പിക്വെ രക്ഷകൻ; ബാർസയ്ക്കു സമനില

പിക്വെ

ബാർസിലോന ∙ ലാലിഗയിൽ ബാർസിലോനയുടെ വിജയക്കുതിപ്പിന് ജിറോണ തടയിട്ടു. 35–ാം മിനിറ്റിൽ സെന്റർ ബാക്ക് ക്ലെമെന്റ് ലംഗൽറ്റ് ചുവപ്പുകാർഡ് കണ്ടു പുറത്തായതോടെ 10 പേരായി ചുരുങ്ങിയ ബാർസ ജിറോണയ്ക്കെതിരെ പൊരുതിക്കളിച്ചാണു സമനില പിടിച്ചത് (2–2).

നൂകാമ്പിൽ നടന്ന കളിയിൽ ആതുറോ വിദാലിന്റെ പാസിൽ തകർപ്പൻ ഷോട്ടിലൂടെ വലകുലുക്കിയ ലയണൽ മെസ്സി 19–ാം മിനിറ്റിൽ ബാർസിലോനയെ മുന്നിലെത്തിച്ചു. എന്നാൽ 35–ാം മിനിറ്റിൽ പെരെ പോൺസിന്റെ മുഖത്ത് കൈമുട്ടുകൊണ്ടിടിച്ചതിന് ലംഗൽറ്റ് ചുവപ്പുകാർഡ് കണ്ടു പുറത്താ‌യതാണു ബാർസയ്ക്കു വിനയായത്. ബാർസ പ്രതിരോധത്തിലെ ആൾനഷ്ടം മുതലെടുത്ത് യുറഗ്വായ് സ്ട്രൈക്കർ ക്രിസ്റ്റ്യൻ സ്റ്റ്യുവാനി 45–ാം മിനിറ്റിൽ ജിറോണയെ ഒപ്പമെത്തിച്ചു (1–1).

ജിറോണ ഗോൾ മടക്കിയതോടെ രണ്ടാം പകുതിയിൽ ഓസുമാനെ ഡെംബലെയെ പൻവലിച്ച് സാമുവൽ ഉംറ്റിറ്റിയെ ബാർസ കോച്ച് ഏർണസ്റ്റോ വാൽവെർദെ കളത്തിലിറക്കി. പക്ഷേ 51–ാം മിനിറ്റിൽ സ്റ്റ്യുവാനി വീണ്ടും ഗോളടിച്ചതോടെ ബാർസ സമ്മർദത്തിലായി. ഇതിനിടെ മെസ്സിയുടെ ഉഗ്രൻ ഫ്രീകിക്ക് ക്രോസ്ബാറിൽത്തട്ടി മടങ്ങിയതും ബാർസയ്ക്കു നിരാശ സമ്മാനിച്ചു. 63–ാം മിനിറ്റിൽ ലൂയി സ്വാരേസിന്റെ ഷോട്ട് റീബൗണ്ട് ഹെഡറിലൂടെ പിക്വെ ഗോൾവര കടത്തിയതോടെയാണു ബാർസയ്ക്കു ശ്വാസം നേരേ വീണത്.

പിന്നീടു വിജയഗോൾ നേടാനുള്ള മെസ്സിയുടെയും കുടിഞ്ഞോയുടെയും ശ്രമങ്ങളെ ജിറോണ പ്രതിരോധിച്ചതോടെ കളി സമനിലയിൽ. സീസണിൽ ആദ്യമായാണു ബാർസിലോന പോയിന്റ് നഷ്ടമാക്കുന്നത്. ലാലിഗയിൽ ആഞ്ചാം റൗണ്ട് മൽസരങ്ങൾ പിന്നിട്ടപ്പോൾ 13 പോയിന്റോടെ ബാർസയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള റയലിനും 13 പോയിന്റ് ഉണ്ടെങ്കിലും മികച്ച ഗോൾ ശരാശരിയാണു ബാർസയെ തുണച്ചത്.