കോഹ്‍ലി–പെയ്ൻ വാക്പോരു മറക്കാം; പെർത്തിൽ ‘തമ്മിലടിച്ച്’ ജഡേജയും ഇഷാന്തും!

പെർത്ത് ടെസ്റ്റിനിടെ ഇഷാന്ത് ശർമയും രവീന്ദ്ര ജഡേജയും തമ്മിൽ കളത്തിൽ വാക്കേറ്റമുണ്ടായപ്പോൾ. കുൽദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവർ ചേർന്ന് ഇവരെ പിടിച്ചു മാറ്റുന്നതും കാണാം.

പെർത്ത്∙ പെർത്തിൽ നടന്ന ഇന്ത്യ–ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ വാക്കുകൾ കൊണ്ട് ഏറ്റമുട്ടിയത് പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും ഓസീസ് നായകൻ ടിം പെയ്നും തമ്മിലുള്ള വാക്പോരായിരുന്നു ഇതിൽ പ്രധാനം. ഇവർക്കു പുറമെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, ഓസീസ് താരങ്ങളായ പാറ്റ് കമ്മിൻസ്, മാർക്കസ് ഹാരിസ് തുടങ്ങിയവരും വാക്പോരിന്റെ ഭാഗമായി.

എന്നാൽ, ഇരു ടീമുകളുടെയും താരങ്ങൾ തമ്മിലുള്ള ഉരസലിനിടെ ആരും ശ്രദ്ധിക്കാതെ പോയൊരു കാഴ്ചയാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാവിഷയം. പെർത്ത് ടെസ്റ്റിനിടെ ഇന്ത്യൻ ക്യാംപിൽ നടന്ന ഒരു ഉരസലാണ് വിഡിയോ സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇന്ത്യൻ ടീമംഗങ്ങളായ ഇഷാന്ത് ശർമ, രവീന്ദ്ര ജഡേജ എന്നിവരാണ് മൽസരത്തിനിടെ കളത്തിൽവച്ച് കോർത്തത്. ഒടുവിൽ കുൽദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവരെത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. അതേസമയം, ആ നിമിഷത്തെ ദേഷ്യത്തിൽ ഉണ്ടായ ചെറിയൊരു സംഭവം മാത്രമായിരുന്നു അതെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം അധികൃതരെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

നാലാം ദിനത്തിന്റെ രണ്ടാം സെഷനിൽ നേഥൻ ലയണും മിച്ചൽ സ്റ്റാർക്കും ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. ടീമിൽ അംഗമല്ലാത്ത രവീന്ദ്ര ജഡേജ പകരക്കാരനായാണ് ഫീൽഡിങ്ങിനെത്തിയത്. ഡ്രിങ്ക്സ് ബ്രേക്കിനിടെ ഇഷാന്തും ജഡേജയും പിച്ചിനു സമീപമതെത്തി പോരടിക്കുകയായിരുന്നു. ഇരുവരും തൊട്ടുചേർന്നു നിന്നു തർക്കിക്കുന്നതും പരസ്പരം കൈ ചൂണ്ടുന്നതും വിഡിയോയിൽ വ്യക്തമാണ്. രണ്ടു തവണ പിന്തിരിഞ്ഞിട്ടും കലി തീരാതെ തിരിച്ചെത്തി വഴക്കടിക്കുന്നതും വ്യക്തം. ഒടുവിൽ സഹതാരങ്ങളായ കുൽദീപും ഷമിയും ചേർന്ന് ഇരുവരേയും പിടിച്ചുമാറ്റി.

ഹിന്ദിയിലായിരുന്നു ഇരുവരുടേയും സംസാരമെന്നു മൈക്രോഫോണിൽ നിന്നും വ്യക്തമാണ്. വഴക്കിനിടെ ഇഷാന്ത് മോശം വാക്കുകളാണ് ഉപയോഗിച്ചതെന്നു വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘താങ്കൾക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ അടുത്തുവന്നു നേരിട്ടു പറയാമെന്നും കൈകൊണ്ട് ഓരോ ആംഗ്യങ്ങൾ കാട്ടേണ്ടതില്ലെന്നും’ ഇഷാന്ത് പറയുന്നത് വ്യക്തമാണ്. ഇതോടെ ജഡേജയും പ്രതികരിച്ചു. എന്തിനാണ് ഇങ്ങനൊക്കെ പറയുന്നതെന്നായിരുന്നു ജഡേജയുടെ ദേഷ്യത്തോടെയുള്ള മറുപടി. ‘താങ്കളുടെ ദേഷ്യം എന്നോടു തീർക്കരുതെന്നു’ ഇഷാന്ത് പറയുന്നതും കേൾക്കാം.

അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ജയിച്ചെങ്കിലും പെർത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയ തിരിച്ചടിച്ചിരുന്നു. രണ്ടു ടെസ്റ്റുകൾ കൂടി അവശേഷിക്കെ പരമ്പര നേടാനുള്ള പോരാട്ടം ശക്തമാകുമെന്ന് ഉറപ്പാക്കിയിരിക്കെയാണ് ഇന്ത്യൻ പാളയത്തിൽ താരങ്ങൾ തമ്മിലടിച്ച വാർത്ത പുറത്തുവരുന്നത്.