കേരളത്തിന്റെ കണ്ണീരൊപ്പാൻ കൊൽക്കത്ത പന്തുതട്ടി

കേരളത്തിലെ പ്രളയദുരിതാശ്വാസത്തിനായി കൊൽക്കത്തയിൽ സംഘടിപ്പിച്ച പ്രദർശന ഫുട്ബോൾ മത്സരത്തിനുശേഷം ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് ഐ.എം.വിജയൻ ഏറ്റുവാങ്ങുന്നു.

കല്യാണി (കൊൽക്കത്ത) ∙ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിനു കൈത്താങ്ങേകാൻ കൊൽക്കത്തയിലെ ഫുട്ബോൾസമൂഹം കൈകോർത്തു. കേരളത്തിന്റെ രാജ്യാന്തര ഫുട്ബോളർമാരായ ഐ.എം.വിജയൻ, ജോപോൾ അഞ്ചേരി എന്നിവരുടെ നേതൃത്വത്തിലാണു കൊൽക്കത്ത കല്യാണി ഫുട്ബോൾ സ്റ്റേഡിയത്തിൽ കേരള ഫ്ലഡ് റിലീഫ് മത്സരം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാനുള്ള അഞ്ചുലക്ഷം രൂപയുടെ ചെക്ക് മത്സരശേഷം ഐ.എം.വിജയൻ ഏറ്റുവാങ്ങി.

ഓൾ സ്റ്റാർ റെഡ്സ്, ഓൾ സ്റ്റാർ ബ്ലൂസ് എന്നീ ടീമുകളാണു കളിച്ചത്. കളി 1-1 സമനിലയിൽ സമാപിച്ചു. തലേന്ന് ഇടതുകാലിനേറ്റ പരുക്കു കാരണം ഐ.എം.വിജയൻ കളിക്കളത്തിൽ ഇറങ്ങിയില്ല. റെഡ്സിനെ ജോപോളും ബ്ലൂസിനെ മുൻ ഇന്ത്യൻ നായകൻ ദേബ് ജിത് ഘോഷും നയിച്ചു.

കേരളത്തെ പ്രതിനിധീകരിച്ച റെഡ്സിൽ ജോപോളിനൊപ്പം മുൻ ഇന്ത്യൻതാരങ്ങളായ എം.സുരേഷ്, രാമൻ വിജയൻ, ഡെൻസൻ ദേവദാസ്, റഹിം നബി, സന്ദീപ് നന്ദി, ദീപാങ്കർ റോയ്, സതീഷ് ഭാരതി തുടങ്ങിയവരും മുൻ എഫ്സി കൊച്ചിൻ താരം ദിനേശ് നായർ, ഫുട്ബോൾ കമന്റേറ്റർ ഷൈജു ദാമോദരൻ തുടങ്ങിയവരും കളിച്ചു.