Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ മാനഭംഗക്കേസ്

ronaldo-allegation റൊണ്ടാൾഡോയും കാതറിനും

ലാസ് വേഗസ് (യുഎസ്) ∙ അഞ്ചു തവണ ലോക ഫുട്ബോളറായിട്ടുള്ള സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2009ൽ ലാസ് വേഗസിലെ ഹോട്ടലിൽ വച്ച് തന്നെ മാനഭംഗപ്പെടുത്തിയെന്ന കേസ് വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവുമായി മുൻ മോഡൽ കാതറിൻ മയോർഗ. അന്നു ക്രിമിനൽ അന്വേഷണം തടസ്സപ്പെടുത്താൻ റൊണാൾഡോ ആളുകളെ നിയോഗിച്ചെന്നും ഭീഷണിയെ തുടർന്ന് 3,75,000 ഡോളർ സ്വീകരിച്ച് ലൈംഗിക ആക്രമണം പരാതി പിൻവലിക്കാൻ സമ്മതിച്ചതായും അന്നു നൽകിയ പരാതി വീണ്ടും അന്വേഷിക്കാൻ ആവശ്യപ്പെട്ട് അവർ നെവാഡ ഡിസ്ട്രിക്ട് കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. കേസ് വീണ്ടും തുറന്ന് അന്വേഷണം ആരംഭിച്ചതായി ലാസ് വേഗസ് മെട്രോപ്പൊലിറ്റൻ പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

പരാതി വ്യാജമാണെന്നും പെട്ടെന്നുള്ള പ്രശസ്തിക്കുള്ള ശ്രമമാണെന്നും റൊണാൾഡോയുടെ അഭിഭാഷകൻ ക്രിസ്റ്റ്യൻ ഷെർട്സ് പ്രതികരിച്ചു. ‘വ്യാജം. വ്യാജ വാർത്ത’, റൊണാൾഡോ ചിരിക്കുന്ന വിഡിയോയ്ക്കൊപ്പം ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചു.
സുഹൃത്തുക്കൾക്കൊപ്പം 2009 ജൂൺ 12ന് റെയ്ൻ നൈറ്റ്ക്ലബ്ബിലെ പാംസ് ഹോട്ടൽ ആൻഡ് കാസിനോയിൽ പോയപ്പോഴാണ് റൊണാൾഡോയെ കണ്ടതെന്ന് അന്ന് 24 വയസ്സുണ്ടായിരുന്ന കാതറിൻ പരാതിയിൽ പറയുന്നു.

റൊണാൾഡോയും സുഹൃത്തുക്കളും ആഘോഷിക്കാൻ എത്തിയതായിരുന്നു. തനിക്കും സുഹൃത്തുക്കൾക്കുമൊപ്പം ‘ചൂടു കുളി’ക്ക് റൊണാൾഡോ കാതറിനെ ക്ഷണിച്ചു. നീന്തൽ വസ്ത്രം ഇല്ലാത്തതിനാൽ ക്ഷണം നിരസിച്ചു ബാത്റൂമിലേക്കു പോയി. വസ്ത്രം നൽകാമെന്ന പറഞ്ഞ് പിന്തുടർന്നെത്തിയ റൊണാൾഡോ മാനഭംഗപ്പെടുത്തുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു.

ക്ഷമാപണം നടത്തിയാണ് മുറിവിട്ടത്. അന്നുതന്നെ അവർ പൊലീസിൽ പരാതി നൽകി. പൊലീസ് വൈദ്യ പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. എന്നാൽ, ശരീരത്തിനും മനസ്സിനും മുറിവേറ്റ കാതറിൻ തന്നെ ആക്രമിച്ചത് ഒരു യൂറോപ്യൻ ഫുട്ബോൾ കളിക്കാരൻ എന്നല്ലാതെ പേരു പറഞ്ഞിരുന്നില്ല. എവിടെ വച്ചാണ് ആക്രമിച്ചതെന്നും വ്യക്തമാക്കിയിരുന്നില്ല.

ഇക്കാര്യം ലാസ് വേഗസ് പൊലീസ് വക്താവ് എയ്ഡൻ ഒക്കംപോഗോമസ് സ്ഥിരീകരിച്ചു. അന്വേഷണം തുടരുകയാണെന്നും ഇപ്പോൾ ഒന്നും വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാഹിതനും നാലു കുട്ടികളുടെ പിതാവുമാണ് പോർച്ചുഗൽ സ്വദേശിയായ റൊണാൾഡോ.