ഒമാനെ പൂട്ടി ഇന്ത്യ; മൽസരം ഗോൾരഹിത സമനിലയിൽ

ഇന്ത്യ – ഒമാൻ മൽസരത്തിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ മുന്നേറ്റം.

അബുദാബി ∙ ലോക റാങ്കിങിൽ 82–ാം സ്ഥാനത്തുള്ള ഒമാനെതിരെ സൗഹൃദ മൽസരത്തിൽ ഇന്ത്യയ്ക്കു ഗോൾരഹിത സമനില. മൽസരത്തിൽ ഇന്ത്യൻ ബോക്സിനുള്ളിലേക്കു ഒമാൻ സ്ട്രൈക്കർമാർക്കു പലവട്ടം കടന്നു കയറാനായെങ്കിലും ആദ്യ പകുതിയിൽ ഗോൾവല കാത്ത അമരീന്ദർ സിങിന്റെയും രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ ഗുർപ്രീത് സിങിന്റെയും തകർപ്പൻ സേവുകളാണ് അറബ് ടീമിനു ജയം നിഷേധിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയും ജെജെ ലാൽപെഖുലയുമടങ്ങിയ ഇന്ത്യൻ മുന്നേറ്റനിരയും പലവട്ടം ഗോളിനരികെയെത്തിയെങ്കിലും ലക്ഷ്യം നേടാനായില്ല.

രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ മലയാളി താരം ആഷിഖ് കുരുണിയൻ 78–ാം മിനിറ്റിൽ ബോക്സിനുള്ളിലേക്കു മറിച്ചു നൽകിയ പന്തിൽ ബൽവന്ത് സിങിന്റെ ഹെഡർ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയത് ഇന്ത്യയ്ക്കു നിർഭാഗ്യമായി. ജനുവരിയിൽ തുടങ്ങുന്ന ഏഷ്യൻ കപ്പിൽ ഇരു ടീമുകളും മൽസരിക്കുന്ന സാഹചര്യത്തിൽ ടീം ഘടനയും തന്ത്രങ്ങളും രഹസ്യമാക്കി വയ്ക്കാൻ അടച്ചിട്ട സ്റ്റേഡിയത്തിലാണു ടീമുകൾ കളിക്കിറങ്ങിയത്. ജനുവരി ആറിനു തായ്‌ലൻഡിനെതിരെയാണ് ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ ആദ്യ മൽസരം. ഫിഫ ലോക റാങ്കിങിൽ 97–ാം സ്ഥാനത്താണ് ഇന്ത്യ.