ഇന്ത്യയിൽ നടന്ന അണ്ടർ–17 ലോകകപ്പിൽ മിന്നിത്തിളങ്ങിയ താരങ്ങൾ ഇപ്പോൾ എവിടെ?

കോമൾ തട്ടാൽ എവിടെ? അണ്ടർ–17 ലോകകപ്പിലെ ആദ്യ മൽസരത്തിനു ശേഷം ഇന്ത്യൻ ആരാധകർ ചോദിച്ച ചോദ്യം. ഐഎസ്എൽ ക്ലബ് എടികെയിലാണ് തട്ടാലിനെ പിന്നെ കണ്ടത്. എടികെയ്ക്കു വേണ്ടി കളിച്ച തട്ടാൽ ഐഎസ്എൽ കളിക്കുന്ന പ്രായം കുറ​ഞ്ഞ താരവുമായി. കഴിഞ്ഞ മാസം ജോർദാനെതിരെ സൗഹൃദ മൽസരത്തിനുള്ള ടീമിൽ ഇന്ത്യൻ സീനിയർ ടീം പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ തട്ടാലിനെ ഉൾപ്പെടുത്തുകയും ചെയ്തു. സുനിൽ ഛേത്രിക്കു പകരക്കാരനായി ടീമിലെത്തിയെങ്കിലും തട്ടാലിന് സീനിയർ ടീമിനായി അരങ്ങേറാനായില്ല. 

ഇന്ത്യയിൽ നിന്ന് ലോകകപ്പ് കഴിഞ്ഞു പോയ മറ്റു രാജ്യങ്ങളിലെ താരങ്ങളും വിവിധ ലീഗുകളിൽ വരവറിയിച്ചു കഴിഞ്ഞു. അണ്ടർ–17 ലോകകപ്പിലെ മികച്ച താരമായ ഇംഗ്ലണ്ടിന്റെ ഫിൽ ഫോഡൻ ഇപ്പോൾ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഒന്നാം ടീമിൽ തന്നെ കളിക്കുന്നു. ഇംഗ്ലണ്ട് ടീമിലെ സൂപ്പർ താരമായിരുന്ന ജെയ്ഡൻ സാഞ്ചോ ഇപ്പോൾ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ പ്രധാന താരമാണ്. ലോകകപ്പിൽ മിന്നിത്തിളങ്ങിയവർ ഇപ്പോഴെന്തു ചെയ്യുന്നു. ഇന്ത്യ ആദ്യമായി ആതിഥ്യമരുളിയ ഫിഫ ചാംപ്യൻഷിപ്പ് ഒരു വർഷം പിന്നിട്ടപ്പോൾ ഒരന്വേഷണം.

ഇന്ത്യൻ ടീം

ലോകകപ്പിനു ശേഷം ഇന്ത്യൻ ടീം അംഗങ്ങൾക്ക് ഒന്നിച്ചു കളി തുടരാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഒരു ഐ–ലീഗ് ക്ലബ് തന്നെ നൽകി– ഇന്ത്യൻ ആരോസ്. മലയാളി താരം കെ.പി രാഹുൽ ഉൾപ്പെടെയുള്ളവർ ഇപ്പോൾ കളിക്കുന്നത് ആരോസിലാണ്. ഐ–ലീഗിൽ അവസാന സ്ഥാനത്താണ് ടീം ഇപ്പോൾ. ടീമിലെ പല താരങ്ങളും ഇപ്പോൾ ഐഎസ്എൽ ക്ലബുകൾക്കു വേണ്ടിയും കളിക്കുന്നു. ലോകകപ്പിൽ മികച്ച സേവുകൾ കാഴ്ചവച്ച ധീരജ് സിങ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പറാണ്. ലോകകപ്പിൽ ഗോളടിച്ച ജീക്സൺ സിങിനെയും ബ്ലാസ്റ്റേഴ്സ് ടീമിലെടുത്തെങ്കിലും പിന്നീട് ലോൺ അടിസ്ഥാനത്തിൽ ആരോസിനു തന്നെ നൽകി. 

ജെയ്ഡൻ സാഞ്ചോ (ഇംഗ്ലണ്ട്)

ലോകകപ്പിൽ ഇംഗ്ലണ്ടിനെ ആദ്യറൗണ്ട് കടത്തിയ ശേഷം സ്വന്തം ക്ലബായ ബോറൂസിയ ഡോർട്ട്മുണ്ടിലേക്കു മടങ്ങുകയായിരുന്നു വിങറായ ജെയ്ഡൻ സാഞ്ചോ. അതു വെറുതെയായില്ല. മാർക്കോ റ്യൂസിനൊപ്പം ഡോർട്ട്മുണ്ട് മുന്നേറ്റനിരയിലെ പ്രധാനിയാണ് സാഞ്ചോ ഇപ്പോൾ. 24 മൽസരങ്ങൾ കളിച്ച സാഞ്ചോ കഴിഞ്ഞ മാസം 3 കളികളിൽ 3 ഗോളും ഒരു അസിസ്റ്റുമായി ‘പ്ലെയർ ഓഫ് ദ് മന്ത്’ പുരസ്കാരവും നേടി. ഇംഗ്ലണ്ട് സീനിയർ ടീമിനായും 3 മൽസരങ്ങൾ കളിച്ചു. യുവേഫ നേഷൻസ് ലീഗിൽ ക്രൊയേഷ്യയ്ക്ക് എതിരെയായിരുന്നു അരങ്ങേറ്റം.

ഫിൽ ഫോഡൻ (ഇംഗ്ലണ്ട് )

ഫൈനലിൽ സ്പെയിനെതിരെ ഇരട്ടഗോളുകളോടെ ഇംഗ്ലണ്ടിനെ വിജയത്തിലേക്കു നയിച്ച ഫിൽ ഫോഡനും മോശമാക്കിയില്ല. മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ അരുമശിഷ്യനായി മാറിയ ഫോഡൻ പല നിർണായക മൽസരങ്ങളിലും ടീമിനായി ഇറങ്ങി. കഴിഞ്ഞ സീസണിൽ സിറ്റി പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയപ്പോൾ ഫോഡൻ മറ്റൊരു റെക്കോർഡും സ്വന്തമാക്കി. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ വിന്നേഴ്സ് മെഡൽ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ഇന്നലെ സിറ്റി വാറ്റ്ഫ‍ഡിനെതിരെ ജയിച്ചപ്പോഴും റിസർവ് ബെഞ്ചിലുണ്ടായിരുന്നു ഫോഡൻ. ഇംഗ്ലണ്ട് അണ്ടർ–18, 19, 21 ടീമുകൾക്കായും ഫോഡൻ കളിച്ചു കഴിഞ്ഞു.

പൗളീഞ്ഞോ (ബ്രസീൽ)

സ്പെയിൻ, ഉത്തര കൊറിയ, ജർമനി ടീമുകൾക്കെതിരെ ലോകകപ്പിൽ ബ്രസീലിന് വിജയഗോളുകൾ നേടിയ പൗളീഞ്ഞോ ബ്രസീലിയൻ ലീഗിൽ വാസ്കോ ഡ ഗാമ ക്ലബിന്റെ താരമായിരുന്നു. ഈ വർഷം ഏപ്രിലിൽ ജർമൻ ക്ലബ് ബയെർ ലെവർക്യുസനിലേക്കു മാറി. ലോകകപ്പിൽ പൗളീഞ്ഞോയുടെ മുന്നേറ്റനിര കൂട്ടാളിയായിരുന്ന ലിങ്കൺ ഇപ്പോൾ ഫ്ലെമിംഗോ ക്ലബിലാണ്.

തിമോത്തി വിയ (യുഎസ്എ)

മുൻ ലോക ഫുട്ബോളറും ഇപ്പോൾ ലൈബീരിയൻ പ്രസിഡന്റുമായ ജോർജ് വിയയുടെ മകനാണ് തിമോത്തി വിയ. ലോകകപ്പിൽ അമേരിക്കയ്ക്കു വേണ്ടി ഹാട്രിക് നേടിയ വിയ പിന്നീട് സീനിയർ ടീമിനായി അരങ്ങേറി. ഗോളുമടിച്ചു. ലോകകപ്പിനിടെ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി കരാർ ഒപ്പിട്ട വിയ സീനിയർ ടീമിനായി അഞ്ചു മൽസരങ്ങൾ കളിച്ചു. ഒരു ഗോളും നേടി. 

ഈ വർഷം മേയിൽ ബൊളീവിയയ്ക്കെതിരെയായിരുന്നു അരങ്ങേറ്റം. ടീമിൽ സ്ട്രൈക്കർമാരായി നെയ്മർ, എംബപെ, കവാനി എന്നീ സൂപ്പർ താരങ്ങളുള്ളതിനാൽ മാത്രമാണ് വിയയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാത്തത്. 

ജോഷ് സാർജന്റ്  (യുഎസ്എ)

ലോകകപ്പിൽ വിയയുടെ ഫോർവേഡ് കൂട്ടാളിയായിരുന്നു സാർജന്റ്. അണ്ടർ–17 ലോകകപ്പിനു പിന്നാലെ അണ്ടർ–20 ലോകകപ്പിനുള്ള ടീമിലും ഇടം പിടിച്ച സാർജന്റ് ആദ്യ കളിയിൽ തന്നെ ഇരട്ട ഗോളും നേടി. അതേ വർഷം തന്നെ സീനിയർ ടീമിലും ഉൾപ്പെട്ടതോടെ അപൂർവമായൊരു റെക്കോർഡും സാർജന്റിനെ തേടിയെത്തി. ഒരേ വർഷം തന്നെ അണ്ടർ–17, അണ്ടർ–20 സീനിയർ ടീമുകളിൽ കളിച്ച ഒരേയൊരു അമേരിക്കൻ താരം. ഒരേ മൽസരത്തിൽ തന്നെയാണ് വിയയും സാർജന്റും സീനിയർ ടീമിനായി ഗോളടിച്ചത്. ഇപ്പോൾ ജർമൻ ക്ലബ് വെർഡൻ ബ്രെമനിലാണ് സാർജന്റ്.

യാൻ ഫിയെറ്റെ ആർപ്  (ജർമനി)

ലോകകപ്പിൽ ജർമനിക്കു വേണ്ടി 5 ഗോളുകൾ നേടിയ ആർപ് ഇപ്പോൾ ബുന്ദസ്‌ലിഗയിൽ ഹാംബർഗർ എസ്‌വിക്കു വേണ്ടി കളിക്കുന്നു. ബുന്ദസ്‌ലിഗയിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരവും ഗോളടിച്ച ഏറ്റവും പ്രായം കുറഞ്ഞയാളും ആർപ് തന്നെ. ഹാംബർഗറിനായി ഇതുവരെ 18 കളികളിൽ നേടിയത് 2 ഗോളുകൾ.