ഇംഗ്ലണ്ട്, ഇൻസ്വിങർ, സച്ചിൻ; മനസ്സു തുറന്ന് കോഹ്‌ലി

ന്യൂഡൽഹി ∙ 2014ലെ ഇംഗ്ലണ്ട് പര്യടനത്തിൽ തന്നെ ചതിച്ചത് ബാറ്റിങ് ടെക്നിക്കിനെക്കുറിച്ചുള്ള ഉത്കണ്ഠയും ഉപഭൂഖണ്ഡത്തിനു പുറത്ത് കഴിവു തെളിയിക്കണമെന്നുള്ള അമിതമായ വ്യഗ്രതയുമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ഒന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ സെഞ്ചുറിയോടെ ടീമിനെ വിജയത്തിലേക്കു നയിച്ചതിനുശേഷം, ബിസിസിഐ ടിവിക്കു വേണ്ടി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈനോടു സംസാരിക്കവെയാണ് കോഹ്‌ലി മനസ്സു തുറന്നത്.

2014 ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചു ടെസ്റ്റുകളിൽ ഒരു ഇന്നിങ്സിൽ പോലും കോഹ്‌ലി അർധ സെഞ്ചുറി കുറിച്ചിരുന്നില്ല. എന്നാൽ പിന്നീട് ടെക്നിക്കും മനോഭാവവും മാറ്റിയപ്പോൾ പിന്നീടു വന്ന നാലു ടെസ്റ്റുകളിലും സെഞ്ചുറി നേടി. ‘‘ചില രാജ്യങ്ങളിൽ മികച്ച പ്രകടനം നടത്തിയാലേ ഇന്ത്യയിൽ മികച്ച ബാറ്റ്സ്മാനായി അംഗീകരിക്കപ്പെടൂ എന്ന സമ്മർദ്ദമാണ് എനിക്കു വിനയായത്. ഇപ്പോഴും ആളുകൾ ഇങ്ങനെ തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത് എന്തിനാണെന്ന് എനിക്കു മനസ്സിലാകുന്നില്ല’’– കോഹ്‌ലി പറഞ്ഞു. ‘‘ബാറ്റിങ് ടെക്നിക്ക് വലിയ കാര്യമാണെന്നതു ശരി തന്നെ. പക്ഷേ, അത്ര മികച്ച ടെക്നിക്ക് ഇല്ലാത്തവരും മനസ്സുറപ്പ് കൊണ്ട് രാജ്യാന്തര ക്രിക്കറ്റിൽ വിജയിക്കുന്നുണ്ട്. അതു കൊണ്ട് ടെക്നിക്കിനെക്കുറിച്ച് അനാവശ്യമായി ഉൽകണ്ഠാകുലനാകുന്നതും അപകടമാണ്. ഇംഗ്ലണ്ടിൽ എന്നെ അതും ബാധിച്ചു’’– കോഹ്‌ലി പറഞ്ഞു.

‘‘എല്ലായ്പ്പോഴും ഇൻസ്വിങറുകൾ പ്രതീക്ഷിച്ച് അരക്കെട്ട് ബോളർക്ക് അഭിമുഖമായി വച്ചാണ് ഞാൻ കളിച്ചത്. പക്ഷേ, ഔട്ട്സ്വിങറുകൾ വന്നപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ഞാൻ കുടുങ്ങി’’. പരമ്പരയ്ക്കു ശേഷം വിലയിരുത്തിയപ്പോൾ പിഴവുകൾ മനസ്സിലായ താൻ അതു തിരുത്തിയാണ് ഓസ്ട്രേലിയയിലേക്കു പോയതെന്ന് കോഹ്‌ലി പറഞ്ഞു. ‘‘ഷോട്ട് കളിക്കുമ്പോൾ കാൽപ്പാദം കവറിനു പകരം പോയിന്റിലേക്കു കേന്ദ്രീകരിക്കുന്നതിലാണ് ഞാൻ ശ്രദ്ധിച്ചത്. സ്റ്റംപ് തുറന്നു നിലയുറപ്പിച്ചതോടെ ആവശ്യമുള്ളപ്പോൾ ആക്രമിച്ചു കളിക്കാനുള്ള സ്പേസും കിട്ടിത്തുടങ്ങി’’. ഇപ്പോൾ സ്വാഭാവികമായി തോന്നുന്നുവെങ്കിലും അന്ന് ഇതു പരിശീലിക്കൽ വേദനാജനകമായിരുന്നെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറ‍ഞ്ഞു. ‘‘ദിവസവും മൂന്നു മണിക്കൂർ വീതം പത്തു ദിവസമാണ് ഞാൻ പരിശീലച്ചത്. അമിതബലം കൊടുത്തതിനാൽ എന്റെ കൈകളിൽ നീരു വന്നു’’. ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുടെ ഉപദേശങ്ങളും തനിക്കു സഹായകരമായെന്ന് കോഹ്‌ലി പറഞ്ഞു.

‘‘സ്പിന്നർമാരെ നേരിടുന്ന പോലെ തന്നെ മുന്നോട്ടാഞ്ഞ് പേസ് ബോളർമാരെ നേരിടാൻ സച്ചിനാണ് എന്നെ ഉപദേശിച്ചത്. പന്തിന് നമ്മളെ കബളിപ്പിക്കാൻ അധികം സമയവും സ്ഥലവും കൊടുക്കരുതെന്നായിരുന്നു സച്ചിന്റെ തത്വം’’. കരിയറിന്റെ തുടക്കത്തിൽ സ്ഥിരമായി ഓൺസൈഡിലേക്കു കളിച്ചു കൊണ്ടിരുന്ന താൻ ഗ്രിപ്പിൽ മാറ്റം വരുത്തിയാണ് ഓഫ്സൈഡിലും കരുത്തനായതെന്നും കോഹ്‌ലി പറഞ്ഞു.