Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎസ്ജി താരം നെയ്മർ ബാർസിലോനയിലേക്കു മടങ്ങുമെന്ന് അഭ്യൂഹം; തിരിച്ചു പറക്കുമോ, കാനറി?

Neymar നെയ്മർ

പാരിസ് ∙ ലോക റെക്കോർഡ് തുകയ്ക്ക് പാരിസിലേക്കു പറന്ന കാനറിക്കിളി ബാർസിലോനയിലേക്കു തിരിച്ചു പറക്കുമോ..? യൂറോപ്യൻ ഫുട്ബോൾ ലീഗുകളിലെ ജനുവരി ട്രാൻസ്ഫർ ജാലകം തുറക്കുമ്പോൾ, ബ്രസീലിയൻ താരം നെയ്മർ ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ട് സ്പാനിഷ് ക്ലബ് ബാർസിലോനയിലേക്കു തന്നെ മടങ്ങുമെന്ന് അഭ്യൂഹങ്ങൾ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 222 ദശലക്ഷം യൂറോയ്ക്കാണ് (ഏകദേശം 1779 കോടി രൂപ) നെയ്മർ പിഎസ്ജിയിലെത്തിയത്. ഫ്രഞ്ച് ക്ലബിനു വേണ്ടിയുള്ള കളികളിൽ തിളങ്ങിയെങ്കിലും ഇടയ്ക്കുണ്ടായ പരുക്കുകളും ടീമിൽ ഫ്രഞ്ച് താരം കിലിയൻ എംബപെയ്ക്ക് വർധിച്ചു വരുന്ന താരപദവിയും നെയ്മറെ മറിച്ചു ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബാർസയുടെ ചിരവൈരികളായ റയൽ മഡ്രിഡ് നേരത്തെ തന്നെ നെയ്മറെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നെങ്കിലും ഇപ്പോൾ നെയ്മറും ബാർസിലോന മാനേജ്മെന്റുമായി നിരന്തര സമ്പർക്കത്തിലാണെന്നാണ് വാർത്തകൾ.

ബാർസയിൽ ലയണൽ മെസ്സി, ലൂയി സ്വാരെസ് എന്നിവർക്കൊപ്പം മുന്നേറ്റനിരയിൽ മിന്നിക്കളിക്കുമ്പോഴാണ് നെയ്മർ ബാർസ വിട്ടത്. ഫ്രഞ്ച് ലീഗിൽ എതിരാളികളില്ലാതെ മുന്നേറുന്ന പിഎസ്ജി യുവേഫ ചാംപ്യൻസ് കിരീടം ലക്ഷ്യം വച്ചാണ് നെയ്മറെ ടീമിലെത്തിച്ചത്. എന്നാൽ, നെയ്മറുടെ ആദ്യ സീസണിൽ ഫ്രാൻസിലെ മൂന്നു പ്രധാന കിരീടങ്ങളും നേടിയെങ്കിലും ചാംപ്യൻസ് ലീഗിൽ പിഎസ്ജി റയൽ മഡ്രിഡിനോട് തോറ്റു. ലോകകപ്പിൽ ബ്രസീലിനു വേണ്ടി കളിച്ചപ്പോൾ മൈതാനത്ത് താരത്തിന്റെ അമിതാഭിനയവും വലിയ വാർത്തയായിരുന്നു. എന്നാൽ ഇടയ്ക്കു പരുക്കുകൾ അലട്ടിയെങ്കിലും പിഎസ്ജിക്കു വേണ്ടി വ്യക്തിപരമായി മികച്ച പ്രകടനമാണ് നെയ്മർ കാഴ്ച്ച വച്ചത്. സീസണിൽ പാരിസ് ക്ലബിനു വേണ്ടി 11 ഗോൾ നേടിയ നെയ്മർ ഫ്രഞ്ച് ലീഗ് ടോപ് സ്കോറർമാരിൽ ആദ്യ അഞ്ചിലുണ്ട്. 13 ഗോളുകളുമായി എംബപെയാണ് ഒന്നാമത്. 5 അസിസ്റ്റുകളും നെയ്മറുടെ പേരിലുണ്ട്.

വന്നാൽ സന്തോഷം: മെസ്സി

messi മെസ്സി

നെയ്മർ ബാർസിലോനയിലേക്കു തിരിച്ചു വരികയാണെങ്കിൽ തനിക്കു സന്തോഷമാണെന്ന് ക്യാപ്റ്റൻ ലയണൽ മെസ്സി. സ്പാനിഷ് സ്പോർട്സ് ദിനപത്രമായ മാർകയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മെസ്സി മനസ്സു തുറന്നത്. എന്നാൽ പിഎസ്ജി നെയ്മറെ വിടാൻ തയ്യാറാകില്ല എന്നതിനാൽ നെയ്മറുടെ തിരിച്ചുവരവ് സങ്കീർണമായിരിക്കുമെന്നും മെസ്സി പറഞ്ഞു. ‘‘ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. എത്രയോ അവിസ്മരണീയ നിമിഷങ്ങളിൽ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. മൈതാനത്ത് ഒരു കളിക്കാരനെന്ന നിലയിലും ലോക്കർ റൂമിൽ ഒരു കൂട്ടുകാരനെന്ന നിലയിലും നെയ്മറുടെ തിരിച്ചുവരവ് ഞാൻ ഇഷ്ടപ്പെടുന്നു..’’– മെസ്സി പറഞ്ഞു.

വരാൻ പ്രാർഥിക്കുന്നു: ആർതർ

arthur ആർതർ

ബ്രസീലിയൻ ടീമിൽ നെയ്മറുടെ സഹതാരമായ ആർതർ ഒരുപടി കൂടി കടന്ന് നെയ്മർക്ക് പിന്തുണയുമായെത്തി. നെയ്മർ ബാർസയിലേക്കെന്ന അഭ്യൂഹങ്ങൾ സത്യമാകാൻ താൻ പ്രാർഥിക്കുന്നുണ്ടെന്നായിരുന്നു ആർതറുടെ വാക്കുകൾ. ഇതിനു വേണ്ടി താൻ ശ്രമിക്കുന്നുണ്ടെന്നും ആർതർ പറഞ്ഞു. ‘‘നെയ്മർ മികച്ച കളിക്കാരനാണ്. മികച്ച കളിക്കാർ വന്നാൽ ടീമും മികച്ചതാകും..’’– ആർതർ പറഞ്ഞു. ഈ സീസണിൽ ബ്രസീലിയൻ ക്ലബ് ഗ്രെമിയോയിൽ നിന്ന് ബാർസയിലെത്തിയ ആർതർ മധ്യനിരയിൽ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. 

വരുന്നതു നല്ലതല്ല: വാൻഗാൾ

van-gaal ലൂയി വാൻഗാൾ

 എന്നാൽ നെയ്മറുടെ തിരിച്ചുവരവ് ബാർസയ്ക്കു ഗുണം ചെയ്യില്ലെന്ന് ക്ലബിന്റെ മുൻ പരിശീലകൻ ലൂയി വാൻഗാൾ മുന്നറിയിപ്പു നൽകി. ‘‘നെയ്മർ ഇപ്പോഴും വളർന്നു കൊണ്ടിരിക്കുന്ന ഒരു താരമാണ്. അദ്ദേഹം ഇനിയും കാര്യങ്ങൾ പഠിക്കാനുണ്ട്. ആദ്യം ഒരു ടീം പ്ലെയർ ആകാനാണ് പഠിക്കേണ്ടത്..’’– വാൻഗാൾ പറഞ്ഞു. ബാർസിലോനയെപ്പോലൊരു ടീമിന് തീർത്തും വ്യക്തിഗതമായി കളിക്കുന്ന താരങ്ങൾ‍ ഗുണം ചെയ്യില്ലെന്ന് വാൻഗാൾ കൂട്ടിച്ചേർത്തു. 1997–2000 കാലയളവിൽ ബാർസയെ പരിശീലിപ്പിച്ച വാൻഗാളിനു കീഴിൽ ക്ലബ് രണ്ട് ലാലിഗ കിരീടങ്ങൾ ചൂടിയിരുന്നു. ബാർസയിൽ മുൻ ബ്രസീലിയൻ താരം റിവാൾഡോയുമായും വാൻഗാൾ അത്ര രസത്തിലായിരുന്നില്ല.