Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവോക് ഒറിജി രക്ഷകനായി; ലിവർപൂളിനു ജയം

liverpool-goal ഓർക്കാപ്പുറത്തൊരു ഒറിജി: 1) 96–ാം മിനിറ്റിൽ ലിവർപൂൾ ഡിഫൻഡർ വാൻ ദെയ്കിന്റെ ഷോട്ട് കുത്തിയകറ്റാനുള്ള എവർട്ടൻ ഗോളി പിക്ഫോഡിന്റെ ശ്രമം പിഴക്കുന്നു 2) പന്ത് ക്രോസ്ബാറിൽ കുത്തിയുയർന്ന ശേഷം മുന്നിൽ നിൽക്കുകയായിരുന്ന ഒറിജിയുടെ തലപ്പാകത്തിൽ. ഒറിജിയുടെ ഹെഡർ വലയിലേക്ക് 3) ഗോളിന്റെ ഞെട്ടലിൽ നിരാശയോടെ പിക്ഫോഡും എവർട്ടൻ സഹാതരങ്ങളും 4) അപ്രതീക്ഷിത വിജയത്തിന്റെ അത്യാഹ്ലാദത്തിൽ ലിവർപൂൾ താരങ്ങൾ.

ലണ്ടൻ ∙ അവസാന നിമിഷം ലിവർപൂൾ തനിരൂപം കാണിച്ചു! എവർട്ടനെതിരായ പ്രീമിയർ ലീഗ് മൽസരം അവസാനിക്കാൻ സെക്കന്റുകൾ ബാക്കിയുള്ളപ്പോൾ നേടിയ കൗതുക ഗോളിലൂടെ ഒറിജി ലിവർപൂളിന്റെ വിജയശിൽപിയി. (1–0). ജയത്തോടെ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിക്കു പിന്നിൽ രണ്ടാം സ്ഥാനം നിലനിർത്തി. 84–ാം മിനിറ്റിൽ കളത്തിലിറങ്ങിയ ഒറിജി 96–ാം മിനിറ്റിൽ പന്ത് ഹെഡറിലൂടെ ഗോൾ വര കടത്തിയപ്പോൾ ആൻഫീൽഡ് സ്റ്റേഡിയം ഇളകിമറിഞ്ഞു; കോച്ച് യൂർഗൻ ക്ലോപ്പ് ടച്ച് ലെനിൽനിന്നു തുള്ളിച്ചാടി. ലിവർപൂൾ മുന്നേറ്റനിരയുടെ ആക്രമണങ്ങൾ എവർട്ടൻ പ്രതിരോധക്കോട്ടയിൽ തട്ടിത്തെറിച്ചതോടെ

ഫിർമിനോയ്ക്കു പകരമാണു ക്ലോപ് ഒറിജിയെ കളിത്തിലിറക്കിയത്. ജർമൻ ലീഗ് ക്ലബ് വൂൾവ്സ്ബർഗിനു കഴിഞ്ഞ സീസണിൽ ലിവർപൂൾ വായ്പാ അടിസ്ഥാനത്തിൽ‌ കൈമാറിയിരുന്ന ഒറിജി 20 മാസങ്ങൾക്കു ശേഷമാണ് ആൻഫീൽഡിൽ ഗോളടിക്കുന്നത്. നോർത് ലണ്ടൻ ഡാർബിയിൽ പിന്നിട്ടുനിന്നതിനുശേഷം ടോട്ടനത്തെ 4–2നു കീഴടക്കിയ ആർസനലും അവിസ്മരണീയ ജയം കുറിച്ചു. കഴിഞ്ഞ ആഴ്ച സ്റ്റാംഫഡ് ബ്രിജിൽ ചെൽസിയെ 3–1നു തകർത്തു വിട്ടതിന്റെ ആത്മവിശ്വാസത്തിലെത്തിയ ടോട്ടനത്തെ രണ്ടാം പകുതിയിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിനൊടുവിലാണ് ആർസനൽ കീഴടക്കിയത്.

പിയറി ഔബമെയാങ് (10’, 56’) അലക്സാന്ദ്രെ ലക്കാസെറ്റെ (74’), ലൂക്കാസ് ടൊറെയ്റ (77’) എന്നിവരാണു ഗണ്ണേഴ്സിനായി സ്കോർ ചെയ്തത്. എറിക് ഡയർ (30’), ഹാരി കെയ്‌ൻ (34’) എന്നിവർ ടോട്ടനത്തിനായി വലകുലുക്കി. 85–ാം മിനിറ്റിൽ ടോട്ടനം താരം യാൻ വെർടോംഗൻ രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തായി. ജയത്തോടെ ആർസനൽ നാലാം സ്ഥാനത്തേക്കുയർന്നു. തോൽവിയോടെ ടോട്ടനം പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കിറങ്ങി.

അഞ്ച്

എവർട്ടനെതിരായ പ്രീമിയർ ലീഗ് മൽസരങ്ങളിൽ അഞ്ചാം തവണയാണ് ലിവർപൂൾ ഇൻജറി സമയത്തെ ഗോളിൽ വിജയത്തിലെത്തുന്നത്. എവർട്ടനെ ഏറ്റവും അധികം തവണ ഇൻജറി സമയത്തെ ഗോളിൽ കീഴടക്കിയ ടീമും ലിവർപൂൾ തന്നെ.