ഹ്യൂമേട്ടൻ വന്നല്ലോ, ഇനി കളി മാറും; ഇത്തവണ ആരാധരെ ‘ഞെട്ടിച്ച്’ മാനേജ്മെന്റ്

ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആരാധകരെ ഞെട്ടിക്കുകയാണ്. മലയാളികൾ നെഞ്ചോടുചേർത്ത സ്വന്തം ഹ്യൂമേട്ടനെ തിരിച്ചു നൽകിയാണു ബ്ലാസ്റ്റേഴ്സ് ആരാധക മനസ്സിൽ ഗോളടി തുടങ്ങിയത്

കഴിഞ്ഞ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ കലാശപ്പോരാട്ടം. ആർത്തലയ്ക്കുന്ന മഞ്ഞക്കടൽ പോലെ കലൂർ സ്റ്റേഡിയത്തിന്റെ ഗാലറി. അധിക സമയത്തും തുല്യത പാലിച്ചതിനാൽ കേരള–കൊൽക്കത്ത കലാശപ്പോരാട്ടം പെനൽറ്റി ഷൂട്ടൗട്ടിലേക്ക്. ആദ്യ കിക്കെടുത്ത അന്റോണിയോ ജർമനു പിഴച്ചില്ല. ഗാലറിയിൽ ആഹ്ലാദത്തിന്റെ ബോംബ് പൊട്ടിച്ചുകൊണ്ടു ജർമന്റെ കിക്ക് കൊൽക്കത്തയുടെ പോസ്റ്റിൽ‍. ഒരു നിമിഷത്തെ നിശ്ശബ്ദത. കൊൽക്കത്തയുടെ ആദ്യ കിക്ക് എടുക്കാൻ എത്തുന്നതു രണ്ടു സീസണുകളിലായി 18 ഗോളുകൾ നേടിയ വിശ്വസ്ത താരം. പോസ്റ്റിന്റെ ഇടതുമൂല ലക്ഷ്യമാക്കി കുതിച്ച ബോൾ കേരളത്തിന്റെ ഗോൾ കീപ്പർ ഗ്രഹാം സ്റ്റാക്ക് തട്ടിയകറ്റുന്നു. ആഹ്ലാദാരവങ്ങളിൽ പൊട്ടിത്തെറിക്കേണ്ട കൊച്ചിയിലെ ഗാലറിയിൽ നിന്ന് അതുണ്ടായില്ല. ചെറിയൊരു ആഹ്ലാദം മാത്രം. കാരണം ആ പെനൽറ്റി പാഴാക്കിയതു കേരളത്തിന്റെ സ്വന്തം ഹ്യൂമേട്ടൻ ആയിരുന്നല്ലോ...  പിന്നെങ്ങനെ കേരളം ആഘോഷിക്കും !!!

അതായിരുന്നു കേരളത്തിലെ കാൽപ്പന്തു പ്രേമികളും കാനഡ‍ക്കാരൻ ഇയാൻ എഡ്വേർഡ‍് ഹ്യൂം എന്ന കളിക്കാരനും തമ്മിലുള്ള സ്നേഹത്തിന്റെ രസതന്ത്രം. മൂന്നു മാസം മാത്രം കേരളത്തിനായി കളിച്ച താരം... കേരളത്തിൽ നിന്നു പോയിട്ടു മൂന്നു വർഷമെത്തുന്നു. എങ്കിലും ഹ്യൂമേട്ടൻ എന്നു പേരിട്ടു വിളിച്ച ആ താരത്തെ കേരളത്തിലെ ഓരോ കാൽപ്പന്തു പ്രേമിയും എപ്പോഴും പ്രതീക്ഷിച്ചുകൊണ്ടിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജെഴ്സിയിൽ ഹ്യൂം കളിക്കുന്നതു കാണാൻ അവർ കാത്തിരുന്നു. എല്ലാ പ്രതീക്ഷകൾക്കും ശുഭപര്യവസാനമായി  കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അവരുടെ ഏറ്റവും വലിയ ‘സർപ്രൈസ്’ പ്രഖ്യാപിച്ചു– കേരളത്തിന്റെ ഹ്യൂമേട്ടൻ ഇനി കേരള ബ്ലാസ്റ്റേഴ്സിൽത്തന്നെ. 

ഒരേയൊരു സൂപ്പർ സ്റ്റാർ

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കു നെഞ്ചേറ്റാൻ ഒട്ടേറെ സ്റ്റാറുകൾ മൂന്നു സീസണിലുമായി ഉണ്ടായിട്ടുണ്ട്. എന്നാൽ ആരാധകരുടെ മനസ്സിൽ ഒരേയൊരു സൂപ്പർ സ്റ്റാറേ ഉണ്ടായിട്ടുള്ളു. അതു ഇയാൻ ഹ്യൂമെന്ന ഹ്യൂമേട്ടനാണ്. മൂന്നു സീസൺ കഴിഞ്ഞിട്ടും ‘ഏട്ടൻ’ എന്ന ചെല്ലപ്പേരിട്ടു മറ്റൊരു കളിക്കാരനെയും ആരാധകർ വിളിച്ചിട്ടില്ല. ആദ്യ സീസണു ശേഷമുള്ള രണ്ടു സീസണിലും കൊൽക്കത്തയുടെ ഭാഗമായെങ്കിലും ഇയാൻ ഹ്യൂമിനെ മറക്കാൻ മലയാളികൾക്കു സാധിച്ചിരുന്നില്ല. മെക്സിക്കൻ തിരമാലകളുയർത്തുന്ന കലൂരിന്റെ ഗാലറി തന്റെ ജീവിതത്തിലെ എറ്റവും സുന്ദരമായ കാഴ്ചയെന്ന് ഇയാൻ ഹ്യൂം പറഞ്ഞതും വെറുതെയായിരുന്നില്ല.

കൊച്ചിയെ നെഞ്ചോടു ചേർത്തു പിടിച്ച് ഇയാൻ ഹ്യൂം. കൊച്ചിയിലേക്ക് അദ്ദേഹം പല തവണയെത്തി. മുണ്ടുടുത്തും കേരളത്തിലെ ആഘോഷങ്ങളിൽ പങ്കെടുത്തും തനി ‘മലയാളിയായി’ ഹ്യൂം മാറി. ആരാധകർ സ്നേഹത്തോടെ ഹ്യൂമേട്ടൻ എന്നു വിളിക്കുന്നത് ഒരു ബഹുമതിയായാണു താൻ കണക്കാക്കുന്നതെന്നു ഹ്യൂം പലവട്ടം പറഞ്ഞിട്ടുണ്ട്. 

വൺ ഫോട്ടോ...

ഐഎസ്എല്ലിന്റെ ആദ്യ സീസൺ അവസാനിക്കുന്ന സമയത്തു കൊച്ചിയിൽ കണ്ട ഏറ്റവും രസകരമായ കാര്യമെന്തെന്നു ഹ്യൂമിനോടു ചോദിച്ചിരുന്നു. ആരാധകരുടെ ഫോട്ടോ എടുക്കാനുള്ള അഭ്യർഥനയാണു ഹ്യൂമിനെ പ്രത്യേകം ആകർഷിച്ചിരുന്നത്. ചെറുതായൊന്നു കുനി‍ഞ്ഞു വിരലും അൽപം വളച്ചുള്ള ആ അഭ്യർഥന മറക്കാൻ സാധിക്കില്ലെന്നാണു ഹ്യൂം പ്രതികരിച്ചത്. തുടർന്നു രണ്ടു സീസണിലും എതിർ ടീമിന്റെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോഴും ആരാധകർ അതേ തരത്തിൽ പ്രതികരിച്ചിരുന്നതു ചിരിയോടെയാണു ഹ്യൂം ഓർമിക്കുന്നത്. ഇനി അത്തരത്തിലുള്ള ഒട്ടേറെ അഭ്യർഥന ഹ്യൂമിനെത്തേടിയെത്തുമെന്നുറപ്പ്. കഴിഞ്ഞ സീസണുകൾ പോലെയല്ലല്ലോ... ഇത്തവണത്തെ ലീഗിന്റെ ദൈർഘ്യം കൂടുതലാണ്. 

ഗോളടി വീരൻ

ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ഇയാൻ ഹ്യൂം തന്നെ. 23 ഗോളുകളാണു ഹ്യൂം ഇതുവരെ നേടിയിരിക്കുന്നത്. ആദ്യ സീസണിൽ കേരളത്തിനായി അഞ്ചും രണ്ടാം സീസണിലും മൂന്നാം സീസണിലും അത്‌ലറ്റികോ ഡി കൊൽക്കത്തയ്ക്കു വേണ്ടി 18 ഗോളുകളും ഹ്യൂം നേടി. ഏഴ് അസിസ്റ്റുകളും ഈ കനേഡിയൻ താരത്തിൽ നിന്നുണ്ടായി. ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിലേക്ക് ഒറ്റയാൾ പട്ടാളം പോലെ എത്തിച്ചത് ഇയാൻ ഹ്യൂമായിരുന്നു. രണ്ടാം സീസണിൽ കേരളം ഏറ്റവും അധികം ആഗ്രഹിച്ചതും ഈ താരം ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാകണമെന്നായിരുന്നു.

എന്നാൽ ഹ്യൂമിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് താൽപര്യം കാണിച്ചില്ല. തുടർന്നാണു കൊൽക്കത്തയിലേക്കു ഹ്യൂം വണ്ടി കയറിയത്. എങ്കിലും കേരളത്തിലേക്ക് അദ്ദേഹം എത്തിക്കൊണ്ടിരുന്നു. രണ്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിൽ നടന്ന അവസാന ലീഗ് മത്സരം കാണാൻ ഹ്യൂം പറന്നെത്തി. അതായിരുന്നു കേരളത്തോടുള്ള ഹ്യൂമിന്റെ ഇഷ്ടം. 

ആരാധകരുടെ മനസ്സറിഞ്ഞ മാനേജ്മെന്റ്

ആരാധകരുടെ സ്വന്തം ടീമായിരുന്നെങ്കിലും പലപ്പോഴും കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിൽ നിന്നു വേണ്ടതൊന്നും അവർക്കു ലഭിച്ചിരുന്നില്ല. രണ്ടാം സീസണിൽ ആരാധകരെ പൂർണമായി അവഗണിക്കുന്ന നിലപാടാണു മാനേജെന്റ് സ്വീകരിച്ചത്. മൂന്നാം സീസണിൽ കാര്യങ്ങൾ കുറച്ചുകൂടി പുരോഗമിച്ചെങ്കിലും മറ്റു ടീമുകളുടെ മാനേജ്മെന്റുകളോടു താരതമ്യം ചെയ്യുമ്പോൾ കേരളം പിറകിലായിരുന്നു. ഇതിന്റെയെല്ലാം ക്ഷീണം മാറ്റിയാണു നാലാം സീസണിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മുന്നോട്ടെത്തിയിരിക്കുന്നത്. ആരാധകരുടെ ആദ്യ ആവശ്യം കേരളത്തിന്റെ സ്വന്തം സി.കെ. വിനീതിനെയും സന്ദേശ് ജിങ്കാനെയും നിലനിർത്തുകയെന്നതായിരുന്നു.

അക്ഷരാർഥത്തിൽ ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ചു രണ്ടു പേരേയും മാനേജ്മെന്റ് നിലനിർത്തി. സ്റ്റീവ് കൊപ്പൽ എന്ന പരിശീലകനെ നഷ്ടപ്പെട്ടെങ്കിലും പരിചയ സമ്പന്നനായ റെനി മ്യൂലൻസ്റ്റിനെ കൊണ്ടു വന്ന് ആരാധകർക്കു പ്രതീക്ഷ നൽകി. തുടർന്ന് ഇന്ത്യൻ താരങ്ങളുടെ ഡ്രാഫ്റ്റിൽ നിന്നു റിനോ ആന്റോ, അരാത്ത ഇസുമി, ജാക്കിചന്ദ് സിങ്, മിലാൻ സിങ് എന്നിവരെ സ്വന്തം നിരയിലെത്തിച്ചു വീണ്ടും ആരാധകർക്ക് ആവേശം നൽകി. ഡ്രാഫ്റ്റിൽ നിന്നു മലയാളി യുവതാരം അജിത് ശിവനേയും സ്വന്തം നിരയിലെത്തിച്ചു കേരളത്തിലെ യുവനിരയ്ക്കും ബ്ലാസ്റ്റേഴ്സ് അവസരം നൽകി. ഇതിനെല്ലാം ഒടുവിലാണു ബിഗ് സർപ്രൈസ് ആയി ഇയാൻ ഹ്യൂമിനേയും എത്തിച്ചു സുശക്തമായ യെല്ലോ ആർമി മാനേജ്മെന്റ് പടുത്തുയർത്തിയത്.

ബ്ലാസ്റ്റേഴ്സ് ഫാൻ ഗ്രൂപ്പായ മഞ്ഞപ്പടയ്ക്കു അർഹിക്കുന്ന പ്രാധാന്യം നൽകി ആരാധകരെയും ഇത്തവണ മാനേജ്മെന്റ് കൂടുതൽ പരിഗണിച്ചു. ഇതിന്റെ യഥാർഥ പ്രതിഫലനമായിരുന്നു കൊച്ചിയിൽ വന്നിറങ്ങിയ മുഖ്യപരിശീലകൻ റെനി മ്യൂലൻസ്റ്റിന് ആരാധകർ നൽകിയ സ്വീകരണം. ആരാധകർ ഇപ്പോൾ ഉറപ്പിച്ചു പറയുന്നു... ‘ഇനി കളി മാറും’...