റിവർ–ബൊക്ക സമാസമം; കോപ്പ ലിബർട്ടഡോറസ് ഫൈനൽ ആദ്യപാദത്തിൽ 2–2

റിവർപ്ലേറ്റിനെതിരെ ഗോൾ നേടിയപ്പോൾ ബോക്ക താരങ്ങളുടെ ആഹ്ലാദം.

ബ്യൂണസ് ഐറിസ് ∙ നൂറ്റാണ്ടിന്റെ പോരാട്ടത്തിന്റെ ആദ്യപാദം ആവേശസമനില. ലാറ്റിനമേരിക്കയുടെ ചാംപ്യൻസ് ലീഗായ കോപ്പ ലിബർട്ടഡോറസിന്റെ ഫൈനലിൽ ഇതാദ്യമായി ചിരവൈരികളായ അർജന്റീന ക്ലബുകൾ ബൊക്ക ജൂനിയേഴ്സും റിവർപ്ലേറ്റും ഏറ്റുമുട്ടിയപ്പോൾ ഇരുടീമും 2–2നു പിരിഞ്ഞു.  ബൊക്ക താരം കാർലോസ് ഇസ്ക്വിയെർദോസിന്റെ സെൽഫ് ഗോളാണ് എവേ മൈതാനത്ത് റിവർ പ്ലേറ്റിനു സമനില നൽകിയത്. രണ്ടു തവണ ലീഡ് കൈവിട്ടാണ് ബൊക്ക ലാ ബോംബൊനാര സ്റ്റേഡിയത്തിൽ സമനിലയിൽ കുരുങ്ങിയത്. ബ്യൂണസ് ഐറിസിലെ കനത്ത മഴ മൂലം ഒരു ദിവസത്തേക്ക് മൽസരം മാറ്റി വച്ചിരുന്നു. എങ്കിലും ആരാധകരുടെ ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല.

34–ാം മിനിറ്റിൽ റമോൺ അബില ബൊക്കയെ മുന്നിലെത്തിച്ചതോടെ ഗാലറി ആവേശത്താൽ പൊട്ടിത്തെറിച്ചു. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ തന്നെ ലൂക്കാസ് പ്രാറ്റോ റിവർപ്ലേറ്റിനെ ഒപ്പമെത്തിച്ചു. ആദ്യ പകുതിക്കു വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ശേഷിക്കെ ദാരിയോ ബെനെഡെറ്റോ ബൊക്കയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ 61–ാം മിനിറ്റിൽ കാർലോസ് ഇസ്ക്വിയെർദോസിന്റെ ഹെഡർ സ്വന്തം വലയിലേക്കു തന്നെ പോയതോടെ ബൊക്ക ആരാധകർക്കു നിരാശയായി. സൂപ്പർ താരം കാർലോസ് ടെവസിനെ ഇറക്കി ബൊക്ക വിജയത്തിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ടെവസിന്റെ ഒരു ഷോട്ട് പോസ്റ്റിനെ ചാരി പുറത്തേക്കു പോയി.

എവേ ഗോൾ ഇല്ലെങ്കിലും ബൊക്കയുടെ തട്ടകത്തിൽ നേടിയ സമനില രണ്ടാം പാദത്തിൽ റിവർപ്ലേറ്റിന് ആത്മവിശ്വാസം നൽകും. നവംബർ 24ന് റിവർപ്ലേറ്റിന്റെ മൈതാനത്താണ് രണ്ടാം പാദം.