ഐപിഎൽ ലേലത്തിൽ യുവാക്കൾക്ക് കൊയ്ത്തുകാലം; കോടികൾ കൊയ്ത് ‘അജ്ഞാത’ താരങ്ങൾ

വരുൺ ചക്രവർത്തി, ശിവം ദുബെ, പ്രഭ്സിമ്രൻ സിങ്, പ്രയസ് റേ ബർമൻ

ആഭ്യന്തര ക്രിക്കറ്റിലേയ്ക്കു തിരിച്ചുവച്ച ഭൂതക്കണ്ണാടിയാണു താരലേലമെന്ന് ഐപിഎൽ ഒരിക്കൽക്കൂടി തെളിയിച്ചു. പ്ലേയിങ് ഇലവൻ ഏറെക്കുറെ ഉറപ്പിച്ചെത്തുന്ന ടീമുകൾ ലോകകപ്പ് മുന്നിൽക്കണ്ടുള്ള ‘റീപ്ലേസ്മെന്റ് ഓപ്ഷനുകൾ ’ തേടുമെന്നായിരുന്നു ലേലത്തെക്കുറിച്ചുള്ള പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ പന്ത്രണ്ടാം ലേലത്തിന്റെ ഹൈലൈറ്റ് ആയതു നാട്ടിലെ 'അജ്ഞാത' താരങ്ങളുടെ മിന്നും പ്രകടനമാണ്. ഇന്ത്യൻ പേസർമാർക്കു വിലയേറുന്ന പതിവ് ആവർത്തിച്ച ലേലത്തിൽ വിദേശത്തു നിന്നുള്ള ഒരു കൂട്ടം നവാഗത താരങ്ങളും അപ്രതീക്ഷിത നേട്ടം കൊയ്തു.

ആഭ്യന്തര ക്രിക്കറ്റിൽ പോലും പേരു പതിച്ചിട്ടില്ലാത്ത കൗമാര താരങ്ങൾക്ക് ഇതുപോലെ മൂല്യമേറിയ ലേലം ഇതിനു മുൻപുണ്ടായിട്ടില്ല. യുവ്‌രാജ് സിങ്ങും മനോജ് തിവാരിയും പോലെ പരിചയസമ്പന്നരായ ഇന്ത്യൻ താരങ്ങൾക്കു നേരെ തണുപ്പൻ സമീപനം കാണിച്ച ടീമുകൾ അറിയപ്പെടാത്ത യുവതാരങ്ങൾക്കു വേണ്ടി മൽസരിക്കാൻ തയാറായി. 20 ലക്ഷം മാത്രം വിലയിട്ട പഞ്ചാബിന്റെ പ്രഭ്സിമ്രൻ സിങ്ങും ബംഗാളിന്റെ പ്രയസ് റേ ബർമനും വാശിയേറിയ വിളികൾക്കൊടുവിലാണ് ടീം ഉറപ്പിച്ചത്. അണ്ടർ –19 ഏഷ്യ കപ്പിലെ അർധസെഞ്ചുറി ഇന്നിങ്സിന്റെ മികവിലാണു 17 വയസുകാരൻ സിങ് 4.8 കോടിക്കു കിങ്സ് ഇലവന്റെ ഭാഗമായത്. ബെംഗളൂരു 1.5 കോടിക്കു വിളിച്ചെടുത്ത പതിനാറുകാരൻ ബർമനു തുണയായതു വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനമാണ്.

ആഭ്യന്തര ക്രിക്കറ്റിലെ നേട്ടങ്ങൾക്കല്ല, പ്രാദേശിക ട്വന്റി 20 ലീഗുകളിലെ പ്രകടനങ്ങൾക്കാണ് ടീമുകൾ പരിഗണന നൽകിയത്. ബാറ്റ്സ്മാൻമാർക്കൊരു എത്തും പിടിയും നൽകാത്ത ‘അജ്ഞാത’ സ്പിന്നർ എന്ന വിശേഷണത്തോടെ 8.4 കോടിയ്ക്കു കിങ്സിന്റെ നിരയിലെത്തിയ വരുൺ ചക്രവർത്തി തമിഴ്നാട് പ്രീമിയർ ലീഗിന്റെ കണ്ടെത്തലാണ്. ഓഫ് സ്പിന്നും ലെഗ് സ്പിന്നും ഒരുപോലെ വഴങ്ങുന്ന, ഗൂഗ്ലിയും ഫ്ലിപ്പറും ദൂസ്‌രയും കാരം ബോളുമെല്ലാം അറ്റാക്കിങ് പാക്കേജായുള്ള വരുണിന് ആർ. അശ്വിനും അഫ്ഗാൻ താരം മുജീബ് റഹ്മാനുമുള്ള ടീമായിട്ടുകൂടി മോഹവില നൽകാൻ കിങ്സ് തയാറായി. മുംബൈ ലീഗിൽ കണിശക്കാരൻ സ്പിന്നർ പ്രവീൺ താംബെയെ തുടരെ അഞ്ച് സിക്സറുകൾക്കു പറത്തി ശ്രദ്ധേയനായ ഓൾറൗണ്ടർ ശിവം ദുബെയെ 5 കോടി നൽകിയാണു ബെംഗളൂരു വാങ്ങിയത്.

റോയൽസിന്റെ ശുഭം രഞ്ജാനെ, കിങ്സിന്റെ ഹർപ്രീത് ബ്രാർ, അഗ്നിവേശ് അയാഷി, കൊൽക്കത്തയുടെ പൃഥ്വിരാജ് തുടങ്ങിയവരൊന്നും തന്നെ അംഗീകൃത ട്വന്റി 20 മൽസരങ്ങൾ കളിച്ചിട്ടുള്ളവരല്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ പതിവു സ്ഥലസമവാക്യങ്ങൾ തെറ്റിച്ചും ഇക്കുറി സ്കൗട്ടിങ് സംഘങ്ങൾ ആളെത്തേടിയിട്ടുണ്ട്. മുംബൈ ടീമിലെടുത്ത സീമർ റസിഖ് സലാം കശ്മീർ താരമാണ്. രാജസ്ഥാനിലെത്തിയ റിയാൻ പരാഗ് അസമിൽ നിന്നുള്ള ബാറ്റ്സ്മാൻ. ഇരുവരും 17 വയസുകാർ.

നാട്ടിലെ ട്വന്റി20 ലീഗുകൾ പോലെതന്നെ കരീബിയൻ പ്രീമിയർ ലീഗിലും ഇംഗ്ലിഷ് ടി20 ബ്ലാസ്റ്റിലുമെല്ലാം സസൂക്ഷ്മം കണ്ണെറിഞ്ഞിട്ടുണ്ട് ഈ താരലേലം. ഇംഗ്ലിഷ് താരങ്ങളായ ക്രിസ് വോക്സും അലക്സ് ഹെയ്ൽസും കീവീസ് ഓൾറൗണ്ടർ കോറി ആൻഡേഴ്സണും പോലുള്ള ട്വന്റി20 മുൻനിരക്കാർ പിന്തള്ളപ്പെട്ട ലേലത്തിൽ വിൻഡീസ് താരങ്ങളായ നിക്കോളാസ് പുരാനും ഓൾറൗണ്ടർ റൂഥർഫോഡിനുമെല്ലാം ആവശ്യക്കാരെത്തിയതു കരീബിയൻ ലീഗിലെ പ്രകടന മികവിലാണ്.

ലോകകപ്പിനായി ഐപിഎൽ നേരത്തെ അവസാനിപ്പിക്കില്ലെന്ന ഘടകവും വിൻഡീസ് താരങ്ങളെ ഏറെ തുണച്ചു. ബ്രാത്ത്‌വെയ്റ്റും ഹെറ്റ്‌മിയറും ഓഷെയ്ൻ തോമസും പോലുള്ള വിൻഡീസ് താരങ്ങൾക്ക് ആവശ്യക്കാരേറിയത് ഇക്കാരണത്താലാണ്. വിവിധ ലീഗുകളിൽ തിളങ്ങിയ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ കോളിൻ ഇൻഗ്രാമിനും ഓസ്ട്രേലിയൻ ബിഗ് ബാഷിലെ മിന്നും ഓൾറൗണ്ടർ ആഷ്ടൺ ടർണറിനും ന്യൂസീലൻഡ് ഫാസ്റ്റ് ബോളർ ലോക്കി ഫെർഗൂസണും ഇംഗ്ലിഷ് താരം ഹാരി ഗുർണിക്കും ലങ്കാഷർ ബിഗ് ഹിറ്റർ ലിയാം ലിവിങ്സ്റ്റോണിനുമെല്ലാം ഐപിഎൽ അവസരം തുറന്നുകിട്ടിയതിനു പിന്നിലും ലോകകപ്പിനുള്ള ടീമിൽ അനിവാര്യ ഘടകങ്ങളല്ല ഇവർ എന്നതും ഒരു ഘടകം തന്നെ.