റയലിനു സമനില; ബാർസയെക്കാൾ രണ്ടു പോയിന്റ് പിന്നിൽ

ഗോൾ നേടിയ റയൽ താരം ഇസ്കോയുടെ ആഹ്ലാദം.

ബിൽബാവോ∙ സ്പാനിഷ് ലീഗിൽ റയൽ മഡ്രിഡിന്റെ മികച്ച തുടക്കത്തിനു സ്റ്റോപ്പ്. അത്‌ലറ്റിക് ബിൽബാവോയോട് 1–1 സമനില വഴങ്ങിയതോടെ റയൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബാർസിലോനയെക്കാൾ രണ്ടു പോയിന്റ് പിന്നിലായി. സ്വന്തം സ്റ്റേഡിയത്തിൽ ബിൽബാവോ തന്നെയാണ് ആദ്യഗോൾ നേടിയത്. പ്രത്യാക്രമണം ചെറുക്കുന്നതിൽ പതറിയ റയലിനെ കാഴ്ചക്കാരാക്കി ഐകർ മുനിയൻ പന്തു വലയിലെത്തിച്ചു. ഇരു ബോക്സിലേക്കും മുന്നേറ്റങ്ങൾ കണ്ട ആദ്യ പകുതിയിൽ പക്ഷേ, പിന്നീട് ഗോളൊന്നും പിറന്നില്ല. റയലിന്റെ രണ്ടു ശ്രമങ്ങൾ ബിൽബാവോയുടെ 21കാരൻ ഗോൾകീപ്പർ ഉനായ് സിമൺ രക്ഷപ്പെടുത്തി. ഒടുവിൽ 63–ാം മിനിറ്റിൽ ഗാരെത് ബെയ്‌ലിന്റെ ക്രോസിൽ നിന്നുള്ള ഷോട്ടിൽ ഇസ്കോ സിമണെ വീഴ്ത്തി.

രണ്ടാം പകുതിയിൽ കാസെമിറോ വന്നതോടെയാണ് റയലിന്റെ കളി മെച്ചപ്പെട്ടത്. എന്നാൽ മാർക്കോ അസെൻസിയോയുടെയും സെർജിയോ റാമോസിന്റെയും ഷോട്ടുകൾ സേവ് ചെയ്ത് സിമൺ വീണ്ടും ബിൽബാവോയെ കാത്തു. മികച്ച പ്രത്യാക്രമണങ്ങൾ നടത്തിയ ബിൽബാവോയ്ക്കും വിജയഗോൾ നേടാനായില്ല. ഇനാകി വില്യംസിന്റെ ഒരു ഷോട്ട് പോസ്റ്റിനു പുറത്തേക്കു പോയി. നിലത്തു വീണു കിടക്കുകയായിരുന്ന റയൽ താരം കാസെമിറോയുടെ കയ്യിൽ ഒരു വട്ടം പന്ത് തൊട്ടെങ്കിലും റഫറി പെനൽറ്റി അനുവദിച്ചതുമില്ല. ഗാലറിയിൽ ബിൽബാവോ ആരാധകരുടെ പ്രതിഷേധം കളിക്കാരിലേക്കും പടർന്നു. എട്ട് മഞ്ഞക്കാർഡുകളാണ് റഫറി കളിയിലാകെ പുറത്തെടുത്തത്. അതിൽ ആറും കിട്ടിയത് ബിൽബാവോ താരങ്ങൾക്ക്.