Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതു ചരിത്രം; ഇന്ത്യൻ അണ്ടർ 20 ഫുട്ബോൾ ടീം അർജന്റീനയെ വീഴ്ത്തി, അണ്ടർ 16 ഇറാഖിനെയും

U20-India-Win ഇന്ത്യൻ ചുണക്കുട്ടി: അർജന്റീനയ്ക്കെതിരെ ഗോൾ നേടിയ ഇന്ത്യയുടെ അൻവർ അലിെയ അനുമോദിക്കുന്ന സഹതാരങ്ങൾ.

മഡ്രിഡ്∙ കാൽപ്പന്തുകളിയിലെ വല്യേട്ടന്മാരായ അർജന്റീനയെ മലർത്തിയടിച്ച് ഇന്ത്യയുടെ ചുണക്കുട്ടന്മാർ ഫുട്ബോളിൽ പുതു ചരിത്രമെഴുതി; അസാധ്യമായി ഒന്നുമില്ല എന്ന നെപ്പോളിയന്റെ വാക്കുകൾ അവർ കളിക്കളത്തിൽ യാഥാർഥ്യമാക്കി. അണ്ടർ 20 കോട്ടിഫ് കപ്പിലെ വിസ്മയ പ്രകടനത്തിലൂടെ ഇന്ത്യ, ആറുവട്ടം അണ്ടർ 20 ലോക ചാംപ്യൻമാരായ അർജന്റീനയെ 2–1നു തോൽപ്പിച്ചു. നാലാം മിനിറ്റിൽ ദീപക് താൻഗ്രിയും 68–ാം മിനിറ്റിൽ അൻവർ അലിയും ഇന്ത്യയ്ക്കായി ഗോൾ നേടി. 72–ാം മിനിറ്റിൽ അർജന്റീന ഒരു ഗോൾ മടക്കിയെങ്കിലും പ്രതിരോധം ശക്തമാക്കിയ ഇന്ത്യ വിജയം പിടിച്ചെടുത്തു. 

54–ാം മിനിറ്റിൽ അനികേത് ജാദവ് ചുവപ്പുകാർഡ് കണ്ടു പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയിട്ടും ഇന്ത്യ പുറത്തെടുത്ത പോരാട്ടവീര്യത്തിനുള്ള അർഹിച്ച പ്രതിഫലമാണു മൽസരത്തിലെ വിജയം. ആദ്യ രണ്ടു കളികളിൽ മുർസിയയുമായും മൗറീഷ്യാനിയയുമായും പരാജയപ്പെട്ട ഇന്ത്യ അർജന്റീനയെ നേരിടുന്നതിനു മുൻപുതന്നെ ടൂർണമെന്റിൽ നിന്നു പുറത്തായിരുന്നെങ്കിലും വമ്പന്മാരെ വീഴ്ത്താനായതിന്റെ തലയെടുപ്പോടെ നാട്ടിലേക്കു മടങ്ങാം.

അർജന്റീന ഗോൾകീപ്പർ ലിയണാർഡോ ഡയസിന്റെ പിഴവിൽ നിന്നാണു താൻഗ്രി ഹെഡറിലൂടെ ഇന്ത്യയ്ക്കു ലീഡ് നൽകിയത്. അൻവർ അലിയുടെ ഉജ്ജ്വല ഫ്രീക്കിക്ക് ഇന്ത്യയ്ക്കു രണ്ടാം ഗോളും സമ്മാനിച്ചു. ഗോൾ കീപ്പർ പ്രഭ്ഷുകൻ സിങ്ങിന്റെ തകർപ്പൻ സേവുകളും വിജയത്തിൽ നിർണായകമായി. പരാജയം സുനിശ്ചിതമായതോടെ മൽസരത്തിന്റെ അവസാന നിമിഷങ്ങളിൽ അർ‌ജന്റീന പരുക്കൻ അടവുകളിലേക്കു ചുവടുമാറ്റി.

അവിസ്മരണീയ വിജയം

ലോകകപ്പിലെ മോശം പ്രകടനത്തിനുശേഷം ഫുട്ബോളിൽ അർജന്റീന വീണ്ടും നിരാശപ്പെടുത്തിയപ്പോൾ സമീപകാലത്ത് തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യൻ സീനിയർ ടീമിനു ചേർന്ന പിന്മുറക്കാരാണു തങ്ങളെന്നു തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ ജൂനിയർ ടീം. 

INDIA-ARGENTINA അർജന്റീനയ്ക്കെതിരെ ഇന്ത്യൻ താരം അനികേത് ജാദവിന്റെ മുന്നേറ്റം. അനികേത് റെഡ് കാർഡ് കണ്ടു പുറത്തായി.

മുൻ അർജന്റീനൻ താരമായ ലയണൽ ഷാലോനി പരിശീലപ്പിക്കുന്ന കിടയറ്റ ടീമിനെ വീഴ്ത്തിയതിനുള്ള ക്രെഡിറ്റ് ഇന്ത്യൻ പരിശീലകൻ ഫ്ലോയ്ഡ് പിന്റോയ്ക്കാണ്. ലോകകപ്പിലെ മോശം പ്രകടനത്തെത്തുടർന്നു സ്ഥാനം തെറിച്ച അർജന്റീന ദേശീയ ടീം പരിശീലകൻ ഹോർഗെ സാംപോളിയുടെ പകരക്കാരനെ കണ്ടെത്താത്തതിനാൽ നിലവിൽ സീനിയർ ടീമിന്റെ ചുമതല വഹിക്കുന്നതും ഷാലോനിയാണ്.

ടൂർണമെന്റിന് ഇറക്കിയതാകട്ടെ അർജന്റീനയുടെ ഒന്നാം നമ്പർ ടീമിനെയും അതുകൊണ്ടുതന്നെ ഇന്ത്യൻ അണ്ടർ 20 ടീമിന്റെ എക്കാലത്തെയും മികച്ച പ്രകടനമായി മൽ‌സരത്തെ വിലയിരുത്താം.

‘‘യാഥാർഥ്യത്തിനു നിരക്കാത്ത ഒന്നാണിത്, പക്ഷേ ഇതു സംഭവിച്ചിരിക്കുന്നു എന്നതാണു യാഥാർഥ്യം.’’ – വിജയത്തിനു ശേഷമുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ട്വീറ്റ്.

ഏഷ്യൻ ചാംപ്യൻ ഇറാഖിനെ വീഴ്ത്തി അണ്ടർ–16 ടീം

അമ്മാൻ (ജോർദാൻ)∙ അണ്ടർ 20 ഫുട്ബോൾ ടീം അർജന്റീനയെ വിഴ്ത്തി കരുത്തു കാട്ടിയപ്പോൾ വെസ്റ്റ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (ഡബ്ല്യുഎഎഫ്എഫ്) സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ പന്തു തട്ടുന്ന ഇന്ത്യൻ അണ്ടർ 16 ടീം വെറുതേയിരിക്കുന്നതെങ്ങനെ? ഏഷ്യൻ ചാംപ്യന്മാരായ ഇറാഖിനെ 1–0നു തകർത്ത് ഇന്ത്യൻ അണ്ടർ 16 ടീമും വരവറിയിച്ചു.

73–ാം മിനിറ്റിൽ പകരക്കാരന്റെ റോളിൽ ഇറങ്ങിയ ഭുവനേഷാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. 89–ാം മിനിറ്റിൽ ഹെഡറിലൂടെയായിരുന്നു താരത്തിന്റെ ഗോൾനേട്ടം. മൽസരത്തിന്റെ തുടക്കം മുതൽ മേൽകൈ നിലനിർത്തിയ ഇന്ത്യയെ കൂടുതൽ ഗോൾനേടുന്നതിൽനിന്നു തടുത്തു നിർത്തിയത് ഇറാഖ് ഗോൾകീപ്പറുടെ തകർപ്പൻ സേവുകളാണ്.

ശാരീര ക്ഷമതയിൽ വളരെ മുന്നിലുള്ള ഇറാഖിനെതിരെ അവിസ്മരണീയമായ രീതിയിലാണ് ഇന്ത്യയുടെ കുട്ടികൾ പൊരുതിയത്. മികച്ച ഫിസിക്കൽ ഫിറ്റ്നസ്സ് സ്വന്തമായുള്ള ഇന്ത്യ പന്തിനായുള്ള നേർക്കുനേർ പോരാട്ടത്തിൽ പോലും ഇറാഖിനോടു തട്ടിച്ചുനിന്നു. ചിട്ടയായ ആക്രമണങ്ങൾക്കൊപ്പം പ്രതിരോധ കോട്ടയിൽ വിള്ളൽ വീഴാതെ കാക്കുകയും ചെയ്തതോടെ ബിബിയാനോ ഫെർണാണ്ടസ് പരിശീലിപ്പിക്കുന്ന ടീമും വിജയമധുരം രുചിച്ചു. ടൂർണമെന്റിൽ ഇന്ത്യയുടെ റണ്ടാം വിജയമാണിത്.

ആദ്യ മൽസരത്തിൽ ജോർദാനെ 4–0നു തകർത്ത ഇന്ത്യയെ രണ്ടാം മൽസരത്തിൽ ജപ്പാൻ 2–1നു പരാജയപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.