Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിഎല്ലിൽ 4 ഓവർ ബോൾ ചെയ്താൽ എന്തു ക്ഷീണം?: കോഹ്‍ലിയെ തിരുത്തി ധോണി

FILES-CRICKET-IND-ENG

ചെന്നൈ∙ ഏകദിന ലോകകപ്പ് കണക്കിലെടുത്ത് ആവശ്യത്തിന് വിശ്രമം ഉറപ്പാക്കാൻ ജസ്പ്രീത് ബുമ്രയും ഭുവനേശ്വർ കുമാറും ഉൾപ്പെടെയുള്ള പേസ് ബോളർമാരെ ഐപിഎല്ലിൽ കളിപ്പിക്കരുതെന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ നിർദ്ദേശത്തെ തുറന്നെതിർത്ത് മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി. ലോകകപ്പിനു മുൻപ് ബോളിങ്ങിലെ താളം നിലനിർത്താനും ആയുധങ്ങൾക്കു മൂർച്ച കൂട്ടാനും ഇവരെ ഐപിഎല്ലിൽ കളിക്കാൻ അനുവദിക്കുകയാണ് വേണ്ടതെന്ന് ധോണി അഭിപ്രായപ്പെട്ടു.

പേസ് ബോളർമാർ എളുപ്പം പരുക്കിനു കീഴടങ്ങുന്നതിനാൽ‍ ഇന്ത്യൻ പേസ് ബാറ്ററിയുടെ കുന്തമുനകളായ ജസ്പ്രീത് ബുമ്രയെയും ഭുവനേശ്വർ കുമാറിനെയും ഐപിഎൽ കളിക്കുന്നതിൽ നിന്നൊഴിവാക്കണമെന്നായിരുന്നു കോഹ്‍ലിയുടെ ആവശ്യം. ഇംഗ്ലണ്ടിലെ പിച്ചുകൾ, പേസ് ബോളർമാരുടെ മികവ് എന്നിവ വിലയിരുത്തിയാണു ഈ രണ്ടുപേരുടെ കാര്യത്തിൽ കോഹ്‍ലിയുടെ നിർദേശം.

∙ ധോണിയുടെ പ്രതികരണം

‘ഒരു മൽസരത്തിൽ നാല് ഓവർ ബോൾ ചെയ്യുന്നത് ആരെയും ക്ഷീണിതരാക്കില്ല. സത്യത്തിൽ ഈ നാല് ഓവറുകൾ ബോളറുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കരുത്തു വർധിപ്പിക്കുകയാണു ചെയ്യുക. യോർക്കറുകൾ കൂടുതൽ മൂർച്ചയുള്ളതാക്കാനും ബോളിങ്ങിലെ വേരിയേഷൻസ് കൃത്യമാക്കാനും സമ്മർദ്ദ ഘട്ടങ്ങളിൽ മികവോടെ പന്തെറിയാനും ഇതു ബോളർമാരെ സഹായിക്കും. അതുകൊണ്ടുതന്നെ ഐപിഎല്ലിലെ എല്ലാ മൽസരങ്ങളും ഇവർ കളിക്കണം എന്നാണ് എന്റെ അഭിപ്രായം. നിയന്ത്രിക്കേണ്ടത് കഴിക്കുന്ന ഭക്ഷണവും മറ്റു ജീവിതക്രമങ്ങളുമാണ്.’

ലോകകപ്പിൽ ഏറ്റവും മികവോടെ പന്തെറിയേണ്ടവരാണ് ബോളർമാരെന്ന് ധോണി ചൂണ്ടിക്കാട്ടി. കഴിവുകൾ തേച്ചുമിനുക്കിയെടുക്കാനുള്ള ഏറ്റവും മികച്ച വേദിയാണ് ഐപിഎല്‍ എന്ന് എനിക്കു പലകുറി തോന്നിയിട്ടുണ്ട്. കാരണം അവിടെ നമുക്ക് ഒരുപാടു സമയം കിട്ടും. മൂന്നു ദിവസം കൂടുമ്പോൾ മൂന്നര മണിക്കൂർ മാത്രമാണ് ഐപിഎല്ലിൽ ഒരാൾ കളിക്കേണ്ടി വരിക. അപ്പോൾ കൂടുതൽ സമയം ജിംനേഷ്യത്തിലും മറ്റും ചെലവഴിക്കാൻ നമുക്കു സാധിക്കും’ – ധോണി ചൂണ്ടിക്കാട്ടി.

അതേസമയം, ബോളർമാരെ പരുക്കിൽനിന്നു സംരക്ഷിച്ചുനിർത്തേണ്ടതും അത്യാവശ്യമാണെന്നു ധോണി സമ്മതിച്ചു. ബോളർമാരെ കളിപ്പിക്കാതിരുന്നാൽ എല്ലാവരും പറയും, അവരെ നമ്മൾ വെറുതെയിരുത്തി നശിപ്പിച്ചു എന്ന്. ഇനി കളിപ്പിച്ചാലോ, ഊർജം മുഴുവൻ ഐപിഎല്ലിൽ കളഞ്ഞു എന്നു പറയും. ഈ രണ്ടു ഘടകങ്ങളും പരിഗണിച്ച് അനുയോജ്യമായൊരു പരിഹാരം കണ്ടെത്തുകയാണു വേണ്ടതെന്നും ധോണി പറഞ്ഞു.

∙ എതിർപ്പറിയിച്ച് രോഹിത്തും

അതേസമയം, ഇടക്കാല ഭരണസമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ കോഹ്‍ലി മുന്നോട്ടുവച്ച നിർദേശം ആ യോഗത്തിൽ സന്നിഹിതനായിരുന്ന രോഹിത് ശർമ അപ്പോൾത്തന്നെ നിരാകരിച്ചിരുന്നു. മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെത്തുകയും ബുമ്ര കളിക്കാൻ ഫിറ്റുമാണെങ്കിൽ തങ്ങൾ ബുമ്രയെ ഫീൽഡിലിറക്കുമെന്ന് ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ തുറന്നടിച്ചിരുന്നു. ടീം കോച്ച് ശാസ്ത്രിയുടെ പിന്തുണയോടെ കോഹ്‍ലി മുന്നോട്ടുവച്ച നിർദേശത്തെ ഐപിഎൽ ടീമുകൾ പിന്താങ്ങിയിരുന്നില്ല. കളിക്കാർക്കു വിശ്രമം വേണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ബിസിസിഐക്കുമില്ല.

സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണിങ് ബോളറാണ് ഭുവനേശ്വർ കുമാർ. കഴിഞ്ഞ തവണ ഫൈനൽ കളിച്ച ടീമാണ് ഹൈദരാബാദ്. മുംബൈ ബുമ്രയെയും ഹൈദരാബാദ് ഭുവനേശ്വറിനെയും വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്. കഴിഞ്ഞ തവണ മുംബൈ നിലനിർത്തിയ മൂന്നു കളിക്കാരിലൊരാൾ ബുമ്ര ആയിരുന്നു.

∙ ഐപിഎല്ലിൽനിന്ന് ലോകകപ്പിലേക്ക് 17 ദിവസം

അടുത്ത വർഷം മാർച്ച് 29 മുതൽ മെയ് 19 വരെയാണ് ഐപിഎൽ മൽസരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പൊതുതിര‍ഞ്ഞെടുപ്പു സംബന്ധിച്ച അനശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഐപിഎൽ ഇന്ത്യയിൽത്തന്നെ നടക്കുമോയെന്നും ഉറപ്പില്ല. ഇന്ത്യയിൽ അനുകൂല സാഹചര്യമില്ലെങ്കിൽ ദക്ഷിണാഫ്രിക്കയിൽ മൽസരങ്ങൾ നടത്താനും നീക്കമുണ്ട് . ജൂൺ അഞ്ചിനാണു ഇംഗ്ലണ്ടിലെ ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ മൽസരം. അതായത് ഐപിഎൽ ഫൈനലും ഇന്ത്യയുടെ ആദ്യ മൽസരവും തമ്മിലുള്ള വ്യത്യാസം 17 ദിവസം മാത്രം.

ഒന്നര മാസത്തോളം നീളുന്ന ട്വന്റി20 മാമാങ്കം കളിക്കാരെ തളർത്തുമെന്ന വാദം ന്യായം. ഐപിഎല്ലിൽ പ്ലേ ഓഫ് വരെ എത്തിയ ടീമിന്റെ മികച്ച ബോളർക്ക് ഒരു സീസണിൽ 60–70 ഓവറുകൾ ബോൾ ചെയ്യേണ്ടതായി വരുന്നുണ്ട്. കോഹ്‍ലിയുടെ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ കളിക്കാർക്ക് കൂടുതൽ വിശ്രമം കിട്ടാൻ ഐപിഎൽ മൽസരം ഒരാഴ്ച മുൻപ് തുടങ്ങുമോയെന്നും വ്യക്തമല്ല. ഐപിഎല്ലിന്റെ പ്രായോഗികതയും ഫ്രാഞ്ചൈസികൾ കളിക്കാരിൽ നിക്ഷേപിച്ച കോടികളും കൂടി കണക്കിലെടുത്താണ് താൻ രണ്ടു ബോളർമാരുടെ കാര്യം മാത്രം പറഞ്ഞതെന്ന നിലപാടിലാണ് കോഹ്‍ലി. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഖലീൽ എന്നിവരുടെ കാര്യത്തിൽ ടീമുകൾക്ക് സ്വാതന്ത്ര്യമുണ്ട് എന്നാണ് കോഹ്‍ലിയുടെ നിലപാട്.</p>

ജസ്പ്രീത് ബുമ്ര

സീസണിൽ മികച്ച ഫോമിൽ. ഡെത്ത് ഓവറുകളിൽ ഇന്ത്യയുടെ വജ്രായുധം. കിറുകൃത്യമാർന്ന യോർക്കറുകൾ. കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈയ്ക്ക് വേണ്ടി പതിനേഴു വിക്കറ്റ് വീഴ്ത്തി. പതിനാലു കളികൾ കളിച്ചു.കോടികൾ മുടക്കി മുംബൈ രോഹിത് ശർമക്കൊപ്പം നിലനിർത്തിയ താരം. ഐപിഎല്ലിൽ ഇതുവരെ 63 വിക്കറ്റ് നേട്ടം.

ഭുവനേശ്വർ കുമാർ

ഐപിഎൽ 2017 സീസണിൽ 26 വിക്കറ്റെടുത്ത ഭുവി പോയ സീസണിൽ ഒൻപതു വിക്കറ്റെടുത്തു. 2018 സീസണിൽ 12 മൽസരങ്ങൾ കളിച്ചു. ഐപിഎല്ലിൽ 102 മൽസരങ്ങൾ കളിച്ചു. 120 വിക്കറ്റിനുടമ. കഴിഞ്ഞ സീസണിൽ ഹൈദരാബാദ് ശിഖർധവാനെ തഴഞ്ഞപ്പോഴും ഭുവനേശ്വറിനെ ടീമിൽ നിലനിർത്തി.

related stories