Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമർശകരോട് ഒരു വാക്ക്; കവിയല്ല ദെഷാം, ഫ്രാൻസിന്റെ ഫുട്ബോൾ കവിതയും!

മുഹമ്മദ് ദാവൂദ്
Desham ബൽജിയത്തെ തോൽപിച്ച മൽസരത്തിനു ശേഷം ഫ്രാൻസ് പരിശീലകൻ ദിദിയെ ദെഷാം.

കളിക്കുന്ന കാലത്ത് ‘വാട്ടർ കാരിയർ (വെള്ളം കോരി)’ എന്നായിരുന്നു ദിദിയെ ദെഷാമിന്റെ വിളിപ്പേര്. മുൻ ഫ്രഞ്ച് താരം എറിക് കന്റോണ നൽകിയതാണത്. എതിർ ടീമിൽ നിന്ന് പന്തു കിട്ടിയാൽ ടീമിലെ മികച്ച കളിക്കാർക്ക് ഉടനെ വിതരണം ചെയ്യുന്ന ഡിഫൻസീവ് മിഡ്ഫീൽഡർ ആയിരുന്നു ദെഷാം എന്നതു കൊണ്ടായിരുന്നു അത്. പരിഹാസസൂചകമായ അതു കേട്ട് ദെഷാം പ്രകോപിതനായിട്ടില്ല.

ബൽജിയത്തിനെതിരെ സെമിഫൈനലിൽ ഫ്രാൻസ് ജയിച്ച രീതി നെഗറ്റീവ് ഫുട്ബോളാണെന്ന് കുറ്റം പറയുന്നവരോടും ദെഷാമിനു മൗനം തന്നെ മറുപടി. ദെഷാം എന്ന കളിക്കാരന്റെയും പരിശീലകന്റെയും നിഘണ്ടുവിൽ ഫുട്ബോൾ എന്നത് സുന്ദരമായ കവിതയൊന്നുമല്ല. കടുകട്ടിയായ ഉപന്യാസം തന്നെയാണ്. പക്ഷേ അതിനു ഒന്നാം സ്ഥാനം തന്നെ അടിച്ചിരിക്കുമെന്നുറപ്പ്!

അതിനുള്ള തെളിവ് കളിക്കാരനെന്ന നിലയിലുള്ള നേട്ടങ്ങൾ തന്നെയാണ്. ലോകകപ്പ്, യൂറോകപ്പ്, രണ്ട് ചാംപ്യൻസ് ലീഗ് – എല്ലാം ദെഷാം ഇങ്ങനെ നേടിയതാണ്. കളിക്കാരനായപ്പോഴും ഫ്രാൻസിനു ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്റെ മനസ്സിനു മാറ്റമില്ലെന്നു മാത്രം. 

മൗറീഞ്ഞോ മനസ്സ്

സ്വഭാവത്തിലും ശൈലിയിലും വ്യത്യാസമുണ്ടെങ്കിലും ദെഷാമിനെ താരതമ്യം ചെയ്യാവുന്നത് ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ ഹോസെ മൗറീഞ്ഞോയോടാണ്. മൗറീഞ്ഞോയെപ്പോലെ ദെഷാമിനും മാർഗമല്ല, ലക്ഷ്യമാണ് പ്രധാനം. വിജയം മതി, ഏതു വിധേനയും! ബൽജിയത്തിനെതിരെ കളിയിൽ അതു കൃത്യമായുണ്ടായിരുന്നു. ആളുകൾ എന്തു പറഞ്ഞാലും ലോകകപ്പ് സെമിഫൈനലിൽ ടീം ജയിച്ചു എന്നതു മതി ദെഷാമിനു സന്തോഷം നൽകാൻ. 

France victory celebration സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേഡിയത്തിൽ ഫ്രാൻസിന്റെ സെമിഫൈനൽ വിജയം ആഘോഷിക്കുന്ന ആരാധകർ.

ആദ്യ പകുതിയിൽ ഫ്രാൻസിന്റെ പ്ലാൻ സിംപിൾ ആയിരുന്നു– തുടക്കത്തിൽ ഗോൾ വഴങ്ങാതിരിക്കുക. സംഘടിതമായി ആക്രമിക്കുന്ന ബൽജിയത്തിനു മുന്നിൽ എല്ലാം മറന്ന ആക്രമണം എന്നത് ആത്മഹത്യാപരമാകും എന്നത് ബ്രസീലിന്റെ അനുഭവത്തിൽ നിന്നു ദെഷാം പഠിച്ച പാഠം. പ്രതിരോധം ശക്തമാക്കുന്നതിനു വേണ്ടി പോൾ പോഗ്ബയെപ്പോലും ദെഷാം പിന്നോട്ടു വലിച്ചു. അപ്പോൾ വിജയത്തിനു വേണ്ട ഗോളുകളോ..? അതിവേഗമുള്ള തന്റെ ഫോർവേഡുകൾ പ്രത്യാക്രമണങ്ങളിൽ അതു നേടിക്കൊളും എന്നതായിരുന്നു ദെഷാമിന്റെ വിശ്വാസം. 

സാൻഡ്‌വിച്ച് മാർക്കിങ്

അടിസ്ഥാന പാഠങ്ങളിൽ ദെഷാം ഒരു ഉസ്താദാണ്. അതു ഡിഫൻസ് ആണെങ്കിൽ പ്രത്യേകിച്ചും (പണ്ട് ഒരു ഡിഫൻസീവ് മിഡ്ഫീൽഡറായതിന്റെ ഗുണം). ബൽജിയം നിരയിൽ ലുക്കാകുവിനുള്ള പ്രധാന്യം ദെഷാം നന്നായി മനസ്സിലാക്കിയിരുന്നു എന്നു വേണം കരുതാൻ. മിക്ക കളികളിലും ലുക്കാക്കുവിന്റെ ഗോൾ സ്കോറിങ് മാത്രമല്ല എതിർ ടീമുകളെ വലച്ചത്. എതിർ ഡിഫൻഡറെ തന്നിലേക്കാകർഷിക്കുന്ന സ്ട്രൈക്കർ ആയതിനാൽ സഹതാരങ്ങൾക്ക് സ്പേസ് ഉണ്ടാക്കിക്കൊടുക്കുന്ന കളിക്കാരൻ കൂടിയാണ് ലുക്കാക്കു. അതു കൊണ്ടു തന്നെ ലുക്കാക്കുവിനെ ഇരുവശത്തു നിന്നും സാൻഡ്‌വിച്ച് പോലെ പൂട്ടുകയാണ് ഫ്രാൻസ് ചെയ്തത്. വരാനും ഉംറ്റിറ്റിയും അതു സുന്ദരമായി ചെയ്തതോടെ ഫ്രാൻസിന്റെ ബോക്സ് സേഫ് ആയി.

ഫ്രാൻസ്– ബൽജിയം സെമി ഫൈനൽ വിഡിയോ സ്റ്റോറി കാണാം

എന്നാൽ നേർക്കുനേർ ഡ്രിബ്ലിങ്ങിൽ സമർഥനായ ഹസാഡിനെ അതു പോലെ പൂട്ടാനാകില്ല എന്നത് ദെഷാമിന് അറിയാമായിരുന്നു. അതു കൊണ്ടാണ് ഹസാർഡിന് പന്തു കിട്ടുമ്പോഴെല്ലാം നാലോ അഞ്ചോ ഫ്രഞ്ച് താരങ്ങൾ ഓടിയെത്തിയത്. അപ്പോഴൊക്കെയും ഭാഗ്യവും ഫ്രാൻസിനെ തുണച്ചു. ലുക്കാക്കുവിന്റെയും ഹസാഡിന്റെയും വഴിയടച്ചത് ഫലത്തിൽ ഡിബ്രൂയിനെയും നിർവീര്യനാക്കുകയാണ് ചെയ്തത്. കാരണം അവരെ ഫീഡ് ചെയ്യുക എന്ന ഡിബ്രൂയിന്റെ ജോലി അതോടെ വെള്ളത്തിലായി. എന്നിട്ടും തന്റെ പ്രതിഭ വച്ച് ഡിബ്രൂയിൻ ചില ക്രോസുകളെല്ലാം നൽകി. അതു വായിച്ചെടുക്കാൻ ലുക്കാക്കുവിന് ആയതുമില്ല. 

ഉംറ്റിറ്റി പറ്റിച്ച പണി!

ദെഷാമിന്റെ ഗെയിം പ്ലാനിൽ ഒരേയൊരു കാര്യമേ തെറ്റിയുള്ളൂ. ഗോളടിച്ച ആൾ മാറിപ്പോയി! പ്രത്യാക്രമണത്തിൽ നിന്ന് എംബപെയും കൂട്ടരും ഗോൾ നേടും എന്നതാണ് ദെഷാം പ്രതീക്ഷിച്ചത്. അതു പക്ഷേ ഒരു കോർണറിൽ നിന്ന് ഉംറ്റിറ്റി ആയിപ്പോയി. വേണമെങ്കിൽ എക്സ്ട്രാ ടൈമും പെനൽറ്റി ഷൂട്ടൗട്ടുമെല്ലാം പ്രതീക്ഷിച്ചിറങ്ങിയ ഫ്രാൻസിന് ഓർക്കാപ്പുറത്തു കിട്ടിയ ഭാഗ്യമായി അത്. പക്ഷേ ഗോൾ നേടിയത് ഉംറ്റിറ്റിയാണെങ്കിലും ഫ്രാൻസിന്റെ മുന്നേറ്റത്തിന് അതിൽ പങ്കുണ്ട്. ജിരൂദിന്റെ ഷോട്ട് കോംപനി ക്ലിയർ ചെയ്തതിൽ നിന്നായിരുന്നു ആ കോർണർ.

ലോകകപ്പിൽ ഇതുവരെ ഒരു ഗോൾ പോലും നേടിയില്ലെങ്കിലും ഫ്രാൻസിന്റെ ഗെയിം പ്ലാനിൽ താൻ അവിഭാജ്യ ഘടകമാണെന്ന് ജിരൂദ് ഒരിക്കൽ കൂടി തെളിയിച്ചു. ഫിനിഷിങ് പോരായ്മയ്ക്ക് ജിരൂദിനെ വിമർശിക്കുമ്പോഴും ഗ്രീസ്മെനും എംബപെയ്ക്കും ഒരുക്കിക്കൊടുക്കുന്ന സ്പേസ് കാണാതിരുന്നു കൂടാ. എംബപെ പക്കാ സ്ട്രൈക്കറായതോടെയുള്ള ഗ്രീസ്മെന്റെ പരിവർത്തനവും കളിയിൽ കണ്ടു. പിനോട്ടിറങ്ങി വന്ന് പന്തു ശേഖരിക്കുന്ന ഗ്രീസ്മെൻ ഫ്രാൻസിനു സന്തോഷം പകരുന്ന കാഴ്ചയാണ്.

പോഗ്ബയുടെയും കാന്റെയുടെയും മധ്യനിരയിലെ മികവിനൊപ്പം ചേർത്തു പറയേണ്ട ഒരാളാണ് മാറ്റ്യൂഡിയും. ഡീപ്പായി കളിച്ച മറ്റ്യൂഡിയും കൂടിയാണ് ബൽജിയത്തെ ശ്വാസം മുട്ടിച്ചത്. ആവേശക്കളി എന്നതിനെക്കാളേറെ പ്രായോഗിക ഫുട്ബോളിന്റെ ഒരു ടെക്സ്റ്റ് ബുക്കായി മാറിയ മൽസരം 1–0 സ്കോറിൽ അവസാനിച്ചതിൽ ഗോൾകീപ്പർമാരായ ഹ്യൂഗോ ലോറിസിനും തിബോ കോർട്ടോയ്ക്കും പങ്കുണ്ട്. രണ്ടിലൊരാൾ മോശമായിരുന്നെങ്കിൽ കളിയുടെ സ്വഭാവം തന്നെ മാറിയേനെ.

'ഫ്രാൻസ് ടീം അംഗങ്ങളുടെ പ്രകടനത്തിൽ അതിയായ സന്തോഷമുണ്ട്. കളിയോടുള്ള ഞങ്ങളുടെ സമീപനം മികച്ചതായിരുന്നു. മൽസരം വളരെ കടുത്തതായിരുന്നതിലാണു പ്രതിരോധത്തിലേക്കു വലിഞ്ഞു കളിക്കേണ്ടിവന്നത്. എന്റെ കളിക്കാർക്കും കോച്ചിങ് സ്റ്റാഫിനും ഭാവുകങ്ങൾ. ഞാൻ വളരെ അഭിമാനിക്കുന്ന നിമിഷമാണിത്.’ - ദിദിയെ ദെഷാം (ഫ്രാൻസ് കോച്ച്)

'ബൽജിയം കളിക്കാരുടെ സമീപനത്തെയും അധ്വാനത്തെയും പുകഴ്ത്താൻ വാക്കുകളില്ല. കൂടുതലൊന്നും അവരോട് ആവശ്യപ്പെടാനില്ല. മൽസരത്തിൽ ഒരു ടീം തോറ്റല്ലേ മതിയാകൂ, പക്ഷേ അവസാന നിമിഷം വരെ പൊരുതിയശേഷമാണു ഞങ്ങൾ കീഴടങ്ങിയത്.’ - റോബർട്ടോ മാർട്ടിനെസ് (ബൽജിയം കോച്ച്)