അസ്സെൻസിയോ ഗോളിൽ റയലിനു വിജയം

റയൽ മഡ്രിഡിന്റെ ഗോൾ നേടിയ മാർക്കോ അസ്സെൻസിയോ (വലത്)യുടെ ആഹ്ലാദം. സഹതാരം ഇസ്കോ സമീപം.

മഡ്രിഡ്∙ മാർക്കോ അസ്സെൻസിയോയുടെ ഗോളിൽ എസ്പ്യാനോളിനോടു പൊരുതി ജയിച്ച റയൽ മഡ്രിഡ് സ്പാനിഷ് ലാ ലിഗ ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് (1–0). ഞായറാഴ്ച രാത്രി ജിറൂണയെ നേരിടുന്ന ബാർസിലോന ജയിച്ചാൽ നഷ്ടമാകുന്ന ഒന്നാം സ്ഥാനമാണെങ്കിലും, ഇത്തവണ ലീഗ് പോരാട്ടത്തിൽ രംഗത്തുണ്ടെന്നു സൂചന നൽകുന്ന വിജയമാണു റയലിന്റേത്. 41–ാം മിനിറ്റിൽ ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ചിന്റെ പാസിൽനിന്നായിരുന്നു അസ്സെൻസിയോയുടെ വിജയഗോൾ. റഫറി ഇതു ഓഫ്സൈഡ് വിളിച്ചെങ്കിലും വിഎആർ പരിശോധനയിൽ ഗോൾ അനുവദിച്ചു.

എവേ മൽസരത്തിൽ ഗെറ്റാഫെയെ 2–0ന് മുട്ടുകുത്തിച്ച് റയലിന്റെ അയൽക്കാരായ അത്‌ലറ്റിക്കോ മഡ്രിഡും വിജയക്കൊടി നാട്ടി. എസ്പ്യാനോളിനെതിരായ കളിയിൽ ഒട്ടേറെ പിഴവുകൾ വരുത്തിയ റയൽ താരങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്നായിരുന്നു പുതിയ കോച്ച് ജുലെൻ ലോപറ്റെഗുയിയുടെ പ്രതികരണം. അടുത്തയാഴ്ച അത്‌ലറ്റിക്കോ മഡ്രിഡിനെതിരെയാണു റയലിന്റെ കളി. ഇന്നലെ രാത്രി നടന്ന കളിയിൽ സെവിയ്യ 6–2നു ലെവാന്തെയെ പരാജയപ്പെടുത്തി.