ഐഎസ്എൽ അഞ്ചാം സീസൺ ഇന്നു മുതൽ; തുടങ്ങാം ബ്ലാസ്റ്റ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ മൽസരത്തിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന് കോച്ച് ഡേവിഡ് ജയിംസ് നിർദ്ദേശങ്ങൾ നൽകുന്നു ചിത്രം: സലിൽ ബേറ ∙ മനോരമ

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് അഞ്ചു വയസ്സ്, ഒന്നാം ക്ലാസ്സിലേക്കു പ്രവേശിക്കുന്നു. പ്രവേശനോൽസവം ഇവിടെ, സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ന്. കേരള ബ്ലാസ്റ്റേഴ്സ് രണ്ടുതവണ ചാംപ്യന്മാരായ കൊൽക്കത്തയുടെ സ്വന്തം എടികെയെ രാത്രി 7.30നു നേരിടുന്നു. ലീഗിൽ മൊത്തം 10 ടീമുകൾ പൊരുതുന്നു. പക്ഷേ, കഴിഞ്ഞ സീസണിലെപ്പോലെയല്ല. ചലനാത്മകത കൂടുതലുള്ള ലീഗാവും ഇത്തവണത്തേത്. പന്തു പാസ് ചെയ്താൽ പോരാ, കൂടൂതൽ ഗോളടിക്കണം. എല്ലാ ടീമിന്റെയും ലക്ഷ്യം അതാണ്. ഗോളടിച്ചാൽ മാത്രം പോരാ. ഗോളുകൾ വഴങ്ങാതിരിക്കണം. കൂടുതൽ ഗോളടിച്ചാൽ മാച്ചുകൾ ജയിക്കാം. പക്ഷേ, ഗോളുകൾ വഴങ്ങാതിരുന്നാലേ ചാംപ്യൻഷിപ് ജയിക്കാനാവൂ. 

ഇത്തവണ ആദ്യ രണ്ടു മാച്ചുകളും വെടിക്കെട്ടാണ്. എടികെയും ബ്ലാസ്റ്റേഴ്സും. ലീഗിനു വൈരത്തിന്റെ മുഖംനൽകിയ രണ്ടു ടീമുകൾ. പിന്നെ ചെന്നൈയിൻ എഫ്‌സിയും ബെംഗളൂരുവും. വിജയം ജീവിതശൈലിയാക്കിയ ടീമുകൾ. ഇക്കുറി ജയത്തോടെ തുടങ്ങണമെന്നു നാലു ടീമും ആഗ്രഹിക്കുന്നു. ആക്രമണം ജയം തരുന്നു, പ്രതിരോധം കിരീടം തരുന്നു എന്നു വിശ്വസിക്കുന്ന ടീമുകളാണു നാലും. പോരാത്തതിനു പുണെ, ജംഷഡ്‌പുർ, ഗോവ, നോർത്ത് ഈസ്റ്റ് ടീമുകളുമുണ്ട്. 

ചെറുപ്പത്തിന്റെ കരുത്തിൽ 

ഐഎസ്എൽ കണ്ടതിൽ ഏറ്റവും പ്രായമേറിയ കളിക്കാരിൽ ഒരാളായ ഡേവിഡ് ജയിംസ് പരിശീലിപ്പിക്കുന്ന ചെറുപ്പക്കാരുടെ ടീമിന് ഇന്നു വിജയത്തിൽ കുറഞ്ഞൊരു ലക്ഷ്യമില്ല. ഏറെ പുതുമകളോടെയാണു ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറങ്ങുന്നത്, ശരാശരി പ്രായം 22.5. മുപ്പതിലധികം പ്രായമുള്ളവർ വിരലിലെണ്ണാൻ മാത്രം. 

ഗോൾകാവലിന് ഇന്നു ധീരജ് ഉണ്ടാകുമെന്നാണു പ്രതീക്ഷ. പ്രതിരോധത്തിൽ നായകൻ ജിങ്കാൻ, ലാകിച് പെസിച്, ലാൽറുവാത്താര, റാകിപ്. മധ്യത്തിൽ നിക്കോള കിർച്‌മാരെവിച്, കിസിത്തോ, നർസാരി എന്നിവർക്കൊപ്പം പെക്കുസൻ ഇറങ്ങിയേക്കാം. മധ്യനിരയിൽ പെക്കുസൻ ഇല്ലെങ്കിൽ ബ്ലാസ്റ്റേഴ്സ് രണ്ടു വിദേശ സ്ട്രൈക്കർമാരെ നിയോഗിക്കും. മതേയ് പൊപ്ലാട്നിക്കും സ്റ്റൊയനോവിച്ചും. പെക്കുസൻ കളിക്കുകയാണെങ്കിൽ പൊപ്ലാട്നിക്കിനൊപ്പം സി.കെ.വിനീത് ഇറങ്ങും.

മറുവശത്തു കൊപ്പലാശാൻ ലാൻസറോട്ടി, എവർട്ടൻ സാന്റോസ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കിയുള്ള കളിയാവും ആസൂത്രണം ചെയ്യുന്നത്. ഏക സ്ട്രൈക്കറായി ബൽവന്ത് ഇറങ്ങുമെങ്കിലും ഗോൾവേട്ടയിലും ലാൻസറോട്ടിയും എവർട്ടനും പങ്കാളികളാകും. 

കൊൽക്കത്തയ്ക്കു വലിയ പേരുകളുണ്ടെങ്കിലും ഒന്നും നഷ്ടപ്പെടാനില്ലാത്ത ബ്ലാസ്റ്റേഴ്സ് യുവനിര ഇന്ന് ആഞ്ഞുപൊരുതിയാൽ കളി തീപാറും.

സൂപ്പർ ലീഗിന് ഇടവേളകളും 

ഇക്കുറി ലീഗിൽ പല ഇടവേളകളുണ്ട്. അതിൽ നീണ്ടത് ഡിസംബർ മുതൽ ഫെബ്രുവരി വരെ, ആറാഴ്ചയോളം. പഠിച്ചത് ആവർത്തിക്കാനും പരുക്കിൽനിന്നു മോചനം നേടാനും മൽസര ഫുട്ബോളിലെ അതിജീവനം ശീലിക്കാനും ഇതു സഹായിക്കും. ഫോമിലുള്ള ടീമുകൾ ഇടവേള കഴിഞ്ഞു വരുമ്പോൾ അതു നിലനിർത്താൻ പാടുപെട്ടാൽ ലീഗിന്റെ ഗതി മാറും. പിന്നിലായവർക്കു ഫോം വീണ്ടെടുക്കാനും പുതുവൽസരം അവസരം നൽകും. ഈ ലീഗ് പുതുവഴികൾ കാണിക്കുകയാണ്.