കൊലകൊമ്പനാണ് ഈ കോഹ്‌ലി; കാരണം?

ന്യൂഡൽഹി ∙ ‘മികച്ച കളിക്കാരനാവാൻ കഴിവു വേണം; മഹാനായ കളിക്കാരനാവാൻ വിരാട് കോഹ്‌ലിയുടെ മനോഭാവം വേണം’ – കോഹ്‌ലിയെക്കുറിച്ചു സുനിൽ ഗാവസ്കറുടെ വാക്കുകളാണിത്. ടെസ്റ്റിൽ എതിരാളികളെ കശക്കിയെറിഞ്ഞു ടീം ഇന്ത്യ ജൈത്രയാത്ര നടത്തുമ്പോൾ, വിരാട് കോഹ്‌ലി എന്ന നായകനു നൂറിൽ നൂറാണു മാർക്ക്.

ആക്രമണോൽസുകതയും പക്വതയും സമാസമം ചേർന്ന മനോഭാവത്തിലൂടെ ടീമിനെ മുന്നിൽനിന്നു നയിക്കുന്ന തന്റേടിയെന്ന പെരുമ ചുരുങ്ങിയ കാലംകൊണ്ട് കോഹ്‌ലി സ്വന്തമാക്കി. കോഹ്‌ലിക്കു കീഴിൽ തോൽവിയറിയാത്ത തുടർച്ചയായ 18 ടെസ്റ്റുകളാണ് ഇന്നലെ ഇന്ത്യ പൂർത്തിയാക്കിയത്. സമ്മർദം കൂടുന്തോറും തന്റെ പ്രകടനത്തിന്റെ നിലവാരം ഉയർത്താനുള്ള കഴിവ്, കോഹ്‌ലിയെ ലോകത്തിലെ മികച്ച ടെസ്റ്റ് നായകരുടെ നിരയിൽ ‍പ്രതിഷ്ഠിക്കുന്നു. മൂന്നു ടെസ്റ്റുകൾ ജയിച്ചു പരമ്പര സ്വന്തമാക്കിയെങ്കിലും ചെന്നൈ ടെസ്റ്റിൽ കോഹ്‌ലിയും കൂട്ടരും പ്രകടിപ്പിച്ച വിജയദാഹം ടീം ഇന്ത്യയുടെ മാറുന്ന മുഖത്തിന്റെ പ്രതീകമാണ്.

അവസാന നിമിഷം വരെയും എതിരാളിയെ കടിച്ചു കീറാനുള്ള ‘കില്ലർ ഇൻസ്റ്റിങ്റ്റ്’ ഈ ടീമിനു കൈവന്നിരിക്കുന്നു. പ്രതാപകാലത്തെ ഓസ്ട്രേലിയയുടെ പ്രകടനത്തെ ഓർമിപ്പിക്കുന്ന പോരാട്ടവീര്യം. മുന്നിൽനിന്നു നയിക്കുന്നയാൾ കൊല വിളിക്കുമ്പോൾ പിന്നിലുള്ളവർ മാറി നിൽക്കുന്നതെങ്ങനെ? നായകന്റെ മനോഭാവം സഹതാരങ്ങളിലേക്കും പകർന്നതോടെ, ടീം അടിമുടി മാറി.

സമനിലയിലേക്കെന്നു തോന്നിച്ച ചെന്നൈ ടെസ്റ്റിനെ വിജയത്തിലേക്കു വഴിതിരിച്ചുവിട്ടതു കോഹ്‌ലിയുടെ പോരാട്ടവീര്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. നാലാംദിനം കരുൺ നായർ കൂറ്റൻ സ്കോറിലേക്കു നീങ്ങുമ്പോൾ ഇന്നിങ്സ് തുടരുന്നതു സംബന്ധിച്ചു ഡ്രസിങ് റൂമിൽ ആശയക്കുഴപ്പം രൂപപ്പെട്ടിരുന്നു. എത്രയും വേഗം ഇന്നിങ്സ് ഡിക്ളയർ ചെയ്ത് ഇംഗ്ളണ്ടിനെ ബാറ്റിങ്ങിന് അയയ്ക്കണമെന്ന അഭിപ്രായം ശക്തമായപ്പോൾ, കോഹ്‌ലിയിൽനിന്നു കരുണിന് സന്ദേശമെത്തി – ബോളർമാർക്കു പിന്നാലെ പോവുക, ടീം ഡിക്ളയർ ചെയ്യാൻ പോകുന്നു. സന്ദേശം കരുൺ അക്ഷരംപ്രതി പാലിച്ചു. 250ൽ നിന്ന കരുൺ ചുരുങ്ങിയ പന്തുകളിൽ മുന്നൂറിലേക്കു കുതിച്ചു.

നാലാം ദിനത്തിലെ അവസാന അഞ്ച് ഓവറുകളിൽ ഇംഗ്ളണ്ടിനെ ബാറ്റിങ്ങിനിറക്കി സമ്മർദം ചെലുത്താൻ ഇതുവഴി കോ‌ഹ്‌ലിക്കു സാധിച്ചു. സഹതാരങ്ങളുടെ വ്യക്തിഗത നേട്ടങ്ങൾക്ക് അവസരം നിഷേധിക്കാതെ, ടീമിനെ വിജയത്തിലെത്തിക്കാനുള്ള സൂത്രവാക്യമറിയുന്നവനാണു കോഹ്‌ലി. ഈ വിരാടന്റെ ഏറ്റവും വലിയ ശക്തിയും അതുതന്നെ.