Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഫെഡറേഷൻസ് കപ്പിൽ ഇന്നു തെക്കേ അമേരിക്ക–യൂറോപ്പ് പോരാട്ടം

German-National-Football-team കോൺഫെഡറേഷൻസ് കപ്പ് മൽസരത്തിൽ ഇന്നു ചിലെയെ നേരിടുന്ന ജർമൻ താരങ്ങൾ പരിശീലനത്തിൽ.

സോച്ചി ∙ കോൺഫെഡറേഷൻസ് കപ്പിൽ ഇന്ന് സൂപ്പർ പോരാട്ടത്തിന്റെ ദിനം. ലോക ചാംപ്യൻമാരായ ജർമനിയും കോപ്പ അമേരിക്ക ചാംപ്യൻമാരായ ചിലെയും ഗ്രൂപ്പ് ബിയിൽ ഏറ്റുമുട്ടും. ആദ്യ മൽസരം ജയിച്ച ആത്മവിശ്വാസത്തിലാണ് ഇരുടീമും. ജർമനി കടുത്ത പോരാട്ടത്തിൽ ഓസ്ട്രേലിയയെ 3–2നു മറികടന്നു. കാമറൂണിനെതിരെ 2–0നായിരുന്നു ചിലെയുടെ ജയം. അലക്സിസ് സാഞ്ചെസ്, അർതുറോ വിദാൽ തുടങ്ങിയ പരിചയസമ്പന്നരുടെ നേതൃത്വത്തിലിറങ്ങുന്ന ചിലെയ്ക്ക് ജർമനിയുടെ മറുപടി യുവനിരയിലൂടെയാണ്. ലോകകപ്പ് ജേതാക്കളായ ടീമിലെ പലർക്കും കോച്ച് യോക്കിം ലോ വിശ്രമമനുവദിച്ചതോടെ അവസരം ലഭിച്ചത് യുവതാരങ്ങൾക്കാണ്. 

ഷാൽക്കെ ക്ലബിന്റെ ഇരുപത്തിരണ്ടുകാരൻ സെൻട്രൽ മിഡ്ഫീൽഡർ ലിയോൺ ഗോറെറ്റ്സ്കയാണ് ഓസ്ട്രേലിയക്കെതിരായ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത്. ജൂലിയൻ ഡ്രാക്സ്‌ലറിന്റെ പെനൽറ്റി ഗോളിന് അവസരമൊരുക്കിയ ഗോറെറ്റ്സ്ക മൂന്നാം ഗോൾ നേടുകയും ചെയ്തു. എന്നാൽ ഓസ്ട്രേലിയക്കെതിരായ കളി മതിയാകില്ല ചിലെയ്ക്കെതിരെയെന്ന് കോച്ച് യോക്കിം ലോ ടീമിനെ ഓർമിപ്പിക്കുന്നു. ‘‘ഓസ്ട്രേലിയക്കെതിരെ 60 മിനിറ്റാണ് ടീം നന്നായി കളിച്ചത്. ചിലെയ്ക്കെതിരെ 90 മിനിറ്റും ഒരേ മികവോടെ കളിച്ചേ തീരൂ..’’

ഓസ്ട്രേലിയയ്ക്കെതിരെ ഇറങ്ങുന്ന കാമറൂണിനോട്, ആദ്യ കളിയിൽ ചിലെയോട് അടിയറവ് പറഞ്ഞ കാര്യം മറക്കാനാണു പരിശീലകൻ ഹ്യൂഗോ ബ്രൂസ് പറയുന്നത്. ‘‘ആദ്യ 20 മിനിറ്റ് ദുരന്തമായിരുന്നു. 0–3നു പിന്നിലായേനേ..’’– ബ്രൂസ് പറയുന്നു. 

related stories