ഈസ്റ്റ് ബംഗാളിനെ തകർത്ത് ബെംഗളൂരുവിന് സൂപ്പർ കപ്പ്

സൂപ്പർ കപ്പ് നേടിയ ബെംഗളൂരു എഫ്സിയുടെ ആഹ്ലാദം

ഭുവനേശ്വർ ∙ ഐഎസ്എൽ കലാശ പോരാട്ടത്തിൽ കാലിടറിയതിന്റെ നഷ്ടം‌ ബെംഗളൂരു എഫ്സി സൂപ്പർകപ്പിലൂടെ നികത്തി. ഐ ലീഗിന്റെ പെരുമയുമായെത്തിയ കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളിനെ 4–1ന് തകർത്തെറിഞ്ഞ ബെംഗളൂരു പ്രഥമ സൂപ്പർകപ്പ് ഫുട്ബോൾ ജേതാക്കൾ. ഇരട്ടഗോളുകളുമായി നായകൻ‌ സുനിൽഛേത്രി തിളങ്ങിയ മൽസരത്തിൽ രാഹുൽ ബെക്കെ, മിക്കു എന്നിവരും ബെംഗളൂരുവിനായി ഗോൾനേടി.

മധ്യനിരയുടെ കരുത്തിൽ ആദ്യം കളിയുടെ നിയന്ത്രണം ഏറ്റെടുത്തത് ബെംഗളൂരുവായിരുന്നെങ്കിലും ഗോളടിച്ചത് ഈസ്റ്റ് ബംഗാളാണ്. കളിയുടെ ഗതിക്ക് എതിരായി ഗോൾ പിറന്നത് 28–ാം മിനിറ്റിൽ. കോർണർ കിക്ക് ബെംഗളൂരു ഗോളി ഗുർപ്രീത് സിങ് സന്ധു തടുത്തിട്ടെങ്കിലും പന്ത് കിട്ടിയത് ബോക്സിൽ പിന്തിരിഞ്ഞു നിന്ന ക്രോമയുടെ കാലിൽ. തലയ്ക്കു മുകളിലൂടെ ബാക്ക് വോളിയിലൂടെ താരം പന്ത് വലയിലേക്ക് മറിച്ചിട്ടു. 11 മിനിറ്റിനുശേഷം ബെംഗളൂരുവിന്റെ സമനില ഗോൾ വന്നതും മറ്റൊരു കോർണറിലൂടെ. വലതു കോർണറിൽനിന്നു വന്ന ക്രോസിനെ രാഹുൽ ബെക്കെ ഉഗ്രനൊരു ഹെഡ്ഡറിലൂടെ ഇരട്ടിവേഗത്തി‍ൽ‌ വലയിലേക്ക് തുളച്ചുകയറ്റി. 

ചുവപ്പുകാർഡ് കണ്ട് ഡിഫൻഡർ സമദ് അലി മാലിക്ക് പുറത്തായതോടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഈസ്റ്റ് ബംഗാൾ പത്തുപേരായി ചുരുങ്ങി. 68–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ഛേത്രി ലീഡ് സമ്മാനിച്ചു. ബോക്സിനകത്ത് ബംഗാൾ താരം ഗുർവീന്ദർ സിങ് പന്ത് കൈകൊണ്ട് തൊട്ടതിനായിരുന്നു പെനൽറ്റി. അതോടെ ബെംഗളൂരു കളി പൂർണമായി ഏറ്റെടുത്തു. 71–ാം മിനിറ്റിൽ മിക്കുവിന്റെയും 90–ാം മിനിറ്റിൽ ഛേത്രിയുടെയും ഗോളുകൾ ഗോൾപട്ടിക തികച്ചു. ഛേത്രിയാണ് കളിയിലെ താരം. മിക്കു ടൂർണമെന്റിലെ മികച്ച താരം.