അണ്ടർ 20 ഫുട്ബോൾ ലോകകപ്പ് ഇംഗ്ലണ്ടിന്; വെനസ്വേലയെ 1–0ന് തോൽപ്പിച്ചു

അണ്ടർ 20 ലോകകപ്പുമായി ഇംഗ്ലണ്ട് ടീമംഗങ്ങൾ.

സോൾ ∙ അണ്ടർ–20 ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടിനു കിരീടം. ഫൈനലിൽ ലാറ്റിനമേരിക്കൻ പ്രതിനിധികളായ വെനസ്വേലയെ അവർ 1–0നു തോൽപിച്ചു. 35–ാം മിനിറ്റിൽ എവർട്ടൻ താരം ഡൊമിനിക് കാൽവർട്ട് ലെവിനാണു ഗോൾ നേടിയത്. 74–ാം മിനിറ്റിൽ വെനസ്വേലയ്ക്ക് അനുകൂലമായി പെനൽറ്റി കിക്ക് ലഭിച്ചെങ്കിലും അഡാൽബർട്ടോ പെനരാ‍ൻഡയുടെ ഷോട്ട് ഇംഗ്ലണ്ട് ഗോൾകീപ്പർ ഫ്രെഡി വുഡ്മാൻ തടഞ്ഞു. 1966 ലോകകപ്പ് ജയിച്ചതിനുശേഷം ഇംഗ്ലണ്ടിന്റെ പ്രധാന രാജ്യാന്തര കിരീടമാണിത്.

ആദ്യപകുതിയിൽ ഉൽസാഹത്തോടെ കളിച്ച വെനസ്വേല 24–ാം മിനിറ്റിൽ ഗോളിനടുത്തെത്തി. 35 വാര അകലെനിന്നുള്ള റൊണാൾഡോ ലുസേനയുടെ ഫ്രീകിക്ക് പക്ഷേ പോസ്റ്റിൽ തട്ടിത്തകർന്നു. എന്നാൽ ഗോൾ നേടാനുള്ള ഭാഗ്യമുണ്ടായത് ഇംഗ്ലണ്ടിന്. 35–ാം മിനിറ്റിൽ ബോക്സിന്റെ മൂലയിൽനിന്നുള്ള ആകാശപ്പോരാട്ടത്തിൽ പന്തു സ്വന്തമാക്കിയ ലെവിന്റെ കരുത്തുറ്റ ആദ്യ ഷോട്ട് വെനസ്വേലൻ ഗോൾകീപ്പർ ഫാരിനെസ് തടഞ്ഞു. എന്നാൽ ലെവിന്റെ രണ്ടാം ശ്രമം വലയിലെത്തി.

രണ്ടാം പകുതിയിൽ, പകരക്കാരൻ യെഫേഴ്സൺ സോറ്റെൾഡോയുടെ സുന്ദര പാസിൽനിന്ന് സെർജിയോ കോർഡോവ ഗോൾ ലക്ഷ്യം വച്ചു മുന്നേറിയെങ്കിലും ഗോൾ മേഖല വിട്ടിറങ്ങി വുഡ്മാൻ അപകടമൊഴിവാക്കി. ഇംഗ്ലണ്ടിന്റെ ടോട്ടനം താരം ജോഷ് ഒനോമയുടെ ലോങ് റേഞ്ചറും ബാറിൽ തട്ടിത്തെറിച്ചു. 74–ാം മിനിറ്റിൽ ഇംഗ്ലണ്ട് ഡിഫൻഡർ ജെയ്ക് ക്ലാർക്ക് സാൾട്ടർ പെനരാൻഡയെ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു വെനസ്വേലയ്ക്ക് അനുകൂലമായി പെനൽറ്റി കിക്ക് ലഭിച്ചത്. വിഡിയോ പുനഃപരിശോധനയിലും തീരുമാനം ശരിയാണെന്നു വ്യക്തമായി. എന്നാൽ വുഡ്മാന്റെ ഒറ്റക്കൈ സേവിൽ വെനസ്വേലയുടെ മോഹങ്ങൾ തീർന്നു.

വരുംസീസണിൽ ചെൽസിയിൽനിന്നു ലിവർപൂളിൽ ചേരാനിരിക്കുന്ന ഇംഗ്ലണ്ട് ഫോർവേഡ് ഡൊമിനിക് സോളങ്കെയ്ക്കാണു ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം. മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ ഇംഗ്ലണ്ട് ഗോൾകീപ്പർ വുഡ്മാൻ സ്വന്തമാക്കി.