Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ലോകകപ്പ് ക്ഷീണം’ ഒഴിയാതെ ജർമനി; ഹോളണ്ടിനോട് മൂന്നു ഗോളിനു തോറ്റു – വിഡിയോ

netherlands-vs-germany-twitter ജർമനിക്കെതിരായ ഗോൾനേട്ടം ആഘോഷിക്കുന്ന ഹോളണ്ട് താരങ്ങൾ.

ആംസ്റ്റർഡാം ∙ ലോകകപ്പിലെ തോൽവിയുടെ പ്രേതം ജർമനിയെ വിട്ടുപോകുന്നില്ല. കോച്ച് ജോക്കിംലോയുടെ രക്തസമ്മർദ്ദമുയർത്തി  യുവേഫ നേഷൻസ് ലീഗ് കപ്പിൽ ജർമനി ഹോളണ്ടിനോട് ദയനീയമായി തോറ്റു ( 3–0 ). ഹോളണ്ടിന്റെ നായകൻ വെർജിൽ വാൻ ഡിജിക്കിന്റെ ഹെഡർ ഗോളിൽ മുന്നേറിയ ഹോളണ്ടിന് ദുർബലമായ ജർമൻ പ്രതിരോധത്തെ കീറിമുറിക്കാൻ എളുപ്പമായിരുന്നു. മെംഫിസ്ഡെപേയും  ലിവർപൂൾ താരം ജോർജീനിയോയും ഹോളണ്ടിന്റെ മറ്റു രണ്ടു ഗോളുകൾ നേടിയതോടെ ഓറഞ്ച് പട യൊഹാൻക്രൈഫ് സ്റ്റേഡിയത്തിൽ ആനന്ദനൃത്തമാടി. 

പതിനാറു വർഷത്തിനിടെ ആദ്യമായാണ് ഹോളണ്ട് ജർമനിയെ തോൽപ്പിക്കുന്നത്. ഒരു വ്യാഴവട്ടമായി ടീമിനെ പരിശീലിപ്പിക്കുന്ന കോച്ച് ജോക്കിംലോയ്ക്കും സ്ഥാനമൊഴിയാൻ സമ്മർദ്ദമേറ്റുന്നതാണ് അപ്രതീക്ഷിത തോൽവി. 

ഹോളണ്ടിന്റെ മുൻ ലോകകപ്പ് താരം റൊണാൾഡോ കൂമാനാണ് അവരുടെ പരിശീലകൻ.റഷ്യൻ ലോകകപ്പിനു യോഗ്യത നേടാൻ കഴിയാതിരുന്ന ഹോളണ്ടിന് വലിയ തിരിച്ചുവരാണ് ഈ വിജയം.ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ ജർമനിയുടെ തിരിച്ചുവരവ് മോഹങ്ങളാണ് പ്രതിസന്ധിയിലായത്.

നേഷൻസ് ലീഗിലും ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി മുൻ ലോകചാംപ്യൻമാർ.ചൊവ്വാഴ്ച ലോകചാംപ്യൻമാരായ ഫ്രാൻസുമായാണ് ജർമനിയുടെ   അടുത്ത മൽസരം.