ബാർസയ്ക്കു സമനില, യോഗ്യത

ബാർസ താരം റാകിടിച്ചിന്റെ മുന്നേറ്റം തടയാൻ ഇന്റർ താരം അസമാവോയുടെ ശ്രമം.

ഇറ്റലിയിൽ ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ബാർസയ്ക്ക് സമനില ചിന്തിപ്പിക്കുന്നതായെങ്കിലും നോക്കൗട്ടിലേക്കു യോഗ്യത നേടിയത് സന്തോഷമായി. കളിയുടെ അവസാന നിമിഷങ്ങളിലായിരുന്നു രണ്ടു ഗോളുകളും. 83–ാം മിനിറ്റിൽ ബ്രസീൽ താരം മാൽക്കമാണ് ക്ലബിനു വേണ്ടി തന്റെ ആദ്യഗോൾ കുറിച്ച് ബാർസയെ മുന്നിലെത്തിച്ചത്. എന്നാൽ നാലു മിനിറ്റിനകം മൗറോ ഇകാർദി ഇന്ററിനെ ഒപ്പമെത്തിച്ചു. മെസ്സിയില്ലാതെ ഇറങ്ങിയത് ബാർസയുടെ ഫിനിഷിങിനെ ബാധിച്ചെങ്കിലും കളിയിൽ ആധിപത്യം സ്പാനിഷ് ക്ലബിനു തന്നെയായിരുന്നു.

ഇറ്റലിയിൽ കഴിഞ്ഞ ആറു കളികളിലായി വിജയമറിയാത്ത ബാർസ തുടക്കത്തിൽ ഇന്ററിന്റെ സമ്മർദ്ദത്തെ അതിജീവിക്കുന്നതിൽ വിജയിച്ചു. മിഡ്ഫീൽഡിൽ മനോഹരമായ പാസിങ്ങോടെ കളം നിറഞ്ഞ ആർതർ മെലോയാണ് ആദ്യ പകുതിയിൽ ബാർസയ്ക്ക് ആധിപത്യം നൽകിയത്. എന്നാൽ ലൂയി സ്വാരെസും ഇവാൻ റാകിട്ടിച്ചും സുവർണാവസരങ്ങൾ തുലച്ചു. 81–ാം മിനിറ്റിൽ ഒസ്മാൻ ഡെംബെലെയ്ക്കു പകരക്കാരനായി ഇറങ്ങിയ മാൽക്കം രണ്ടു മിനിറ്റിനകം ബാർസയ്ക്കു കാത്തിരുന്ന ലീഡ് നൽകി.

ഇന്റർ മുന്നേറ്റത്തെ പ്രതിരോധിക്കുന്നതിൽ അലസത കാട്ടിയ ബാർസ പ്രതിരോധത്തിനു കിട്ടിയ ശിക്ഷയായിരുന്നു ഇകാർദിയുടെ മറുപടി ഗോൾ. ബി ഗ്രൂപ്പിലെ രണ്ടാം മൽസരത്തിൽ ഹാരി കെയ്നിന്റെ ഇരട്ട ഗോളുകളിലാണ് ടോട്ടനമിന്റെ ജയം. കളി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഗോൾ നേടി ലൂക്ക് ഡി ജോങ് ടോട്ടനമിനെ ഞെട്ടിച്ചു. ടോട്ടനം പൊരുതിക്കളിച്ചെങ്കിലും 78–ാം മിനിറ്റിലാണ് ഒപ്പമെത്തിയത്. 89–ാം മിനിറ്റിൽ കെയ്നിന്റെ ഒരു ഹെഡർ തട്ടിത്തിരിഞ്ഞ് ഗോളിലേക്കു പോയതോടെ ടോട്ടനത്തിന് അർഹിച്ച ജയം.