നൂറിന്റെ തിളക്കത്തിൽ ഇന്ത്യൻ ഫുട്ബോൾ

ന്യൂഡൽഹി ∙ നൂറിന്റെ തിളക്കത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം. സമീപകാല വിജയങ്ങളുടെ കരുത്തിൽ ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിലെത്തിയാണു ടീം ഇന്ത്യ ചരിത്രമെഴുതിയത്. കഴിഞ്ഞ 21 വർഷത്തിനിടെ ആദ്യമായാണ് ഈ നേട്ടം.

ഇന്നലെ പുറത്തിറങ്ങിയ ഏറ്റവും പുതിയ റാങ്കിങ്ങിൽ ലിത്വാനിയ, എസ്തോണിയ, നിക്കരാഗ്വ എന്നിവർക്കൊപ്പമാണ് ഇന്ത്യ. കഴിഞ്ഞ മാസം 101-ാം സ്ഥാനത്തായിരുന്നു. റാങ്കിങ്ങിൽ ബ്രസീൽ തന്നെയാണ് ഒന്നാമത്. അർജന്റീന രണ്ടാം സ്ഥാനത്തും ജർമനി മൂന്നാം സ്ഥാനത്തുമുണ്ട്. 

രണ്ടു വർഷത്തിനിടെ കളിച്ച 13 കളികളിൽ 11ലും ജയം നേടിയതാണ് ഇന്ത്യൻ ടീമിനു  കരുത്തായത്. ഇതിൽത്തന്നെ അവസാന ആറു മൽസരങ്ങളിൽ തുടർച്ചയായി വിജയം നേടി.

ഏപ്രിൽ മാസത്തെ റാങ്കിങ്ങിൽ 31 സ്ഥാനങ്ങൾ കയറിയ ഇന്ത്യ ലോക ഫുട്ബോൾ സംഘടനയുടെ റാങ്കിങ്ങിൽ 101–ാം സ്ഥാനത്തെത്തിയിരുന്നു. മേയ് മാസത്തെ റാങ്കിങ്ങിൽ ഒരുപടികൂടി ഉയർന്നു. നൂറാം സ്ഥാനത്തായിരുന്ന ആഫ്രിക്കൻ രാജ്യമായ മലാവി, മഡഗാസ്കറിനെതിരായ മൽസരത്തിൽ പരാജയപ്പെട്ടത് ഇന്ത്യയ്ക്കു നേട്ടമായി. 

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്ക് നേട്ടങ്ങളിലൊന്നാണിത്. 1996 ഏപ്രിലിലാണ് ഇതിനു മുൻപ് ഇന്ത്യ 100-ാം റാങ്കിലെത്തിയിരുന്നത്. ഏഷ്യയിൽ 11–ാം റാങ്കിലാണ് ഇന്ത്യൻ ടീം.

1996 ഫെബ്രുവരിയിൽ 94–ാം സ്ഥാനത്തെത്തിയതാണു ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. 93 നവംബറിൽ 99–ാം സ്ഥാനത്തെത്തിയിരുന്നു. എന്നാൽ അതിനുശേഷം നിലവാരം നഷ്ടപ്പെട്ട ഇന്ത്യൻ ഫുട്ബോൾ 2015ൽ 173 വരെ താണു. 

സാഫ് രാജ്യങ്ങളിലും മുന്നിൽനിൽക്കുന്നത് ഇന്ത്യയാണ്. മാലദ്വീപ് 151–ാം സ്ഥാനം സ്വന്തമാക്കിയപ്പോൾ നേപ്പാൾ 172-ാം സ്ഥാനത്താണ്. ഇന്ത്യൻ ഫുട്ബോൾ ടീം ശരിയായ ദിശയിൽ സഞ്ചരിക്കുന്നുവെന്നതിനു തെളിവാണ് ഈ നേട്ടങ്ങളെന്നു കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ വ്യക്തമാക്കി.

ഒട്ടേറെ പ്രധാന മൽസരങ്ങൾ വരാനുണ്ട്. ഒന്നിനെയും ചെറുതായി കാണാൻ സാധിക്കില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. 

ഏഷ്യൻ ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ യോഗ്യതാ മൽസരങ്ങളാണ് ഇന്ത്യ ഇനി നേരിടാനുള്ളത്. ജൂൺ ഏഴിനു ലബനനുമായി ഇന്ത്യ നാട്ടിൽ സൗഹൃദമത്സരം കളിക്കുന്നുണ്ട്.

 ഏഷ്യൻ ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ യോഗ്യതാമത്സരത്തിൽ മ്യാൻമറിനെ 1–0നു തോൽപിച്ചതാണ് ഏറ്റവുമൊടുവിലത്തെ നേട്ടം.

 64 വർഷത്തിനുശേഷമാണു മ്യാൻമറിനെ ഇന്ത്യ തോൽപിക്കുന്നത്. അതിനു മുൻപു സൗഹൃദമത്സരത്തിൽ കംബോഡിയയെ 3–2നു തോൽപിച്ചിരുന്നു.