ഇന്ത്യ ഓസീസ് മൂന്നാം ടെസ്റ്റ് നാളെ മുതൽ

അഡ്‌ലെയ്ഡിൽ ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ടെസ്റ്റിനായി ഇന്ത്യൻ താരങ്ങളായ കോഹ്‌ലിയും ജഡേജയും പരിശീലിക്കുന്നതിനിടെ.

മെൽബൺ∙ വാക്പോരുകൊണ്ടും പിച്ചിലെ പോരുകൊണ്ടും ചൂടുപിടിച്ചുകഴിഞ്ഞ ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ ‘ബോക്സിങ് ഡേ’ ടെസ്റ്റ് നാളെ മുതൽ. എല്ലാ വർഷവും ക്രിസ്മസ് പിറ്റേന്നു മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റുകളിൽ എതിരാളികളെ തകർത്തെറിഞ്ഞതിന്റെ ചരിത്രം ഇന്ത്യയ്ക്കെതിര ഇറങ്ങുന്ന ഓസീസിന്റെ കൂട്ടിനുണ്ടാകും. 4 കളിയുടെ പരമ്പരയിലെ ആദ്യ രണ്ടു മൽസരങ്ങളിൽ ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കിയതോടെ മെൽബണിലെ മൂന്നാം ടെസ്റ്റിൽ ഉശിരൻ പോരാട്ടം പ്രതീക്ഷിക്കാം.

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ഓസീസ് ക്യാപ്റ്റൻ ടിം പെയ്നും തുടങ്ങിവച്ച വാക്പോര്, വിക്കറ്റിനു പിന്നിലെ ഋഷഭ് പന്തിന്റെ കളിയാക്കൽ എന്നിവയ്ക്കൊപ്പം ഹൃദയരോഗ ബാധിതനായ ആർച്ചി ഷില്ലെർ എന്ന 7 വയസ്സുകാരന്റെ ഓസീസ് അരങ്ങേറ്റം എന്നിവയെയാകും ബോക്സിങ് ഡേ ടെസ്റ്റിൽ കാണികൾ ഉറ്റുനോക്കുക. 

തിളങ്ങാൻ ബോളർമാർ

ആദ്യ രണ്ടു മൽസരങ്ങളിലും ലഭിച്ച ബോളിങ് മേധാവിത്തം നിലനിർത്താനാവും മൂന്നാം ടെസ്റ്റിലും ഇരു ടീമുകളുടെയും ശ്രമം. രണ്ടാം ടെസ്റ്റിൽ 4 പേസർമാരെ കളിപ്പിക്കാനുള്ള തീരുമാനം തിരിച്ചടിച്ചതിനാൽ സ്പിന്നർ രവീന്ദ്ര ജഡേജ ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തും എന്ന് ഏറക്കുറെ ഉറപ്പാണ്. മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർക്കൊപ്പം മികച്ച ലെങ്തിൽ പന്തെറിയുന്ന സ്പിന്നർ നേഥൻ ലയണും ഓസീസ് ബോളിങ് നിരയെ അപകടകരമാക്കുന്നു. 

ടീം അഴിച്ചുപണി?

പേസർമാർ മികച്ച ലെങ്തിൽ പന്തെറിഞ്ഞെങ്കിലും ബാറ്റിങ് നിരയ്ക്കു തിളങ്ങാനാകാതെ പോയതാണു രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിക്കു വഴിതുറന്നത്. ടെസ്റ്റ് പരമ്പരയ്ക്കു മുൻപുള്ള സന്നാഹ മൽസരത്തിനിടെ പരുക്കേറ്റ പൃഥി ഷായ്ക്ക് പരമ്പരയിലെ ഇനിയുള്ള മൽസരങ്ങളും നഷ്ടമാകും. ഷായ്ക്കു പകരക്കാരനായി ടീമിനൊപ്പം ചേർന്ന മായങ്ക് അഗർവാളിനെ ഇന്ത്യ ഓപ്പണിങ് സ്ഥാനത്തു പരീക്ഷിച്ചേക്കും. ഏഷ്യ കപ്പിനിടെയേറ്റ പരുക്കു സുഖപ്പെട്ട ഹാർദിക് പാണ്ഡ്യയും ടീമിനൊപ്പം ചേർന്നിട്ടുണ്ട്.

മെൽബണിൽ നേർക്കുനേർ

മൽസരം: 12

ജയം ഓസീസ്: 8

ജയം ഇന്ത്യ: 2

∙ 'മെൽബൺ ടെസ്റ്റിൽ ഞാൻ മികച്ച പ്രകടനം പുറത്തെടുക്കും എന്ന് ഉറപ്പാണ്. അഡ്‌ലെയ്ഡിൽനിന്നു പെർത്തിലേക്ക് എത്തിയപ്പോൾ ഞാൻ ഏറെ മെച്ചപ്പെട്ടിരുന്നു. മെൽബണിൽ സെഞ്ചുറിയോ ഇരട്ട സെഞ്ചുറിയോ പ്രതീക്ഷിക്കാം.' – അജിൻക്യ രഹാനെ (ഇന്ത്യൻ വൈസ് ക്യാപ്റ്റൻ)

∙ 'വിരാട് കോഹ്‌ലി മികച്ച ക്യാപ്റ്റനാണ്. കോഹ്‌ലിക്കൊപ്പം രണ്ട് ഐപിഎൽ സിസണുകളിൽ ഞാൻ കളിച്ചിട്ടുണ്ട്. കോഹ്‌ലിക്കു കീഴിൽ കളിക്കാൻ രസമാണ്.' - മിച്ചൽ സ്റ്റാർക്ക് (ഓസീസ് പേസർ)