കളിക്കുന്നതു വിമർശകരുടെ വായടപ്പിക്കാനല്ല: നിലപാട് വ്യക്തമാക്കി പൂജാര

ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ചുറി നേടിയ ചേതേശ്വർ പൂജാര. ചിത്രം: ബിസിസിഐ ട്വിറ്റർ

മെൽബൺ∙ താൻ രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്നതു വിമര്‍ശകരുടെ വായടപ്പിക്കാനല്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാര. ഓസ്ട്രേലിയയ്ക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിൽ സെഞ്ചുറി കുറിച്ചശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണു വിമർശകരെ ഗൗനിക്കാറേയില്ലെന്നു താരം നിലപാടു വ്യക്തമാക്കിയത്. നാല് മല്‍സരങ്ങളുള്ള ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ പൂജാര രണ്ട് സെഞ്ചുറികളാണ് ഇതുവരെ നേടിയത്. മോശം പ്രകടനം കാരണം താരത്തെ ടെസ്റ്റ് ടീമിൽനിന്നു പുറത്താക്കണമെന്ന് അടുത്തിടെ ആവശ്യമുയർന്നിരുന്നു.

വിമർശകരെ നിശബ്ദരാക്കുന്നതിനല്ല തന്റെ ശ്രമമെന്ന് പൂജാര വ്യക്തമാക്കി. ആരെയും നിശബ്ദരാക്കാനല്ല. റണ്‍സെടുക്കുകയെന്നത് എന്റെ ആവശ്യമാണ്. അതു ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു. മറ്റുകാര്യങ്ങളിൽ ഇടപെടുന്നതിന് എനിക്കു താൽപര്യമില്ല. നാട്ടിലായാലും വിദേശത്തായാലും എന്റെ ജോലി റൺസ് സ്കോർ ചെയ്യുക എന്നതാണ്. ചില സമയങ്ങളിൽ വിമർശിക്കപ്പെടാം പക്ഷേ അതും നമ്മൾ സ്വീകരിക്കണം. പക്ഷേ ഇന്ത്യ വിജയിക്കുമ്പോൾ അത് എല്ലാവരുടെയും സന്തോഷമാണ്– പൂജാര പറഞ്ഞു.

രണ്ട് സെഞ്ചുറി നേടിയെങ്കിലും ആശ്വാസമായെന്നു പറയാനാകില്ല. എന്തെന്നാൽ റണ്‍സ് സ്കോർ ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് എപ്പോഴും അറിയാം. സെഞ്ചുറികൾ നേടുന്നതു നല്ല കാര്യമാണ്. ഇന്ത്യയിൽ നടക്കുന്ന മല്‍സരങ്ങളിൽ മാത്രമാണു ഞാൻ തിളങ്ങുന്നതെന്നാണു ധാരണ. പക്ഷേ ഇന്ത്യ കുറേയേറെ ടെസ്റ്റ് മൽസരങ്ങൾ കളിക്കുന്നതു സ്വന്തം നാട്ടിൽ വച്ചാണ്.

ചിലപ്പേഴെല്ലാം കാര്യങ്ങൾ വളരെ ബുദ്ധിമുട്ടിലാകും. പ്രത്യേകിച്ചു ഒരു വിദേശപര്യടനത്തിലാണെങ്കിൽ. റൺസ് നേടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു ബാറ്റ്സ്മാൻ വിദേശത്തു കളിക്കുന്നതു വെല്ലുവിളിയേറിയ കാര്യമാണെന്നും പൂജാര നിലപാടെടുത്തു. മെൽബണിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കരിയറിലെ 17ാം സെഞ്ചുറിയാണു താരം നേടിയത്. 319 പന്തുകൾ നേരിട്ട പൂജാര 106 റൺസെടുത്താണു പുറത്തായത്. അഡ്‍ലെയ്ഡില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലും പൂജാര സെഞ്ചുറി നേടിയിരുന്നു.