Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോണോ പോകുമ്പോൾ ലാലിഗ മങ്ങും, റയലും; ഇറ്റാലിയൻ ഫുട്ബോളിന് ലോട്ടറി

cristiano-ronaldo

മഡ്രിഡ് ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂടുമാറ്റം ലാലിഗയുടെയും റയൽമഡ്രിഡിന്റെയും നിറംകെടുത്തും. ഒത്തുകളി വിവാദത്തിൽപെട്ട് അൽപം പിന്നോട്ടുപോയ ഇറ്റാലിയൻ ലീഗിലേക്ക് ഇനി ലോകത്തിന്റെ ഫുട്ബോൾ കാഴ്ചയുടെ കണ്ണുരുളും. റൊണാൾഡോ റയൽവിട്ട് യുവെന്റസിലേക്ക് എന്ന വാർത്ത വന്നതിനു തൊട്ടുപിന്നാലെ യൂറോപ്യൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ യുവെന്റസിന്റെ ഓഹരികളുടെ വില നാൽപതു ശതമാനം കൂടി. ഒരു വർഷത്തിലെ ഏറ്റവും  ഉയർന്ന നിരക്കാണിത്. ലോകനിലവാരമുള്ള താരങ്ങളെ തങ്ങൾക്കു പ്രാപ്യമാണെന്നു തെളിയിക്കാൻ ഇറ്റാലിയൻ ക്ലബ്ബുകൾക്കും ഇതുവഴി കഴിഞ്ഞു.

നെയ്മർ ബാ‍ർസിലോനയിൽനിന്നു പിഎസ്ജിയിലേക്കു പോയപ്പോൾ കൈമറിഞ്ഞ തുകയാണു ചർച്ചയായതെങ്കിൽ റൊണാൾഡോ പോകുമ്പോൾ സ്പെയിൻ മാത്രമല്ല ലോകം മൊത്തമാണു കുലുങ്ങിയത്. ലോകത്തെ ഏറ്റവും പ്രബലമായ ക്ലബ്ബി‍നെ വിട്ട്, തന്റെ പ്രിയനഗരമായ മഡ്രിഡ് വിട്ട് റൊണാൾഡോ ഇറ്റലിയിലേക്കു പോകുന്നതു പണം മാത്രം കണ്ടിട്ടില്ല. കൂടുതൽ പ്രശസ്തമായ ക്ലബ്ബെന്നനിലയിൽ റൊണാൾഡോയ്ക്ക് അതിനുള്ള സാധ്യതകളെല്ലാം റയലിലാണു കൂടുതൽ.

റയൽ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് തന്നെ വിശ്വാസത്തിലെടുത്തില്ല എന്നതാണു റൊണാൾഡോയുടെ അതൃപ്തികളിലൊന്ന്. റൊണാൾഡോയ്ക്കു മാച്ച് സസ്പെൻഷൻ വന്നപ്പോൾ ക്ലബ് രക്ഷയ്ക്കെത്തിയില്ലെന്നതും ബന്ധങ്ങൾ ഉലയാൻ കാരണമായി. സിനദിൻ സിദാൻ പരിശീലകസ്ഥാനം ഒഴിഞ്ഞശേഷം ടീം വീണ്ടും പുനസംഘടിപ്പിക്കാൻ നടത്തിയ ചർച്ചകളിൽനിന്നു ക്രിസ്റ്റ്യാനോയെ ഒഴിവാക്കിയിരുന്നു.

ലോകത്ത് ഏറ്റവുമധികം ടിവി പ്രേക്ഷകരുള്ള ലീഗ് എന്ന ബഹുമതി ഇപ്പോൾ ഇംഗ്ലിഷ് പ്രീമിയർ ലീഗിനും ലാലിഗയ്ക്കുമാണ്. ഏഷ്യൻ പ്രേക്ഷകരെ ലക്ഷ്യമിട്ടു ലാലിഗ മൽസരങ്ങൾ അവിടെ നട്ടുച്ചയ്ക്കുപോലും നടക്കുന്നുണ്ട്. മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും സാന്നിധ്യമാണു ലാലിഗയുടെ ചൂടും ചൂരും. ഇതിൽ ഒരു മഹാരഥൻ പിൻമാറുന്നതോടെ എൽക്ലാസിക്കോ പോലും നനഞ്ഞ പടക്കമാകും. പ്രായം മുപ്പത്തിമൂന്നായെങ്കിലും ക്രിസ്റ്റ്യാനോ പടിയിറങ്ങുന്നതോടെ റയലിന്റെ  പ്രഭാവവും കരുത്തും ചോരും.

ക്രിസ്റ്റ്യാനോ ഹാട്രിക് നേടിയ സ്പെയിനിനെതിരായ മൽസരം കാണാം

ലോകഫുട്ബോളർ പുരസ്കാരം നേടിയ താരം  ഇറ്റാലിയൻ ലീഗിൽ കളിക്കുന്നതു 11 വർഷത്തിനു ശേഷമാണ്. 2007 ൽ ബ്രസീലുകാരൻ കക്കാ ലോകഫുട്ബോളറാകുമ്പോൾ എസി മിലാൻതാരമായിരുന്നു.

∙ ഇറ്റലിയിൽ ഒരു സെക്കൻഡിന് 77 രൂപയാണു ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ വില. ഇവിടെ കളിക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഴ്ചതോറുമുള്ള ശമ്പളം 4.60 കോടി. അതായത് റൊണാൾഡോയുടെ ഓരോ മണിക്കൂറിനും 2.70 ലക്ഷം രൂപയാണു വില.