ഇതുപോലുള്ള പിച്ചിലാണ് കഴിവു തെളിയിക്കേണ്ടത്: വിമർശകരെ ‘പിച്ചി’ സച്ചിനും രംഗത്ത്

പെർത്തിലെ പുതിയ മൈതാനവും പിച്ചും.

മെൽബൺ ∙ ഓസ്ട്രേലിയ– ഇന്ത്യ രണ്ടാം ടെസ്റ്റ് നടന്ന പെർത്തിലെ പിച്ചിന് ‘ശരാശരി’ റേറ്റിങ് നൽകിയ മാച്ച് റഫറിയുടെ നിലപാടിനെതിരെ സച്ചിൻ തെൻഡുൽക്കറും രംഗത്ത്. ടെസ്റ്റ് ക്രിക്കറ്റിന്റെ അതിജീവനത്തിന് പെർത്തിലേതു പോലുള്ള പിച്ചുകൾ അത്യാവശ്യമാണെന്ന് സച്ചിൻ ട്വിറ്ററിൽ കുറിച്ചു. നേരത്തെ, ഓസീസ് താരം മിച്ചെൽ ജോൺസൺ, മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ തുടങ്ങിയവരും പിച്ചിനു ‘ശരാശരി’ സർട്ടിഫിക്കേറ്റു നൽകിയതിനെതിരെ രംഗത്തെത്തിയിരുന്നു.

പെർത്തിലെ പിച്ചിനെക്കുറിച്ച് സച്ചിൻ ട്വിറ്ററിൽ കുറിച്ചതിങ്ങനെ:

ക്രിക്കറ്റിൽ പിച്ചുകൾക്ക് വളരെ സുപ്രധാനമായ സ്ഥാനമുണ്ട്. പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റിൽ. ടെസ്റ്റ് ക്രിക്കറ്റിൽ ആവേശം നിലനിർത്തുന്നതിനും ആ ഫോർമാറ്റിന്റെ തന്നെ നിലനിൽപ്പിനും പെർത്തിലേതുപോലുള്ള കൂടുതൽ പിച്ചുകൾ നിർമ്മിക്കപ്പെടേണ്ടതുണ്ട്. ഇവിടെയാണ് ബാറ്റ്സ്മാന്റെയും ബോളറുടെയും യഥാർഥ കഴിവുകൾ പരീക്ഷിക്കപ്പെടുക. എന്തൊക്കെ പറഞ്ഞാലും പെർത്തിലെ പിച്ച് ‘ശരാശരി’യിൽ ഒതുങ്ങുന്ന പിച്ചല്ല.


നേരത്തെ, പെർത്തിലെ പിച്ചിന് ഒരു കുഴപ്പവുമില്ലെന്നു ജോൺസൺ ട്വിറ്ററിൽ കുറിച്ചിരുന്നു. പെർത്തിലെ പിച്ചിന്റെ നിലവാരം മികച്ചതാണെന്നായിരുന്നു വോണിന്റെ പ്രതികരണം.

മൽസരത്തിന്റെ നാലാം ദിവസവും അഞ്ചാം ദിവസവും പിച്ചിലെ അസ്വാഭാവിക ബൗൺസ് ബാറ്റിങ് ദുഷ്കരമാക്കിയിരുന്നു. മുഹമ്മദ് ഷമിയുടെ പന്ത് കയ്യുറയിലിടിച്ച ആരോൺ ഫിഞ്ച് റിട്ടയർഡ് ഹർട്ട് പ്രഖ്യാപിച്ചു തിരിച്ചു കയറുകയും ചെയ്തു. ഓസീസ് താരങ്ങളായ ഉസ്മാൻ ഖവാജ, ടിം പെയ്ൻ എന്നിവരുടെ പുറത്താകലിനു കാരണമായതും അസ്വാഭാവിക ബൗൺസാണ്.

പരമ്പര തോറ്റാൽ ഉത്തരവാദികൾ കോഹ്‌ലിയും ശാസ്ത്രിയും: ഗാവസ്കർ

ന്യൂഡൽഹി∙ ഓസീസ് പര്യടനത്തിലെ അവസാന 2 ടെസ്റ്റിലും ഇന്ത്യ തോറ്റാൽ ഉത്തരവാദികൾ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും കോച്ച് രവി ശാസ്ത്രിയുമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ടോസ് നേടിയതിനുശേഷം ഫീൽ‌ഡ് ചെയ്യാനുള്ള തീരുമാനം, ഇംഗ്ലണ്ട്– ഓസീസ് പര്യടനങ്ങൾക്കുള്ള ടീം തിരഞ്ഞെടുപ്പിലെ പാളിച്ചകൾക്കും ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂ എന്നും ഗാവസ്കർ പറഞ്ഞു.