ചെൽസി, യുണൈറ്റഡ് സമാസമം

ചെൽസി– മാഞ്ചസ്റ്റർ യുണൈറ്റഡ് മൽസരത്തിനിടെയുണ്ടായ സംഘർഷത്തിനു ശേഷം യുണൈറ്റഡ് പരിശീലകൻ ഹൊസെ മൗറീഞ്ഞോയും ചെൽസി പരിശീലകൻ മൗറീസിയോ സാറിയും അനുനയ സംഭാഷണത്തിൽ.

ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ്  ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം ടീമുകൾക്കു ജയം. ചെൽസി– മാഞ്ചസ്റ്റർ യുണൈറ്റഡ് കളി 2–2 സമനിലയിൽ അവസാനിച്ചു. പോയിന്റ് പട്ടികയുടെ തലപ്പത്തുള്ള മാഞ്ചസ്റ്റർ സിറ്റി 5–0നു ബേൺലിയെ തകർത്തു. സെർജിയോ അഗ്യൂറോ,  ബെർണാഡോ സിൽവ, ഫെർണാണ്ടിഞ്ഞോ, റിയാദ് മഹ്റെസ്, ലെറോയ് സനെ എന്നിവരാണു സിറ്റിക്കായി ഗോൾ നേടിയത്. എറിക്ക് ലമേലയുടെ (44') ഗോളിൽ ടോട്ടനം 1–0 നു വെസ്റ്റ്ഹാമിനെ മറികടന്നു.

സമനില പിടിച്ച് ചെൽസി

പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ മാഞ്ചസറ്റർ യുണൈറ്റഡ് പരീശീലകൻ ഹൊസെ മൗറീഞ്ഞോയ്ക്ക് സ്റ്റാംഫഡ് ബ്രിജ് സ്റ്റേഡിയം ഒരിക്കൽക്കൂടി സമ്മാനിച്ചത് ‘കടുപ്പമേറിയ’ സ്മരണകൾ. മൽസരത്തിന്റെ 21–ാം മിനിറ്റിൽ ആന്റോണിയോ റുഡിഗറുടെ ഗോളിൽ മുന്നിലെത്തിയ ചെൽസിക്കെതിരെ ആന്റണി മാർഷ്യലിന്റെ ഇരട്ട ഗോൾ (55,73) യുണൈറ്റഡിന് അവിസ്മരണീയ വിജയം സമ്മാനിക്കുമെന്നു തോന്നിച്ചെങ്കിലും അധിക സമയത്തിന്റെ 5–ാം മിനിറ്റിൽ ഇംഗ്ലണ്ട് താരം റോസ് ബാർക്ക്‌ലിയുടെ ഗോളിൽ ചെൽസി സമനില പിടിച്ചതോടെ സ്റ്റേഡിയം ഇളകിമറിഞ്ഞു.

ആഘോഷത്തിമിർപ്പുമായി ചെൽസി കോച്ചിങ് സ്റ്റാഫിൽ ഒരാൾ   മൗറീഞ്ഞോയുടെ മുന്നിലേക്ക് എത്തിയതോടെയാണു അനിഷ്ട സംഭവങ്ങളുടെ തുടക്കം. അതുവരെ കൂളായി ഇരിപ്പിടത്തിലിരുന്ന മൗറീഞ്ഞോ പൊടുന്നനെ ചാടിയെണീറ്റ് കോച്ചിങ് സ്റ്റാഫിനുനേരെ പാഞ്ഞടുത്തു. മൗറീഞ്ഞോയെ സുരക്ഷാ ജീവനക്കാർ എത്തിയാണു പിടിച്ചുമാറ്റിയത്. പക്ഷേ, നിമിഷങ്ങൾക്കകം വീണ്ടും തണുത്ത മൗറീഞ്ഞോ മൽസരത്തിനുശേഷം ചെൽസി കോച്ച് മൗറീസിയോ സാറിയുമായി ഹസ്തദാനം നടത്തി.

മുൻപു ചെൽസി പരീശീലകനായി താൻ നേടിയ 3 ലീഗ് കിരീടങ്ങളെ ഓർമ്മിപ്പിക്കുംവിധം 3 എന്ന സംഖ്യ ചെൽസി ആരാധകർക്കുനേരെ ഉയർത്തിക്കാട്ടിയാണു മൗറീഞ്ഞോ സ്റ്റേഡിയം വിട്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡ് പരീശീലകന്റെ റോളിൽ മൗറീഞ്ഞോ മുൻപു മൂന്നു വട്ടം സ്റ്റാംഫഡ് ബ്രിജിലെത്തിയപ്പോഴും ജയം ചെൽസിക്കൊപ്പമായിരുന്നു. മൽസരം അവസാനിക്കാറായപ്പോഴുണ്ടായ ചെൽസി കോച്ചിങ് സ്റ്റാഫിന്റെ പ്രതികരണമാണു തന്നെ ചൊടിപ്പിച്ചതെന്നും പിന്നീട് ഇയാൾ തന്നോടു മാപ്പു പറഞ്ഞെന്നും മൽസരശേഷം മ‍ൗറീഞ്ഞോ വ്യക്തമാക്കി.