വാ വിട്ട വാക്ക്, അതിരുവിട്ടെന്ന് വിലയിരുത്തൽ; ഇങ്ങനെയൊക്കെ പറയാമോ..?

പെർത്ത് ടെസ്റ്റിനു ശേഷം ഹസ്തദാനത്തിനിടെ ടിം പെയ്നിന്റെ മുഖത്തേക്കു നോക്കാതെ കടന്നു പോകുന്ന ഇന്ത്യൻ നായകൻ കോഹ്‌ലി

പെർത്ത്∙ പന്തു ചുരണ്ടൽ വിവാദത്തിൽ മുഖം നഷ്ടമായ ഓസീസിന്റെ ക്രിക്കറ്റ് പ്രതിച്ഛായ വീണ്ടെടുക്കുക എന്ന ദൗത്യത്തോടെയാണു നായകൻ ടിം പെയ്ൻ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിറങ്ങിയത്. പരമ്പര നേട്ടത്തിനു തുല്യമായ പ്രാധാന്യമാണു കളിക്കളത്തിലെ അച്ചടക്കത്തിനും ഓസീസ് താരങ്ങൾ നൽകിയത്. അതുകൊണ്ടുതന്ന, 2014–15 വർഷത്തെ ഓസ്ട്രേലിയൻ പര്യടനത്തിനെത്തിയ ഇന്ത്യൻ താരങ്ങൾക്കു മൽസരത്തിനിടെ നാക്കു കൊണ്ടു നൽകിയ ചൂടൻ വരവേൽപ്പിൽനിന്ന് ഇക്കുറി ഓസീസ് താരങ്ങൾ ഒഴിഞ്ഞുനിൽക്കാൻ ശ്രമിച്ചു, പക്ഷേ അഡ്‌ലെയ്ഡ് ടെസ്റ്റിൽ തുടങ്ങിവച്ച പെരുമാറ്റം പെർത്തിലും ഇന്ത്യ ആവർത്തിച്ചതോടെ ഓസീസും ആക്രമണത്തിനുള്ള മൂഡിലാണ്. കോഹ്‌ലി ഇനിയും പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നു പെയ്ൻ പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്.

രണ്ടാം ടെസ്റ്റ് ഓസട്രേലിയ 146 റൺസിനു ജയിച്ചിട്ടും മുൻ ഓസീസ് താരം മിച്ചൽ ജോൺസൺ വിഷയം വിടുന്ന മട്ടില്ല. മൽസരത്തിനുശേഷം ഹസ്തദാനം നൽകിയ വേളയിൽ വിരാട് കോഹ്‌ലി ടിം പെയ്നിന്റെ മുഖത്തു നോക്കാതിരുന്നത് അപമാനകരമായി തോന്നിയെന്നും കോഹ്‌ലി അൽപം കൂടി കാര്യഗൗരവത്തോടുകൂടി പ്രതികരിക്കണമെന്നുമാണ് ജോൺസൺ ദിനപത്രത്തിലെ കോളത്തിലൂടെ വ്യക്തമാക്കിയത്. 2014ലെ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യൻ താരങ്ങളെ ഏറ്റവും അധികം പ്രകോപിതനാക്കിയ താരമായിരുന്നു ജോൺസൺ.

∙കോഹ്‌ലി x പെയ്ൻ

രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ കോഹ്‌ലിയുടെ പുറത്താകലിനു വഴിതെളിച്ച ക്യാച്ചിനെത്തുടർന്നാണു കോഹ്‌ലിയും പെയ്നും വാക്പോരിൽ ഏർപ്പെട്ടത്. മൽസരത്തിനിടെ ഇരുവർക്കും ഫീൽഡ് അംപയറിന്റെ താക്കീതും ലഭിച്ചിരുന്നു.

രണ്ടാം ഇന്നിങ്സിലെ ഓസീസ് ബാറ്റിങിനിടെ കോഹ്‌ലി പെയ്നെ ചൊടിപ്പിച്ചു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിനിടെ പെയ്നും തിരിച്ചടിച്ചു. ഓപ്പണർ മുരളി വിജയോടു പെയ്ൻ പറഞ്ഞതിങ്ങനെ, ‘കോഹ്‌ലി നിങ്ങളുടെ ക്യാപ്റ്റനാണ് എന്നതു സമ്മതിക്കുന്നു, പക്ഷേ ഇയാൾ എന്തൊരു മനുഷ്യനാണ്’? സംഭവം സംറ്റംപിലെ മൈക്രോഫോണിൽ പതിഞ്ഞിരുന്നു.

എന്നാൽ രണ്ടാം ഇന്നിങ്സിൽ കോഹ്‌ലി പുറത്തായപ്പോൾ ഓസീസ് താരങ്ങൾ കളിയാക്കലിനു മുതിർന്നിരുന്നില്ല. ഇന്ത്യൻ താരങ്ങളഉടെ പെരുമാറ്റം അതിരുവിട്ടിട്ടില്ല എന്നാണു കോഹ്‌ലിയുടെ ഭാഷ്യം. പരമ്പരയ്ക്കു ശേഷം ഇന്ത്യൻ താരങ്ങളെ ബിയർ നുകരാൻ ക്ഷണിക്കുമെന്നു പെയ്നും പറഞ്ഞിട്ടുണ്ട്.

∙ഹാരിസ് x പന്ത്

ആദ്യ ടെസ്റ്റിനിടെ പാറ്റ് കമ്മിൻസിനെയും ഉസ്മാൻ ഖവാജയെയും കളിയാക്കിയ ഋഷഭ് പന്തിനെതിരെ രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിവസം മാർക്കസ് ഹാരിസും നേഥൻ ലയണും തിരിച്ചടിച്ചു. ഇന്ത്യ തോൽവിയിലേക്കു നീങ്ങുന്നതിനിടെ പെട്ടെന്ന് ഔട്ടായാൽ ഡിസ്കോയ്ക്കു പോകാം, പെർത്തിലെ ഡിസ്കോ വിശ്വപ്രസിദ്ധമാണ് എന്നാണ് ഹാരിസ് പറഞ്ഞത്. പന്തിന് അവധിക്കാലം ആഘോഷിക്കാനുള്ള വേദികൾ മുന്നോട്ടുവച്ച് ലയണും ഒപ്പം കൂടി.

∙ജഡേജ x ഇഷാന്ത്

പെർത്ത് ടെസ്റ്റിനിടെ ഏറ്റവും മോശമായ രീതിയിയുള്ള വാക്കുരസലിൽ ഏർപ്പെട്ടതിനുള്ള ക്രെഡിറ്റ് ഇഷാന്ത് ശർമയ്ക്കും രവീന്ദ്ര ജഡേജയ്ക്കുമാണ്. മൽസരത്തിന്റെ നാലാം ദിവസത്തെ ബ്രേക്കിനിടെ ഇരുവരും തമ്മിൽ നടന്ന വാക്കുരസൽ സ്വകാര്യ ചാനൽ പകർത്തിയിരുന്നു. ജഡേജ സബ്സ്ടിറ്റ്യൂട്ടായി ഫീൽഡിങ്ങിനിറങ്ങിയപ്പോഴായിരുന്നു സംഭവം. മുഹമ്മദ് ഷമിയുടെ അവസരോചിതമായ ഇടപെടലാണ് സംഭവം കൈവിട്ടുപോകാതെ കാത്തത്.

മുൻതലമുറയും മോശമല്ല

∙ റിച്ചാർഡ്സ്– ഗ്രെഗ് തോമസ്

്പ്രമുഖർ പലരും മുൻപ് വാക്കുരസലിൽ പങ്കാളികൾ ആയിട്ടുണ്ട്. മുൻപ് ഗ്ലാമോർഗനെതിരെ കൗണ്ടിപ്പോരാട്ടത്തിൽ ഒന്നുരണ്ടു പന്ത് റിച്ചാർഡ്സിനെ കടന്നുപോയപ്പോൾ ബോളർ ഗ്രെഗ് തോമസ് ആവേശം മൂത്തു റിച്ചാർഡ്സിനോടു പറഞ്ഞു: ‘പന്തിനു ചുവപ്പുനിറം, ഏകദേശം അഞ്ച് ഔൺസ് ഭാരം. ഒന്നും മനസ്സിലായില്ല അല്ലേ.’

തൊട്ടടുത്ത പന്തിൽ റിച്ചാർഡ്സിന്റെ ബാറ്റ് ആഞ്ഞുപതിച്ചു. പന്ത് ഗ്രൗണ്ടിനു തൊട്ടു ചേർന്നൊഴുകുന്ന ടാഫ് നദിയിൽ. അനന്തരം റിച്ചാർഡ്സ് പറഞ്ഞു: ഗ്രെഗ്, പന്തിനെക്കുറിച്ചു നിനക്കു വലിയ വിവരമല്ലേ. അതു കണ്ടുപിടിച്ചു തിരിച്ചുവരൂ.’

∙ സർവൻ– ഗ്ലെൻ മഗ്രോ

2003ൽ ആന്റിഗ്വയിൽ നടന്ന ഓസ്ട്രേലിയ – വെസ്റ്റ് ഇൻഡീസ് നാലാം ടെസ്റ്റിനിടെയാണ് ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ സ്ലെഡ്ജിങ്ങികളിലൊന്ന് അരങ്ങേറിയത്. മൽസരത്തിൽ ഏറ്റവും ഉയർന്ന നാലാം ഇന്നിങ്സ് സ്കോർ മറികടന്നു വിജയം നേടുന്ന ടീമെന്ന റെക്കോർഡിലേക്ക് 21 വയസ്സു മാത്രം പ്രായമുള്ള രാംനരേഷ് സർവൻ വിൻഡീസിനെ നയിക്കുമ്പോഴാണ് ഓസീസ് ഇതിഹാസം ഗ്ലെൻ മഗ്രോ പതിനെട്ടാമത്തെ’ അടവ് പുറത്തെടുത്തത്. 417 റൺസ് വിജയലക്ഷ്യവുമായി ബാറ്റു ചെയ്യുന്ന വിൻഡീസ് അപ്പോൾ നാലിന് 236 റൺസ് എന്ന നിലയിലായിരുന്നു.

സർവന്റെ ബാറ്റിന്റെ ചൂടറിഞ്ഞ ഗ്ലെൻ മഗ്രോയ്ക്ക് സമനില തെറ്റി. ‘ഇന്നലെ ബ്രയാൻ ലാറയുടെ കൂടെക്കഴിഞ്ഞിട്ട് എങ്ങനെയുണ്ടായിരുന്നു? മഗ്രോയുടെ ഈ ചോദ്യത്തിന് ഉടനെത്തി മറുപടി: ‘നിന്റെ ഭാര്യയോട് ചോദിക്കൂ. അവൾക്കറിയാം.’ ഇതുകേട്ട് മഗ്രോ പൊട്ടിത്തെറിച്ചു. ഭാര്യ അപ്പോൾ അർബുദത്തിനു ചികിൽസയിലായിരുന്നു. സർവനു നേരെ വിരൽ ചൂണ്ടി ഭീഷണി മുഴക്കിയായിരുന്നു മഗ്രോയുടെ പ്രതികരണം.

∙ ഓർമണ്ട്– മാർക് വോ

അതു മോശം പ്രകോപനവും മോശം ഉത്തരവുമായിരുന്നെങ്കിൽ ഇതാ, അതിരുവിടാത്ത പ്രകോപനം. ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജയിംസ് ഓർമണ്ട് ക്രീസിലെത്തിയപ്പോൾ മാർക് വോ: ‘നീ എന്താണു ചെയ്യുന്നത്. ഇംഗ്ലണ്ടിനു വേണ്ടി കളിക്കാൻ ഒരു യോഗ്യതയുമില്ല.’ ഉടനെത്തി മറുപടി: ‘ആയിരിക്കാം. പക്ഷേ, എന്റെ കുടുംബത്തിലെയെങ്കിലും മികച്ച താരം ഞാനാണ്!’ (സ്റ്റീവ് വോയുടെ സഹോദരനാണു മാർക്).

∙ മാർഷ്– ബോതം

റോഡ് മാർഷ് ഇയാൻ ബോതത്തിനോട് – എങ്ങനെയുണ്ട് നിന്റെ ഭാര്യയും എന്റെ കുട്ടികളും? ഉടൻ തന്നെ മറുപടി: ഭാര്യയ്ക്കു സുഖംതന്നെ. കുട്ടികൾ നിന്റേതല്ലേ, ബുദ്ധിക്കുറവുണ്ട്.

ഇനി മറ്റൊരു സംഭവത്തിലേക്ക്. ബോംബെയിലെ മലബാർ ഹില്ലിൽ 1900ൽ ജനിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെത്തിയ ഡഗ്ലസ് ജാർഡിൻ ഓസ്ട്രേലിയയുടെ ഡ്രസിങ് റൂമിനു മുന്നിൽ നിൽക്കുന്നു. തന്നെ ഓസ്ട്രേലിയൻ ടീമിലാരോ ബാസ്റ്റാഡ് എന്നു വിളിച്ചുവെന്നു പരാതി. ഓസീസ് വൈസ് ക്യാപ്റ്റൻ വിക് റിച്ചാർഡ്സൺ ടീമംഗങ്ങൾക്കു നേരെ തിരിഞ്ഞു. ‘ഇക്കൂട്ടത്തിൽ ഏതു ബാസ്റ്റാഡ് ആണെടാ ഈ ബാസ്റ്റാഡിനെ ബാസ്റ്റാഡ് എന്നു വിളിച്ചത്.’ ശേഷം ഒരു ചിരിയും.

അതേ, എത്ര മോശം പരാമർശവും സ്നേഹത്തിന്റെ ചിരിയിൽ അലിയിച്ചു കളയാനും കഴിയണം. ആക്രമണശൈലിക്ക് അതിരുവേണം. ...

പെരുമാറ്റച്ചട്ടമുണ്ട്; ലംഘിച്ചാൽ നടപടി

ഡോ. കെ.എൻ.രാഘവൻ (മുൻ രാജ്യാന്തര അംപയർ )

കളിക്കളത്തിലും ഡ്രസിങ് റൂമിലുമെല്ലാം കളിക്കാരുടെ ഇടപെടലും പെരുമാറ്റവും സംബന്ധിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വ്യക്തമായ പെരുമാറ്റച്ചട്ടം രൂപപ്പെടുത്തിയിട്ടുണ്ട്. കളിയുടെ അന്തസിനും മാന്യതക്കും നിരക്കുന്നതാവണം പെരുമാറ്റം എന്നതാണ് അതിന്റെ സത്ത. പെരുമാറ്റച്ചട്ടം ലംഘിക്കുന്നതു ശിക്ഷാർഹവുമാണ്.

കളിക്കിടെ ഗ്രൗണ്ടിൽ മോശം പെരുമാറ്റം ഉണ്ടായാൽ അതിൽ ഇടപെടേണ്ടതും മാച്ച് റഫറിക്ക് റിപ്പോർട്ട് ചെയ്യേണ്ടതും ഫീൽഡ് അംപയറാണ്. നടപടിയെടുക്കാനുള്ള അധികാരം മാച്ച് റഫറിക്കാണ്. അതു തെറ്റിന്റെ ഗൗരവം അനുസരിച്ചു താക്കീതോ മാച്ച് ഫീസ് പിഴയായി ഈടാക്കുന്നതോ അടുത്ത കളികളിലെ സസ്പെൻഷനോ ആകാം.

പെർത്തിൽ ഇന്ത്യ - ഓസ്ട്രേലിയ നായകൻമാർ തമ്മിൽ ഗ്രൗണ്ടിലുണ്ടായ വാക്കേറ്റത്തിൽ അംപയർ ഇടപെട്ടെങ്കിലും അതു നടപടിയെടുക്കേണ്ട പെരുമാറ്റച്ചട്ട ലംഘനമായി മാച്ച് റഫറിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു അധ്യാപകന്റെ കാർക്കശ്യത്തോടെയല്ല ഇത്തരം വിഷയങ്ങളിൽ അംപയർമാർ ഇടപെടുക.ഗ്രൗണ്ടിൽ ഇരുപക്ഷത്തേയും കളിക്കാർ തമ്മിലുള്ള സംസാരം തെറ്റല്ല. എന്നാൽ അത് അതിരു കടക്കുന്നോ എന്നതാണു പ്രശ്നം. അതു തീരുമാനിക്കേണ്ടതും അംപയറാണ്.

ഇരു കൂട്ടരിൽ ആരെങ്കിലും മറ്റേയാളുടെ സംസാരം സംബന്ധിച്ച് പരാതിപ്പെട്ടിരുന്നെങ്കിൽ അംപയർ അതു ഗൗരവമായി തന്നെ മാച്ച് റഫറിക്ക് റിപ്പോർട്ട് ചെയ്യുമായിരുന്നു. 2007 - 2008 ലെ ഇന്ത്യ ഓസ്ട്രേലിയ പരമ്പരക്കിടെ തന്നെ ഹർഭജൻ സിങ് സൈമണ്ട്സിനെ കുരങ്ങൻ എന്നു വിളിച്ചതടക്കമുള്ള സംഭവങ്ങളിലെ നടപടി ഇത്തരത്തിൽ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു. പെർത്ത് വാക്പോര് നടപടിയിലേക്കു നീണ്ടില്ലെങ്കിലും അതു വഷളാവാതെ അവസാനിച്ചത് അംപയറുടെ അവസരോചിതമായ ഇടപെടൽ കൊണ്ടു തന്നെയാണ്.