡിയോയിൽ മുൻ ഓസീസ് താരം കൂടിയായ ഡാമിയൻ ഫ്ലെമിങ്ങിന്റെ അഭിപ്രായം.

എന്നാൽ, ഇരുവരുടെയും പ്രവർത്തിയിൽ പ്രത്യേകിച്ച് പന്തികേടൊന്നും തോന്നുന്നില്ല എന്നായിരുന്നു മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങിന്റെ അഭിപ്രായം. തടയപ്പെടേണ്ട എന്തെങ്കിലും ഇരുവരും ചെയ്തതായി തോന്നുന്നില്ലെന്നും പോണ്ടിങ് പറഞ്ഞു.

മൽസരത്തിന്റെ മൂന്നാം ദിനമായ ഞായറാഴ്ചയും ക്യാപ്റ്റൻമാർ തമ്മിൽ കോർത്തിരുന്നു. അവസാന ഓവറിൽ പെയ്നെ പുറത്താക്കാൻ ഇന്ത്യൻ ടീം ഒന്നാകെ അപ്പീൽ ചെയ്തതിനു പിന്നാലെയായിരുന്നു ഇത്. അംപയർ ഔട്ട് നിഷേധിച്ചെങ്കിലും ഇന്ത്യ അദ്ദേഹത്തിന്റെ തീരുമാനം റിവ്യൂ ചെയ്തിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ ഇടഞ്ഞത്.

Virat Kohli, Tim Paine റൺസെടുക്കുന്നതിനിടെ കോഹ്‌ലിയുമായി കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കുന്ന ടിം പെയ്ൻ

‘ഈ ഔട്ട് അംപയർ അനുവദിച്ചിരുന്നെങ്കിൽ പരമ്പര 2–0 ആയേനെ’ എന്നായിരുന്നു കോഹ്‍ലിയുടെ പരാമർശം. ആദ്യ െടസ്റ്റ് ജയിച്ച ഇന്ത്യ, ഈ മൽസരവും ജയിക്കും എന്നാണ് കോഹ്‍ലി ഉദ്ദേശിച്ചതെന്നു വ്യക്തം.

ഇതിനോട് പെയ്നിന്റെ പ്രതികരണം ഇങ്ങനെ:

‘അതിനു മുൻപ് നിങ്ങൾ ഒന്നുകൂടി ബാറ്റു ചെയ്യണം, വിരാട്’.

മൽസരത്തിന്റെ അവസാന രണ്ടു ദിനം പോരാട്ടച്ചൂട് ഇതുവരെയില്ലാത്തവിധം ഉയരുമെന്ന് മനസ്സിലാക്കാൻ ഇതിൽപ്പരം എന്തു വേണം!

related stories