ക്രിസ്റ്റ്യാനോയുടെ മികവിൽ യുവെന്റസിനു ജയം

ഗോൾ നേടിയ റൊണാൾഡോയുടെ ആഹ്ലാദം.

റോം ∙ ഉജ്വല ഗോളോടെ ‘ക്ലാസ്’ പ്രകടമാക്കിയ ക്രിസ്റ്റ്യാനോയുടെ മികവിൽ ഇറ്റാലിയൻ സെരി എയിൽ യുവെന്റസ് 2–0നു യുഡിനീസിനെ മറികടന്നു. 33–ാം മിനിറ്റിൽ യുറഗ്വായ് താരം റോഡ്രിഗോ ബെന്റാങ്കുറിന്റെ ഗോളിൽ യുവെന്റസ് മുന്നിലെത്തി. ബെന്റാങ്കുർ തന്നെ തുടക്കമിട്ട മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോൾ. ബെന്റാങ്കുർ മറിച്ചു നൽകിയ പന്ത് വലതു പാർശ്വത്തിൽ നിന്ന് ജാവോ ക്യാൻസെലോ ബോക്സിലേക്ക് ഉയർത്തിവിട്ടു. പന്തു ചെന്നത് ബോക്സിനുള്ളിൽ നിലയുറപ്പിച്ച ക്രിസ്റ്റ്യാനോയുടെ നേർക്കാണെങ്കിലും പിന്നിൽനിന്ന് ഓടിക്കയറിയ ബെന്റാങ്കറുടെ ഹെഡർ നിമിഷനേരം കൊണ്ടു ഗോൾവര കടന്നു. (1–0).

നാലു മിനിറ്റിനകം ക്രിസ്റ്റ്യാനോയും ഗോളടിച്ചു. മരിയോ മാൻസൂകിച്ച് മറിച്ച പന്തിൽ ക്രിസ്റ്റ്യാനോയുടെ ഇടംകാലൻ ഷോട്ട് യുഡിനീസ് ഗോൾകീപ്പറെ നിഷ്പ്രഭനാക്കി പോസ്റ്റിന്റെ വലതുമൂലയിൽ പതിച്ചു (2–0). 74–ാം മിനിറ്റിൽ രണ്ടാം ഗോളിനു ക്രിസ്റ്റ്യാനോയ്ക്ക് അവസരമൊരുങ്ങിയതാണ് എന്നാൽ പോസ്റ്റിന്റെ തൊട്ടടുത്തുനിന്നുള്ള ക്രിസ്റ്റ്യാനോയുടെ ഷോട്ട് യുഡിനീസ് ഗോൾകീപ്പർ രക്ഷപ്പെടുത്തി. തുടർച്ചയായ എട്ടാം ജയമാണു യുവെന്റസ് ഇന്നലെ സ്വന്തമാക്കിയത്.