ബ്ലാസ്റ്റേഴ്സിലേക്ക് വീണ്ടും ഹ്യൂമേട്ടൻ

ഹ്യൂം ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ.

കൊച്ചി ∙ ഒടുവിൽ ഇയാൻ ഹ്യൂമിനും കേരള ബ്ലാസ്റ്റേഴ്സിനും മനസ്സുമാറ്റം. മനംനിറയുന്നതു കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ. ആദ്യ സീസണിലെ ഹീറോ ‘ഹ്യൂമേട്ടൻ’ കേരള ബ്ലാസ്റ്റേഴ്സിലേക്കു മടങ്ങിവരുന്നു. ക്ലബ് അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചു.

കൊൽക്കത്ത വിടുകയാണെന്നും കേരളത്തിലേക്കു മടങ്ങാൻ താൽപര്യമുണ്ടെന്നും ഹ്യൂം നേരത്തേ സൂചിപ്പിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിൽ കളിക്കണമെന്നതിൽ ഹ്യൂമിനും അദ്ദേഹം വരണമെന്നതിൽ ടീം മാനേജ്മെന്റിനും ചർച്ച ആവശ്യമേയില്ലായിരുന്നു. അതിനാൽ കഴിഞ്ഞ രണ്ടു തവണയും കൊൽക്കത്തയിൽ കിട്ടിയ പ്രതിഫലത്തേക്കാൾ കൂടുതൽ വേണമെന്ന താൽപര്യമാണ് കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. ഹ്യൂം ചോദിച്ചത്ര പ്രതിഫലം നൽകാനാവില്ലെന്നും എന്നാൽ അദ്ദേഹത്തിന്റെ സേവനത്തിന് അർഹമായതു നൽകാമെന്നും വാഗ്ദാനം ചെയ്യപ്പെട്ടതായി അറിയുന്നു.

ഈ ഘട്ടത്തിലാണു എഫ്സി പുണെ സിറ്റി ഹ്യൂമിനെ സമീപിച്ചത്. കൊൽക്കത്തയുടെ പരിശീലകനായിരുന്ന അന്റോണിയോ ലോപ്പസ് ഹബാസുമായുള്ള ഊഷ്മളമായ ബന്ധം പുണെ എടുത്തുപറയുകയും ചെയ്തു. ഇന്നലെ വൈകിട്ടുവരെ  പുണെയിൽ ചേരാമെന്ന തീരുമാനത്തിലായിരുന്നു ഹ്യൂം. എന്നാൽ രാത്രി നടത്തിയ ചർച്ചകളിൽ ബ്ലാസ്റ്റേഴ്സും ഹ്യൂമും പ്രതിഫലത്തിന്റെ കാര്യത്തിൽ പരസ്പരം വിട്ടുവീഴ്ചയ്ക്കു തയാറായതോടെയാണു ബ്ലാസ്റ്റേഴ്സ് ആരാധകരെ ത്രസിപ്പിക്കുന്ന പ്രഖ്യാപനം ഉണ്ടായത്.