Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാർസിലോന കുതിക്കുന്നു, റയൽ തളരുന്നു; ക്രിസ്റ്റ്യാനോയ്ക്കും കൂട്ടർക്കും എന്തു പറ്റി?

Cristiano-Ronaldo ജിറോണയ്ക്കെതിരായ മൽസരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ

ഒരിക്കലും പിടിതരാറില്ല ലാ ലിഗയുടെ ക്ലൈമാക്സ്. ഒരുമിച്ചു മുന്നേറുന്ന റയൽ മഡ്രിഡും ബാർസിലോനയും. രണ്ടിലൊരാളെ തീരുമാനിക്കാൻ അവസാനമൽസരം വരെ നീളുന്ന കാത്തിരിപ്പ്. ഇവരല്ലാതെയൊരു ടീമാകട്ടെ അപൂർവകാഴ്ചയും. എന്നാൽ ആ പതിവു തെറ്റുന്നതിന്റെ സൂചനയാണ് ഇത്തവണ. ബാർസിലോന കുതിക്കുന്നു, റയൽ മഡ്രിഡ് തളരുന്നു. ആരും ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല ഈയവസ്ഥ.

യൂറോപ്പിലെ ഏറ്റവും മികച്ച ടീമെന്ന വിശേഷണത്തോടെ സീസൺ തുടങ്ങിയതാണ് റയൽ മഡ്രിഡ്. റയലിൽ നിന്ന് അ‍ഞ്ചു താരങ്ങളാണ് ഫിഫയുടെ ലോക ഇലവനിൽ ഇടംപിടിച്ചത്. ചാംപ്യൻസ് ലീഗിൽ ഹാട്രിക് എന്ന നിലയിലേക്കു വരെയെത്തിയിരുന്നു പ്രതീക്ഷകൾ. പക്ഷേ പ്രതീക്ഷകൾക്കു നേർവിപരീതമാണ് ഇതുവരെയുള്ള പ്രകടനം. 10 മൽസരങ്ങളിൽ നിന്ന് 20 പോയിന്റ് മാത്രം. രണ്ടു സമനിലയും രണ്ടു തോൽവിയും നേരിട്ട റയലിനു ബാർസയുമായി എട്ടു പോയിന്റിന്റെ അന്തരം.

സ്വന്തം മൈതാനമായ ബെർണബ്യൂവിൽ പോലും രണ്ടു സമനിലയും ഒരു തോൽവിയും. പുതുമുഖങ്ങളായ ജിറോണയിൽനിന്നേറ്റ പ്രഹരം കൂടിയായതോടെ ചിത്രം കൂടുതൽ വഷളായിരിക്കുകയാണ്. ഇസ്കോയിലൂടെ തുടക്കത്തിലേ ലീഡെടുത്തശേഷമാണ് റയൽ‌ തോൽവി വഴങ്ങിയത്. അപ്രതീക്ഷിത തോൽവി മാത്രമല്ല, തുടക്കം മുതൽ അവസാനം വരെ ജിറോണ പുറത്തെടുത്ത പ്രകടനവും റയലിനെ ഞെട്ടിച്ചിരിക്കും.

റയലിന്റെ വിഖ്യാത മുന്നേറ്റനിരയെ പൂട്ടിയ ജിറോണ താരങ്ങൾ പ്രതിരോധനിരയെ നിരന്തരം പരീക്ഷിച്ചു. ദുർബലരെന്നു കരുതിയ ടീം നാലു മിനിറ്റിനുള്ളിൽ രണ്ടു ഗോൾ തിരിച്ചടിക്കുന്ന കാഴ്ച എൽ ക്ലാസിക്കോയടക്കമുള്ള മൽസരങ്ങൾക്ക് ഒരുങ്ങുന്ന കോച്ച് സിനദിൻ സിദാന്റെ ഉറക്കം കെടുത്താൻ പോന്നതാണ്. 2–1 എന്ന സ്കോർ കാർഡിൽ ഒതുങ്ങുന്നതല്ല ഈ തോൽവി. പോസ്റ്റിൽ തട്ടിമടങ്ങിയ ജിറോണയുടെ രണ്ട് അവസരങ്ങൾ കൂടി ഗോളായിരുന്നുവെങ്കിൽ കൂടുതൽ ദയനീയമായേനെ റയലിന്റെ പതനം.

റയലിന്റെ വീഴ്ചയിൽ തെളിഞ്ഞുനിൽക്കുന്നുണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനം. ലീഗിൽ‌ ഇതുവരെ ഒരു ഗോളാണ് ക്രിസ്റ്റ്യാനോ നേടിയത്. റൊണാൾഡോ റയലിൽ എത്തിയ ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണിത്. യൂറോപ്പിലെ പ്രമുഖ ലീഗുകളിലെ ഗോൾ സ്കോറർമാരിൽ ഏറ്റവും പിന്നിലാണ് ഇക്കാര്യത്തിൽ റോണോയുടെ സ്ഥാനം.

അതേസമയം, ലാ ലിഗയിലെ എക്കാലത്തെയും മികച്ച തുടക്കവുമായി കുതിക്കുകയാണ് ബാർസിലോന. 10 കളിയിൽ ഒൻപതിലും ജയം. കരുത്തരായ അത്‌ലറ്റിക്കോയ്ക്കെതിരെ ഏകസമനില. 12 ഗോളുകൾ നേടിയ ലയണൽ മെസ്സിയുടെ പ്രകടനം തന്നെയാണ് ഇതിൽ പ്രധാനം. പ്ലേയിങ് റോളിലും ഉത്തരവാദിത്തത്തിലും വന്ന മാറ്റം ഗോളടിച്ചും അടിപ്പിച്ചും ആഘോഷിക്കുകയാണ് മെസ്സി.