ജർമനിയെ വീഴ്ത്തി ഫ്രാൻസ്

ജർമനിക്കെതിരെ നേടിയ രണ്ടാം ഗോളിനു ശേഷം ഫ്രഞ്ച് താരം അന്റോയ്ൻ ഗ്രീസ്മെന്റെ (7) ആഹ്ലാദം. ജിറൂദ്, മറ്റ്യുഡി എന്നിവർ സമീപം

പാരിസ്∙ യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും ജർമനിക്കു തോൽവി.  ഫ്രഞ്ച് സ്ട്രൈക്കർ അന്റോയ്ൻ ഗ്രീസ്മെന്റെ ഇരട്ട ഗോളുകളാണ് ജർമനിയെ വീഴ്ത്തിയത്.  (2–1). ടോണി ക്രൂസിന്റെ വകയാണ് ജർമനിയുടെ ഗോൾ. അയർലൻഡിനെ വെയ്ൽസ് 1–0നു  തോൽപ്പിച്ചപ്പോൾ ചെക് റിപ്പബ്ലിക്കിനെ ഇതേ സ്കോറിൽ യുക്രെയ്നും മറികടന്നു.

∙ഗ്രീസ്മെൻ ഡബിൾ 

ഫ്രാൻസിനെതിരെ 61–ാം മിനിറ്റ് വരെ മുന്നിട്ടുനിന്നതിനു ശേഷമായിരുന്നു ജർമനിയുടെ തോൽവി. ജർമനിയുടെ മാഞ്ചസ്റ്റർ സിറ്റി വിങ്ങർ ലെറോയ് സനെ ബോക്സിനുള്ളിലേക്ക് ഉയർത്തി വിട്ട പന്ത് ഫ്രഞ്ച് പ്രതിരോധനി രതാരം പ്രെസ്നെൽ കിംപബെയുടെ കയ്യിൽത്തട്ടിയതിനു ലഭിച്ച പെനൽറ്റി വലയിലെത്തിച്ച ടോണി ക്രൂസ് 14–ാം മിനിറ്റിൽ ജർമനിക്കു ലീഡ് നൽകി. 

62–ാം മിനിറ്റിൽ ഹെർണാണ്ടെസിന്റെ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച ഗ്രീസ്മെൻ ഫ്രാൻസിനു സമനില നൽകി. 80–ാം മിനിറ്റിലെ പെനൽറ്റി ഗോളിലൂടെ ഗ്രീസ്മെൻ ലോകചാംപ്യന്മാർക്കു വിജയവും ഉറപ്പാക്കി. ബ്ലേസ് മറ്റ്യുഡിയെ ജർമൻ താരം ഹമ്മൽസ് ബോക്സിനുള്ളിൽ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. പരിശീലകൻ യൊക്കിം ലോയ്ക്കു കീഴിൽ കഴിഞ്ഞ 10 കളികളിൽ ജർമനിയുടെ ആറാം തോൽവിയാണിത്. 

സൂപ്പർ താരം ഗരെത് ബെയ്‌ൽ ഇല്ലാതെയിറങ്ങിയ വെയ്ൽസ് ഹാരി വിൽസന്റെ ഗോളിലാണ് (58') അയർലൻഡിനെ കീഴടക്കിയത്. പൊരുതിക്കളിച്ച ചെക് റിപ്പബ്ലിക്കിനെ റുസ്‌ലാൻ മാലിനോവ്സ്കിയുടെ ഗോളിലാണ് (43') യുക്രെയ്ൻ മറികടന്നത്.