ഞാൻ ആരെയും തല്ലിയിട്ടില്ല; തല്ലുകൂടിയവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചതാണോ കുറ്റം: അനസ്

മീഡിയ ഡേയിൽ അനസ് സംസാരിക്കുന്നു.

ബെംഗളൂരു ∙ ‘‘ഞാൻ ആരെയും തല്ലിയിട്ടില്ല. തല്ലുകൂടിയവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതാണോ കുറ്റം? എതിർ ടീം കോച്ചിനെ രക്ഷിക്കാൻ ശ്രമിച്ചതാണു ഞാൻ. അതിനു കിട്ടിയ ശിക്ഷ മൂന്നു മാച്ച് സസ്പെൻഷനും ഒരു ലക്ഷം രൂപ പിഴയും. കേസിനില്ല, അപ്പീലിനും.’’ ജംഷഡ്പൂരിൽ സൂപ്പർ കപ്പിൽ, ഇടവേളയിൽ കളിക്കളത്തിനു പുറത്ത് അടിപിടിയുണ്ടാക്കിയെന്ന് ആരോപിച്ച് മൂന്നു മാച്ച് വിലക്കിന് ശിക്ഷിക്കപ്പെട്ട അനസ് എടത്തൊടിക മനസ്സു തുറക്കുന്നു. ‘‘ജനം മനസ്സിലാക്കണം ഞാൻ നിരപരാധിയാണെന്ന്. വിഡിയോ ദൃശ്യങ്ങൾ കണ്ടാൽ മനസ്സിലാകും. ആ അടിയിൽ എനിക്കു പങ്കില്ല. പിടിച്ചുമാറ്റാൻ ശ്രമിച്ചതിന് ഇത്രയും ശിക്ഷയോ?’’

സൂപ്പർ കപ്പിലെ അടിയുടെ പേരിൽ ഐഎസ്എൽ അഞ്ചാം സീസണിലെ ആദ്യ മൂന്നു മൽസരങ്ങൾ അനസിനു വിലക്കിയിരിക്കുകയാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. വിലക്ക് തനിക്കും ടീമിനും ബുദ്ധിമുട്ടായെന്ന് മലയാളിതാരം പറയുന്നു. ലാ ലിഗയും സന്നാഹ മൽസരങ്ങളൂം കളിച്ചു സെറ്റായി വരുമ്പോൾ ഇത്തരമൊരു വിലക്ക് വലിയ വിലങ്ങു തടിതന്നെ.  അനസ് പറഞ്ഞു.