ഏഴു മിനിറ്റിൽ നെയ്മർ മൽസരത്തിന്റെ വിധി മാറ്റിയെഴുതി; ഇതു ചരിത്രം വഴിമാറിയ തിരിച്ചുവരവ് – വിഡിയോ

‘ബാറ്ററി എബൗട്ട് ടു ഡൈ’(ബാറ്ററി മരണത്തിന്റെ വക്കിലെത്തി)..! ബാർസിലോനയുടെ ആകാശത്ത് അപായകരമായ ചുവന്ന അക്ഷരത്തിൽ അതു തെളിഞ്ഞു. നൂകാംപിലെ പതിനായിരക്കണക്കിന് ആരാധകർ അതു കണ്ടു. ലോകമെങ്ങും കളി കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികൾ അതു വിശ്വസിച്ചു.

എന്തിന്! മെസ്സി, സ്വാരെസ്, ഇനിയേസ്റ്റ തുടങ്ങി ബാർസയുടെ പത്തു കളിക്കാരും അതുൾക്കൊണ്ടു. ഒരാൾ മാത്രം, ഒരു ബ്രസീലുകാരൻ അതു കണ്ടില്ല, വിശ്വസിച്ചില്ല. ചാർജിന്റെ അവസാന തുള്ളിയും ചോരും മുൻപ് നെയ്മർ ലോകത്തിന് ഒരു എസ്എംഎസ് അയച്ചു– ‘അസാധ്യമായത് ഒന്നുമില്ല’.

‘‘ഒരു ശതമാനം സാധ്യത ഉള്ള കാലത്തോളം, തൊണ്ണൂറ്റൊൻപതു ശതമാനം വിശ്വാസം ഞങ്ങൾക്കുണ്ട്’’– പിഎസ്ജിക്കെതിരായ ചാംപ്യൻസ് ലീഗ് രണ്ടാം പാദത്തിനു തൊട്ടു മുൻപ് നെയ്മർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വാക്കുകൾ. തീർന്നില്ല. മൽസരത്തിൽ താൻ രണ്ടു ഗോളടിക്കുമെന്ന് ടീമംഗങ്ങളോടു പന്തയം വച്ചു.

മൂന്നു മാസങ്ങളായി ലാ ലിഗയിൽ ഒരു ഗോൾ പോലും നേടാത്ത കളിക്കാരന്റെ വാക്കുകളായിരുന്നു അത്. പക്ഷേ, പന്തിന്റെ ഗതി മാറാൻ ഒരു മൽസരം, എന്തിന് ഒരു നിമിഷം മതി എന്നു നെയ്മർ വിശ്വസിച്ചു. കളി 3–1ൽ നിൽക്കെ 88–ാം മിനിറ്റിൽ ആ നിമിഷം വന്നു. ഗോൾപോസ്റ്റിനു 30 വാര അകലെ നിന്നു കിട്ടിയ ഫ്രീകിക്ക് എടുക്കാനെത്തിയത് നെയ്മർ.

പ്രതിരോധനിരയ്ക്കു മുകളിലൂടെ പന്ത് പിഎസ്ജി ഗോൾകീപ്പർ കെവിൻ ട്രാപ്പിന്റെ കൈക്കെണിയിൽ കുരുങ്ങാതെ വലയുടെ ഇടതുമൂലയിൽ ചെന്നു വീണപ്പോൾ സ്കോർ 4–1. ‍‍ഡഗ്ഔട്ടിലിരുന്ന ബാർസ കോച്ച് ലൂയി എൻറിക്വെയുടെ മുഖത്ത് നിസ്സംഗതയായിരുന്നു. പന്ത് എടുത്ത് കളി തുടരാൻ വേണ്ടി ഓടിയ നെയ്മർ അപ്പോഴും വിശ്വസിച്ചു– കളി തീർന്നിട്ടില്ല!

ഭാഗ്യം ധീരൻമാരെ തുണയ്ക്കും എന്നു പറഞ്ഞ പോലെ അഭിനയമെന്നു തോന്നിച്ച സ്വാരെസിന്റെ വീഴ്ചയ്ക്കു റഫറി പെനൽറ്റി സ്പോട്ടിലേക്കു വിരൽ ചൂണ്ടി. ഒളിംപിക് സ്വർണത്തിലേക്കു ബ്രസീലിനെ നയിച്ച നെയ്മറിന്റെ ബൂട്ടിൽ നിന്നു പന്തു പോസ്റ്റിന്റെ വലത്തേക്കു പോയി. കെവിൻ ട്രാപ്പ് ഇടത്തോട്ടു ചാടി: സ്കോർ 5–1. കവാനിയുടെ എവേ ഗോളിനു ശേഷവും ബാർസയ്ക്ക് ഒരു സാധ്യത നിലനിൽക്കുന്നല്ലോ എന്ന് കുറച്ചു പേരെങ്കിലും ചിന്തിച്ചു തുടങ്ങിയ നിമിഷം.

ചരിത്രത്തിലേക്കുള്ള അവസാന പടി കയറാൻ നെയ്മറിന് ഒരു കൂട്ടു വേണമായിരുന്നു. 95–ാം മിനിറ്റിൽ നെയ്മറിന്റെ കിക്ക് കാലെത്തിപ്പിടിച്ച് ഗോൾകീപ്പറുടെ തലയ്ക്കു മുകളിലൂടെ തട്ടിയിട്ട സെർജി റോബർട്ടോ ഓർമിപ്പിച്ചത് ലോകകപ്പ് ഫൈനലിൽ അർജന്റീനയ്ക്കെതിരെ ഗോൾ നേടിയ ജർമൻ താരം മരിയോ ഗോട്സെയെയാണ്. ഇതു പോലൊരു ഗോളായിരുന്നില്ലേ അതും!

1966 ലോകകപ്പിൽ വടക്കൻ കൊറിയയ്ക്കെതിരെ മൂന്നു ഗോളിനു പിന്നിലായ ശേഷം അഞ്ചു ഗോളുകൾ തിരിച്ചടിച്ചു ജയിച്ച യുസേബിയോയുടെ പോർച്ചുഗൽ, 2005 ചാംപ്യൻസ് ലീഗ് ഫൈനലിൽ എസി മിലാനെതിരെ ആദ്യ പകുതിയിൽ മൂന്നു ഗോൾ വഴങ്ങിയ ശേഷം ക്യാപ്റ്റൻ സ്റ്റീവൻ ജെറാർദിന്റെ വീര്യത്തിൽ പൊരുതിക്കയറി ജയിച്ച ലിവർപൂൾ– ഫുട്ബോൾ ചരിത്രത്തിൽ തിരിച്ചുവരവുകൾ ഒട്ടേറെയുണ്ട്.

പക്ഷേ, തൊണ്ണൂറു മിനിറ്റ് മൽസരത്തിന്റെ വിധി ഏഴു മിനിറ്റിൽ മാറ്റിമറിച്ച നെയ്മറിന്റെ പ്രകടനത്തിനു തുല്യമായതൊന്ന് ഫുട്ബോൾ ചരിത്രത്തിലില്ല.