സഞ്ജുവിന് കെസിഎയുടെ കാരണം കാണിക്കൽ നോട്ടിസ്

കൊച്ചി ∙ കളിക്കിടെ ഡ്രസിങ് റൂമിൽ അപമര്യാദയായി പെരുമാറുകയും ഗ്രൗണ്ട് വിട്ടുപോവുകയും ചെയ്ത സംഭവത്തിൽ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം താരം സഞ്ജു സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) അന്വേഷണം. വൈസ് പ്രസിഡന്റ് ടി.ആർ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സമിതി സഞ്ജുവിന് ഇന്നലെ കാരണം കാണിക്കൽ നോട്ടിസ് അയച്ചു.

സഞ്ജു നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാവും തുടർനടപടിയെന്നു കെസിഎ അധികൃതർ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ടു സഞ്ജുവിന്റെ പിതാവ് വി. സാംസൺ കെസിഎ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായ ടി.സി. മാത്യുവിനെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്.

കഴിഞ്ഞ മാസം 15നു മുംബൈയിൽ ഗോവയ്ക്കെതിരായ രഞ്ജി മൽസരത്തിനിടെയാണ് വിവാദ സംഭവം. സംഭവത്തെക്കുറിച്ച് കെസിഎ പറയുന്നതിങ്ങനെ. 15ന് ഉച്ചയ്ക്ക് 2.15നു ചായയ്ക്കായുള്ള ഇടവേളയുടെ തൊട്ടുമുൻപേ കേരളത്തിന്റെ രണ്ടാം ഇന്നിങ്സിൽ തുച്ഛമായ റൺസിനു പുറത്തായ സഞ്ജു ദേഷ്യത്തോടെയാണ് ഡ്രസിങ് റൂമിലെത്തിയത്.

ആദ്യം ബാറ്റ് വലിച്ചെറിയുകയും പിന്നീട് അടിച്ചുപൊട്ടിക്കുകയും ചെയ്തു. ചായയുടെ ഇടവേളയ്ക്കു പിന്നാലെ ആരോടും പറയാതെ സഞ്ജു ഡ്രസിങ് റൂമിൽനിന്ന് അപ്രത്യക്ഷനായി. വൈകിട്ടു നാലരയ്ക്കു കളി കഴിയുമ്പോഴും തിരിച്ചുവന്നില്ല. അന്നുരാത്രി എട്ടേകാലോടെയാണ് റൂമിൽ മടങ്ങിയെത്തിയത്. ബീച്ചിൽ പോയി എന്ന മറുപടിയാണു ലഭിച്ചത്.

ഡ്രസിങ് റൂമിലുൾപ്പെടെ കളി ഉപകരണങ്ങൾ നശിപ്പിക്കുന്ന വിധത്തിൽ അപമര്യാദയായി പെരുമാറുന്നതും കളിക്കിടെ ടീം മാനേജ്മെന്റിന്റെയും ബിസിസിഐ നിരീക്ഷകരുടെയും അനുമതിയില്ലാതെ ഗ്രൗണ്ടിനു പുറത്തുപോകുന്നതും ഗുരുതരമായ കുറ്റമാണ്. ആന്ധ്രയ്ക്കെതിരെ കട്ടക്കിൽ നടന്ന കളിയിലും സഞ്ജുവിനു തിളങ്ങാനായില്ല.
അവിടെയും അവിടെ നിന്നു ത്രിപുരയ്ക്കെതിരായ അടുത്ത മൽസരത്തിനായി ടീം ഭുവനേശ്വറിൽ എത്തിയപ്പോഴും സഞ്ജുവിന്റെ പിതാവ് വി. സാംസണും എത്തിയിരുന്നു.

26ന് ഉച്ചയോടെ സഞ്ജു ടി.സി. മാത്യുവിനെയും ട്രഷറർ ജയേഷ് ജോർജിനെയും ഫോണിൽ ബന്ധപ്പെട്ടു തനിക്കു കാലിൽ പരുക്കാണെന്നും വിശ്രമത്തിനായി നാട്ടിലേക്കു പോകാൻ അനുമതി നൽകണമെന്നും അഭ്യർഥിച്ചു. ടീം മാനേജ്മെന്റിനോടും ഫിസിയോയോടും പറയാനും അവർ വേണ്ടതു ചെയ്യുമെന്നും ഇരുവരും നിർദേശിച്ചു.

എന്നാൽ സഞ്ജുവിനു നാട്ടിലേക്കു മടങ്ങാൻ അനുമതി നൽകാത്തതിന്റെ പേരിൽ രാത്രിയോടെ വി. സാംസൺ ടി.സി. മാത്യുവിനെ ഫോണിൽ രണ്ടു തവണയായി വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ കെസിഎ മീഡിയ മാനേജരെയും വിളിച്ച് ഇതേ രീതിയിൽ സംസാരിച്ചു.

സഞ്ജു ടീം ക്യാംപിലുള്ളപ്പോഴും സാംസൺ അനാവശ്യമായി ഇടപെടലുകൾ നടത്താറുണ്ടെന്നും കെസിഎ ആരോപിക്കുന്നു. പ്രശ്നം വഷളായതോടെ 29നു കെസിഎ സിലക്ടർമാരുടെ യോഗം വിളിച്ചു. അവരുടെ നിർദേശം അനുസരിച്ചാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്.

മുൻ കേരള ടീം ക്യാപ്റ്റനും മുൻ ബിസിസിഐ മാച്ച് റഫറിയുമായ എസ്. രമേശ്, ബിസിസിഐ മാച്ച് റഫറി പി. രംഗനാഥൻ, ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ശ്രീജിത്ത് വി. നായർ എന്നിവരാണ് ടീം അംഗങ്ങൾ. ഇന്നലെ ഇ–മെയിൽ ആയാണ് കാരണം കാണിക്കൽ നോട്ടിസ് അയച്ചത്. സഞ്ജുവിന്റെ കാലിൽ പരുക്കുള്ളതായി അടുത്ത ദിവസം ഡോക്ടർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

കെസിഎ സഹായിച്ചില്ല: സാംസൺ

തിരുവനന്തപുരം ∙ സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷൻ സഹായിച്ചില്ലെന്നു പിതാവ് സാംസൺ. കാൽമുട്ടിലെ പരുക്കു ചികിത്സിക്കാൻ അനുമതി നൽകിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചികിത്സാച്ചെലവു വഹിക്കാൻ അഭ്യർഥിച്ചെങ്കിലും കെസിഎ തയാറായില്ല. പെരുമാറ്റത്തെക്കുറിച്ചുള്ള ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഡ്രസിങ് റൂമിലുണ്ടായതു സ്വാഭാവിക പ്രതികരണം മാത്രമാണെന്നും സാംസൺ പറഞ്ഞു.

സർക്കാർ സഹായിക്കും: മന്ത്രി

തിരുവനന്തപുരം ∙ സഞ്ജു സാംസണിന്റെ ചികിത്സയ്ക്കു വേണ്ട എല്ലാ സഹായവും സംസ്ഥാന സർക്കാർ ചെയ്യുമെന്നു മന്ത്രി എ.സി.മൊയ്തീൻ. സഞ്ജുവിനെ മനഃപൂർവം കുടുക്കാനുള്ള ശ്രമങ്ങൾ സർക്കാർ ചെറുക്കും.