ഐഎസ്എൽ താരലേലം 23ന്; അനസിന് വില 1.10 കോടി രൂപ

മുംബൈ ∙ വരും സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലേക്കുള്ള ഇന്ത്യൻ താരങ്ങളുടെ താരലേലത്തിൽ 199 കളിക്കാർ. മലയാളി താരം അനസ് എടത്തൊടികയും മേഘാലയ താരം യൂജെൻസൺ ലിങ്ദോയുമാണ് കൂടുതൽ വില നിശ്ചയിക്കപ്പെട്ടിരിക്കുന്ന കളിക്കാർ– 1.10 കോടി രൂപ. ഞായറാഴ്ച മുംബൈയിൽ നടക്കുന്ന താരലേലത്തിൽ കളിക്കാരെ പത്തു ഫ്രാഞ്ചൈസികൾക്ക് വിളിച്ചെടുക്കാം. ഓരോ ടീമിലും 15–18 ഇന്ത്യൻ താരങ്ങൾ ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. ഇതിൽ രണ്ടു പേർ അണ്ടർ–21 താരങ്ങളായിരിക്കണം. നേരത്തെ മൂന്ന് അണ്ടർ–21 താരങ്ങൾ അടക്കം അഞ്ചു പേരെ നിലനിർത്താൻ ടീമുകൾക്ക് സമയം നൽകിയിരുന്നു. എട്ടു ടീമുകളിലായി 22 താരങ്ങൾ ഇങ്ങനെ കരാറിലായി. പുതിയ ടീമിനെ ലക്ഷ്യമിടുന്ന ഡൽഹി ഡൈനമോസ് ആരെയും നിലനിർത്തിയില്ല.

താരലേലത്തിൽ ഉൾപ്പെടുന്ന കളിക്കാരുടെ പേരും അവർക്കു നിശ്ചയിച്ചിരിക്കുന്ന വിലയുമാണ് ഇന്നലെ പുറത്തു വിട്ടത്. കളിക്കാരനും ഐഎസ്എൽ അധികൃതരും തമ്മിൽ ചർച്ച ചെയ്തു ചെയ്തു തീരുമാനിച്ച തുകയായതിനാൽ ഇതിൽ മാറ്റം വരില്ല. പുതിയ ക്ലബായ ജാംഷെഡ്പൂർ എഫ്സിക്കാകും പ്ലെയർ ഡ്രാഫ്റ്റിലെ ആദ്യ രണ്ടു റൗണ്ടുകളിലും ആദ്യം വിളിക്കാനുള്ള അവസരം. തുടർന്ന് ഡൽഹി ഡൈനമോസിന് കളിക്കാരെ സ്വന്തമാക്കാം. ഒരു സീനിയർ കളിക്കാരനെ മാത്രം നിലനിർത്തിയ എഫ്സി പുണെ സിറ്റി രണ്ടാം റൗണ്ടിൽ ഇവർക്കൊപ്പം ചേരും.

പിന്നീടുള്ള ആറു ക്ലബുകളിൽ ചെന്നൈയിൻ എഫ്സി ഒഴികെയുള്ളവർക്ക് മൂന്നാം റൗണ്ട് ഡ്രാഫ്റ്റിൽ പങ്കെടുക്കാം. പ്രധാന താരങ്ങളെ നിലനിർത്തിയ ചെന്നൈയിൻ എഫ്സി നാലാം റൗണ്ടിൽ ചേരും. ആകെ 15 റൗണ്ടുകളാണ് ഡ്രാഫ്റ്റിൽ ഉണ്ടാവുക. പിന്നീടുള്ള റൗണ്ടുകളിൽ ഓരോ ക്ലബിനും വിളിച്ചെടുക്കാനുള്ള ക്രമം ശനിയാഴ്ച നടക്കുന്ന നറുക്കെടുപ്പിൽ തീരുമാനിക്കും.

ഒരു ക്ലബ് സ്വന്തമാക്കിയ കളിക്കാരനെ മറിച്ചു വാങ്ങാനുള്ള ഇൻസ്റ്റന്റ് ട്രേഡിങ് കാർഡ് സംവിധാനം ഇത്തവണയുമുണ്ട്. മൂന്നാം റൗണ്ട് മുതലാണ് ഇതു തുടങ്ങുക. കളിക്കാരനെ ഒരു ക്ലബ് സ്വന്തമാക്കി 15 സെക്കൻഡിനകം ബസറിൽ വിരലമർത്തിയാൽ മറ്റൊരു ക്ലബിന് ഇതിന് അവസരമുണ്ടാകും. ഇരുക്ലബുകളുമായി നിശ്ചിത സമയത്തിനകം ചർച്ച‌ നടത്തി കളിക്കാരനെ വിൽപ്പന നടത്തും.

വില പിടിപ്പുള്ള പത്ത് താരങ്ങൾ

1) അനസ് എടത്തൊടിക– 1.10 കോടി

2) യൂജെൻസൺ ലിങ്ദോ– 1.10 കോടി

3) സുബ്രതാ പോൾ– 87 ലക്ഷം

4) പ്രീതം കോട്ടാൽ– 75 ലക്ഷം

5) അരിന്ദം ഭട്ടാചാര്യ– 73 ലക്ഷം

6) ബൽവന്ത് സിങ്– 65 ലക്ഷം

7) റോബിൻ സിങ്– 65 ലക്ഷം

8) ലെന്നി റോഡ്രിഗസ്– 60 ലക്ഷം

9) നാരായൺ ദാസ്– 58 ലക്ഷം

10) പ്രണോയ് ഹാൽദെർ– 58 ലക്ഷം

മറ്റു മലയാളി താരങ്ങൾ

1) റിനോ ആന്റോ– വില നിശ്ചയിച്ചിട്ടില്ല

2) മുഹമ്മദ് റാഫി– 30 ലക്ഷം

3) സക്കീർ മുണ്ടംപാറ– 18 ലക്ഷം

4) ഡെൻസൺ ദേവദാസ്– 15 ലക്ഷം

5) ജസ്റ്റിൻ സ്റ്റീഫൻ– 14 ലക്ഷം

6) അബ്ദുൽ ഹഖ്– 12 ലക്ഷം

7) നിധിൻ ലാൽ– 12 ലക്ഷം

8) ഷാഹിൻ ലാൽ– 8 ലക്ഷം

9) ഉബൈദ് ചോണോകടവത്ത്– 6 ലക്ഷം

10) അക്ഷയ് ജോഷി– 6 ലക്ഷം

11) അജിത് ശിവൻ– 6 ലക്ഷം