അണ്ടർ–16 ഏഷ്യൻ ഫുട്ബോളിൽ ഇറാനെതിരെ ഇന്ത്യയ്ക്കു ഗോൾരഹിത സമനില

ക്വാലലംപൂർ∙ അണ്ടർ–16 ഏഷ്യൻ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ശക്തരായ ഇറാനെതിരെ ഇന്ത്യയ്ക്ക് ഗോൾരഹിത സമനില. 33 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ഇറാനോട് സമനിലയെങ്കിലും സ്വന്തമാക്കുന്നത്. എല്ലാ പ്രായപരിധിയിലുമുള്ള മൽസരങ്ങളിലും ഇന്ത്യ ഇക്കാലത്തിനിടെ പരാജയം നേരിട്ടു. 76–ാം മിനിറ്റിലെ പെനൽറ്റിയടക്കം ഒട്ടേറെ രക്ഷപ്പെടുത്തലുകൾ നടത്തിയ പഞ്ചാബിൽനിന്നുള്ള ഗോൾ കീപ്പർ നിരജ് കുമാറാണ് ഇന്ത്യൻ നേട്ടത്തിന്റെ ഹീറോ. ഏറ്റവും അവസാനമായി ഇന്ത്യ ഇറാനെതിരെ സമനിലയെങ്കിലും സ്വന്തമാക്കിയത് 1984ൽ സിംഗപ്പൂരിൽ നടന്ന ഏഷ്യ കപ്പ് ഫൈനലിലാണ്.

പ്രതീക്ഷിച്ചതുപോലെ തുടക്കത്തിൽതന്നെ ഇന്നലെ ഇറാൻ ഇന്ത്യയ്ക്കെതിരെ ആധിപത്യം നേടി. എന്നാൽ ഗോളെന്നുറച്ച രണ്ട് അവസരങ്ങളിൽ നിരജ് കുമാർ രക്ഷകനായി. 23–ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്നുള്ള പന്ത് ബാറിൽ തട്ടിത്തെറിച്ചതും ഇന്ത്യയ്ക്ക് ആശ്വാസമായി. പ്രതിരോധനിര ഉറച്ചുനിന്നു കോട്ട കാക്കുകയും മുന്നേറ്റനിര കൗണ്ടർ അറ്റാക്കിലൂടെ ഇറാൻ ഗോൾമുഖം ഇടയ്ക്കെങ്കിലും വിറപ്പിക്കുകയും ചെയ്തു. രണ്ടു ഗോളവസരങ്ങൾ ഇന്ത്യ നഷ്ടമാക്കുകയും ചെയ്തു. ജയിക്കാനുറച്ചു വ്യക്തമായ ഗെയിം പ്ലാനോടെയാണു കളിച്ചതെങ്കിലും സമനിലയിലും സന്തോഷത്തിനു കുറവില്ലെന്ന് ഇന്ത്യൻ ഹെഡ് കോച്ച് ബിബിയാനോ ഫെർണാണ്ടസ് പറഞ്ഞു. ഇന്തൊനീഷ്യയ്ക്കെതിരെ 27ന് ആണ് ഇന്ത്യയുടെ അടുത്ത മൽസരം.